Connect with us

Video Stories

വിജ്ഞാനവും വിനയവും സമന്വയിച്ച പണ്ഡിതന്‍

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

കേരളത്തിന്റെ സൗഭാഗ്യമായി ശേഷിക്കുന്ന പണ്ഡിത പാരമ്പര്യത്തിലെ അവസാന കണ്ണികളിലൊന്നാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ ഉസ്താദ് പി. കുഞ്ഞാണി മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജാമിഅ നൂരിയ സെക്രട്ടറി, കരുവാരകുണ്ട് ദാറുന്നജാത്ത്, മേലാറ്റൂര്‍ ദാറുല്‍ഹികം സ്ഥാപനങ്ങളുടെ സാരഥി, വിവിധ മഹല്ലുകളില്‍ ഖാളി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഉസ്താദിന്റെ വിയോഗം.
അറിവിന്റെ ഗരിമയും ഗാംഭീര്യവും പ്രകടമാകുന്ന ശരീരഭാഷയും കണിശമായ ജീവിത ചിട്ടകളും സൂക്ഷിക്കുമ്പോഴും വിനയം തുളുമ്പുന്ന സംസാരവും കുലീനമായ പെരുമാറ്റവും കൊണ്ട് ശ്രദ്ധേയനായിരുന്നു കുഞ്ഞാണി മുസ്‌ലിയാര്‍. തികഞ്ഞ പാണ്ഡിത്യം, ജീവിതത്തിലും ഇടപാടുകളിലും പുലര്‍ത്തിയ സൂക്ഷ്മത, ഉയര്‍ന്ന സാമ്പത്തിക സൗകര്യങ്ങള്‍ക്കിടയിലും പാലിച്ചു പോന്ന ജീവിത ലാളിത്യം, അവസാനം വരെ തുടര്‍ന്ന ജ്ഞാന സപര്യ ഇങ്ങനെ സമകാലികരില്‍ അദ്ദേഹത്തിന്റെ തലയെടുപ്പിനു കാരണമായ സവിശേഷതകള്‍ ഒട്ടേറെയുണ്ട്.
പൊന്നാനിയില്‍ നിന്നാണ് പഴയ കാലത്ത് വിവിധ ദേശങ്ങളിലേക്ക് നേതൃ സൗഭാഗ്യം കടന്നു വന്നതും അറിവിന്റെ പ്രസരണം നടന്നതും. അങ്ങനെയെത്തിയ മഖ്ദൂം കുടുംബ സുകൃതങ്ങളാണ് ഓടക്കല്‍, മുസ്‌ലിയാരകത്ത് തുടങ്ങിയവ. ആ ഗണത്തില്‍ വരുന്ന പൊറ്റയില്‍ തറവാട്ടിലാണ് 1940 ഡിസംബര്‍ 29 ന് കുഞ്ഞാണി മുസ്‌ലിയാരുടെ ജനനം. മേലാറ്റൂര്‍ പുത്തംകുളം പൊറ്റയില്‍ ഉണ്ണിമോയിന്‍ മുസ്‌ലിയാര്‍ കാപ്പ് കുളപ്പറമ്പ് പുതുകൊള്ളി ഉമ്മാച്ചുട്ടി എന്നിവരാണ് മാതാപിതാക്കള്‍. വിവിധ പ്രദേശങ്ങളില്‍ ഖാളിമാരായി സേവനം ചെയ്ത ധാരളം പണ്ഡിത പ്രതിഭകളുണ്ട് പിതൃപരമ്പരയില്‍. നാട്ടുകാര്‍ ഈ കുടുംബത്തെ പ്രത്യേക സ്‌നേഹാദരവുകളോടെയാണ് എന്നും നോക്കിക്കണ്ടത്. കുടുംബത്തിന്റെ നേരും നന്മകളും തലമുറകളിലേക്ക് കാത്തുവെക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. കൃഷിയും ഭദ്രമായ സാമ്പത്തിക നിലയും ഉണ്ടായിട്ടും അക്കാലത്തെ പതിവിനു വിപരീതമായി ഓത്തുപള്ളിക്കാലം കഴിഞ്ഞ് എട്ടാം വയസ്സില്‍ ദര്‍സ് ജീവിതം ആരംഭിച്ചു. 1965ല്‍ ബാഖിയാത്തില്‍നിന്ന് ബിരുദമെടുത്തു വരുന്നതുവരെയാണ് ഔദ്യോഗിക വിദ്യാഭ്യാസ കാലം. പുലാമന്തോള്‍ മയമുണ്ണി മുസ്‌ലിയാര്‍, വള്ളിക്കാപറ്റ കോയണ്ണി മുസ്‌ലിയാര്‍, അരിപ്ര സി.കെ മൊയ്തീന്‍ ഹാജി, ഒ.കെ സൈനുദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് ദര്‍സുകാലത്തെ ഗുരുനാഥന്‍മാര്‍.
ശൈഖ് ഹസന്‍ ഹസ്രത്ത്, തമിഴ്‌നാട് സ്വദേശി ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാര്‍. പണ്ഡിത പ്രമുഖനും സൂഫീവര്യനുമായ അരിപ്ര മൊയ്തീന്‍ ഹാജിയാണ് കുഞ്ഞാണി മുസ്‌ലിയാരെ ഏറെ സ്വാധീനിച്ച ഗുരുവും മാര്‍ഗദര്‍ശിയും.
1965 മുതല്‍ ജീവിതാന്ത്യം വരെ കുഞ്ഞാണി മുസ്‌ലിയാര്‍ മാതൃകായോഗ്യനായ മുദരിസായിരുന്നു. ഉസ്താദുമാരില്‍നിന്നു നുകര്‍ന്ന സൂക്ഷ്മജ്ഞാനങ്ങള്‍ ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എന്നും ആവേശമായിരുന്നു. സാധാരണ മുദരിസുമാര്‍ അധ്യാപനം നടത്താന്‍ പ്രയാസപ്പെടുന്ന വിവിധ ബൗദ്ധിക വിഷയങ്ങള്‍ (മഅഖൂലാത്ത്) പ്രത്യേകമായ അവഗാഹത്തോടെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ കെട്ടഴിക്കാനുള്ള അദ്ദേഹത്തിന്റെ വിശേഷ നൈപുണി പ്രസിദ്ധമാണ്.
കേരള ഉലമാക്കളില്‍ അപൂര്‍വം പേര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ‘വീട്ടു ദര്‍സ്’ സമ്പ്രദായം ദീര്‍ഘകാലം നടപ്പാക്കിയ മഹാപണ്ഡിതനായിരുന്നു അദ്ദേഹം. പ്രത്യേക വിജ്ഞാന ശാഖകളിലെ തഹ്ഖീഖ് തേടി വരുന്ന പണ്ഡിതരായിരുന്നു ഈ ദര്‍സിലെ വിദ്യാര്‍ത്ഥികള്‍. ആവശ്യമുള്ള പാഠ ഭാഗങ്ങള്‍ ഓതിത്തീരുംവരെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. വീടിനോട് ചേര്‍ന്നുള്ള ആ ദര്‍സ് ഗാഹ് ഇപ്പോള്‍ അനാഥമായിരിക്കുകയാണ്. വരാന്തയിലിട്ട ആ ചാരുകസേര ഇനി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 1965 ല്‍ മുടിക്കോട്, തുടര്‍ന്ന് വഫാത്തുവരെ ഖാളി സ്ഥാനം വഹിച്ച പുത്തനഴി എന്നിവിടങ്ങളില്‍ മാത്രമാണ് പുറമെ ദര്‍സ് നടത്തിയത്. ഒരു നിയോഗം പോലെ കഴിഞ്ഞ എട്ടുവര്‍ഷം ഉമ്മുല്‍ മദാരിസായ ജാമിഅ നൂരിയയില്‍ മുദരിസായി സേവനം ചെയ്യാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പ്രത്യേക പ്രതിഫലമൊന്നുമില്ലാതെയായിരുന്നു ജാമിഅയിലെ സേവനം. മമ്മദ് ഫൈസിയുടെ വിയോഗത്തിനു ശേഷം ജാമിഅയുടെ സെക്രട്ടറി സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി.
മുസ്‌ലിം സമുദായത്തിന്റെ പൊതുവായ നന്മകളില്‍ എന്നും അണിയറയില്‍ ഇരുന്ന് സന്തോഷിക്കുകയും പിന്തുണക്കുകയും ചെയ്ത ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. മര്‍ഹൂം കെ.ടി മാനു മുസ്‌ലിയാര്‍, നാട്ടിക വി. മൂസ മൗലവി എന്നിവരോടൊത്തുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം വിപുലമാക്കി. സൗമ്യമായ പെരുമാറ്റത്തിലൂടെ എതിരാളികളുടെ കൂടി ആദവ് ആര്‍ജിക്കാന്‍ അദ്ദേഹത്തിനായി. മക്കളെല്ലാം മതരംഗത്തും പൊതുരംഗത്തും സേവനനിരതരാവാന്‍ വേണ്ട സ്വാതന്ത്ര്യവും പിന്തുണയും അദ്ദേഹം അനുവദിച്ചിരുന്നു. ജീവിതത്തില്‍ ആര്‍ജിച്ചെടുത്ത അറിവും അനുഭവങ്ങളും സമ്പത്തുമെല്ലാം സമുദായ സേവനത്തിന് സമര്‍പ്പിച്ച മാതൃകാ യോഗ്യനായ നേതാവായിരുന്നു. സമസ്തയുടെയും ഇസ്‌ലാമിക കര്‍മരംഗത്തെയും കരുത്തുറ്റ നേതൃത്വവും മത, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന സമ്പൂര്‍ണ വ്യക്തിത്വവുമായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ ആര്‍ജവത്തോടെ അഭിമുഖീകരിച്ച കുഞ്ഞാണി മുസ്‌ലിയാരുടെ ജീവിതം തലമുറകള്‍ക്ക് മാതൃകയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending