Connect with us

Video Stories

മരുന്നില്ലാതെ മരിക്കുന്ന കേരളം

Published

on

കാലവര്‍ഷക്കെടുതിയുടെ കൊടും വിപത്തുകള്‍ക്കിടയില്‍ മാരകമായ പകര്‍ച്ചവ്യാധികളുടെ പിടിയിലമര്‍ന്നു പിടഞ്ഞുവീണു മരിക്കുകയാണ് കേരളം. ദിവസവും മൂന്നോ നാലോ പനി മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രണ്ടു മാസത്തിനിടെ പകര്‍ച്ചവ്യാധികള്‍ കാരണം മരണമടഞ്ഞവരുടെ എണ്ണം നൂറു കവിഞ്ഞിരിക്കുകയാണ്. പ്രളയത്തിനുശേഷം എലിപ്പനി മരണം അമ്പതിലെത്തിയപ്പോഴായിരുന്നു സര്‍ക്കാര്‍ കണ്ണുതുറന്നത്. അന്നു ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി എന്നതല്ലാതെ മറ്റു പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നു. അതുകൊണ്ടാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നത്. എലിപ്പനിയാണ് നിലവില്‍ പ്രധാന വില്ലനെങ്കിലും എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിവയും മരണപ്പേടി വിതയ്ക്കുന്നുണ്ട്. ഒറ്റയിട്ട മരണങ്ങളായതുകൊണ്ട് ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. കഴിഞ്ഞ എട്ടു മാസത്തിനിടെ 117 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. പ്രളയാനന്തര ശുചീകരണ ഘട്ടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പകര്‍ച്ച വ്യാധി പടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മരുന്നുകളുടെ ക്ഷാമവും മരണനിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.
പ്രതിരോധ മരുന്നുകള്‍ക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നുവെന്ന് ബോധ്യപ്പെട്ടിട്ടും നിഷ്‌ക്രിയത്വം തുടരുന്ന ആരോഗ്യമന്ത്രിയുടെ നിലപാടാണ് സ്ഥിതി വഷളാക്കിയത്. പകര്‍ച്ചവ്യാധികള്‍ കാരണം മരണം പെരുകുന്നത് പൊതുജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. എലിപ്പനിയും ഡിഫ്തീരിയയും ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍വണ്‍ വൈറസും സാധ്യതയുള്ള നൂറുകണക്കിന് രോഗികളാണ് സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ആസ്പത്രികളിലെ രോഗികള്‍ മാത്രമാണ് സര്‍ക്കാറിന്റെ കണക്കുകളില്‍ ഉള്‍പ്പെടുന്നത്. നിരവധി പേര്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ആസ്പത്രികളില്‍ വിദഗ്ധ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നുണ്ട്. എന്നാല്‍ സാധാരണ ജനങ്ങള്‍ പൊതുവെ ആശ്രയിക്കുന്ന പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആസ്പത്രികളില്‍ അവശ്യമരുന്നില്ലാതെ ഡോക്ടര്‍മാര്‍ കൈമലര്‍ത്തുകയാണ്. സ്വകാര്യ ആസ്പത്രികളിലെ ചികിത്സാഭാരവും മരുന്നു ചെലവും താങ്ങാന്‍ കഴിയാതെ പാവപ്പെട്ട രോഗികള്‍ നിസ്സഹായരായി വീര്‍പ്പുമുട്ടുകയും ചെയ്യുന്നു. മെഡിക്കല്‍ കോളജുകളില്‍പോലും മരുന്ന് ലഭിക്കാതെ നൂറു കണക്കിന് രോഗികളാണ് മരണത്തോട് മല്ലടിക്കുന്നത്. ഇതില്‍ ഏറെയും പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നുകളില്ലാതെ ബലിയാടായവരാണ്. പെട്ടെന്ന് രോഗങ്ങള്‍ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സയും അനുയോജ്യ മരുന്നും നല്‍കാന്‍ സംവിധാനമില്ലെങ്കില്‍ ആരോഗ്യ മേഖലയില്‍ നാം എന്തു നേട്ടം കൈവരിച്ചതിന്റെ പേരിലാണീ അഹങ്കാരം നടിക്കുന്നത്? രോഗം കണ്ടെത്തി ദിവസങ്ങള്‍ക്കകമാണ് ഓരോ ജീവനുകള്‍ കണ്‍മുന്നില്‍ നിന്നു പൊലിഞ്ഞുവീഴുന്നത്. ഈ പരമ ദയനീയത എത്രകാലം ‘ആരോഗ്യ കേരളം’ സഹിക്കണം? എന്നാണ് ഈ ദുര്‍ഗതിയില്‍ നിന്ന് മോചനം നേടുംവിധം സംസ്ഥാനത്തെ ആരോഗ്യ മേഖല സ്വയം പര്യാപ്തത കൈവരിക്കുന്നത് ? ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കാതെ വ്യക്തമായ ഉത്തരം നല്‍കാന്‍ ദീര്‍ഘവീക്ഷണമുള്ള ഭരണകൂടത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന കാര്യം ഓര്‍മപ്പെടുത്തട്ടെ.
പ്രളയത്തിന് ശേഷം പ്രതിരോധ മരുന്ന് ഉപയോഗിക്കാത്തവരെയാണ് പകര്‍ച്ചവ്യാധികള്‍ കൂടുതലായി ബാധിച്ചിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ പക്ഷം. പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാതെ അലംഭാവം തുടരുന്ന സര്‍ക്കാര്‍ പ്രശ്‌നമത്രയും പൊതുജനങ്ങളുടെ പിരടിയിലിട്ടു ഒഴിഞ്ഞുമാറുകയാണ്. മാരക രോഗങ്ങള്‍ മനുഷ്യജീവന്‍ കവര്‍ന്നെടുക്കുന്നത് ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്. മഴ പെയ്തു തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനവും തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും മലയോര മേഖലയിലും തീരദേശത്തും വ്യത്യസ്ത തരത്തിലുള്ള പകര്‍ച്ചവ്യാധികളാണ് പടര്‍ന്നുപിടിക്കുന്നത്. തുടക്കത്തില്‍ തന്നെ പ്രതിരോധിച്ചില്ലെങ്കില്‍ മാരകമായി ഭവിക്കുന്ന ഇത്തരം രോഗങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കാതിരുന്നതാണ് മരണ നിരക്ക് വര്‍ധിക്കാനിടയായത്.
നിപ വൈറസ് വിതച്ച ഭീതിയില്‍നിന്നു സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നു വേണം കരുതാന്‍. പകര്‍ച്ചവ്യാധി മരണങ്ങള്‍ പ്രമാദമാകുമ്പോള്‍ വാചകക്കസര്‍ത്ത് നടത്തി മുഖംമിനുക്കുകയാണ് സര്‍ക്കാറിന്റെ പതിവു രീതി. ഫലപ്രദമായ ഇടപെടലിലൂടെ പകര്‍ച്ചവ്യാധിയില്‍നിന്ന് പൊതുജനങ്ങള്‍ക്ക് പ്രതിരോധ മാര്‍ഗമൊരുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. മുന്‍കാലത്തെ പ്രളയങ്ങള്‍ക്കു ശേഷവും ഇത്തരം പകര്‍ച്ചവ്യാധികള്‍ തലപൊക്കിയതാണ്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് എലിപ്പനിയും ഡങ്കിപ്പനിയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാനൂറിലധികം പേര്‍ക്കാണ് ഡങ്കിപ്പനിമൂലം ജീവന്‍ നഷ്ടമായത്. എച്ച്‌വണ്‍ എന്‍ വണ്‍ പനിയും നിരവധി പേരുടെ ജീവനെടുത്തു. അതിനാല്‍ ഈ രോഗാണു സാന്നിധ്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. പ്രളയശേഷം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകിന്റെ ലാര്‍വകള്‍ വിരിഞ്ഞതോടെ ഡെങ്കിപ്പനിയും പടരുന്നുണ്ട്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രതിരോധ വാക്‌സിനുകള്‍ തീര്‍ന്ന കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ അറിയാതെ പോയത് ഗുരുതര വീഴ്ചയാണ്. പാവം ജനങ്ങളുടെ ജീവന്‍ കൊണ്ടാണ് ഈ മരണക്കളി തുടരുന്നത്. പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിള്‍ പല വാക്‌സിനുകളും ലഭ്യമല്ല. ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, വില്ലന്‍ചുമ, ബി.സി.ജി, മഞ്ഞപ്പിത്തം, മെനഞ്ചൈറ്റിസ്, അഞ്ചാംപനി തുടങ്ങിയ പ്രതിരോധ വാക്‌സിനുകള്‍ ആവശ്യത്തിനു നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാറും മാപ്പര്‍ഹിക്കാത്ത വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. പ്രതിരോധ വാക്‌സിനുകള്‍ക്കുവേണ്ടി ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആസ്പത്രികളെയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് അനുഭവപ്പെടുന്ന സര്‍ക്കാര്‍ ആസ്പത്രികളില്‍ മരുന്നുകള്‍കൂടി കിട്ടാക്കനിയായതോടെ പൊതുജനം മരണക്കയത്തിലേക്ക് എടുത്തെറിയപ്പെട്ടു. മരുന്നുകളുടെ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. അടിസ്ഥാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണ് സംസ്ഥാനത്തെ പകര്‍ച്ചപ്പനിമരണ നിരക്ക് ഗണ്യമായി വര്‍ധിക്കാനിടയാക്കിയത് എന്ന തിരിച്ചറിവ് സര്‍ക്കാറിനു വേണം. ആസ്പത്രി വരാന്തകളില്‍ മനുഷ്യ ജീവനുകള്‍ പിടിഞ്ഞുവീഴാതെ കാത്തുസംരക്ഷിക്കുകയാണ് ഭരണകൂടത്തിന്റെ കടമ. അത് നിര്‍വഹിക്കാനാവില്ലെങ്കില്‍ രാജിവെച്ചു പുറത്തുപോവുകയാണ് വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending