Connect with us

Video Stories

അഹം ബോധത്തില്‍ അഭിരമിക്കുന്ന മോദി

Published

on

എ.വി ഫിര്‍ദൗസ്

എന്‍.ഡി.എ ഘടക കക്ഷിയായിരുന്ന തെലുഗുദേശം പാര്‍ട്ടിയുടെ നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡു നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടിരുന്ന കാലത്തെ ചില അനുഭവങ്ങള്‍ സമീപകാലത്ത് തുറന്നുപറയുകയുണ്ടായി. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബരാക് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രസിഡണ്ടിനെ ‘മിസ്റ്റര്‍ ഒബാമ’ എന്നും ‘മിസ്റ്റര്‍ പ്രസിഡണ്ട്’ എന്നും വിളിക്കാനുള്ള ജനാധിപത്യപരമായ തുല്യതയും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പുതിയ പ്രധാനമന്ത്രിയായും ഉദാത്ത ജനാധിപത്യവാദിയെന്ന് സ്വയം പെരുമ്പറയടിക്കുന്ന വ്യക്തിയുമായ നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചകളില്‍, ഒരു കൂടിക്കാഴ്ചയില്‍ തന്നെ, പത്തിലധികം തവണ ‘സാര്‍’ എന്നു വിളിക്കേണ്ടിവന്നിരുന്നു എന്നാണ് ചന്ദ്രബാബുനായിഡുവിന്റെ അനുഭവം. മോദിയെക്കുറിച്ച് അച്ചടി മാധ്യമങ്ങളും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന വിവരണങ്ങളിലെ പൊരുത്തക്കേടുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ ജനത തിരിച്ചറിയുന്നുണ്ട്. അതേപോലെയൊരു വൈരുധ്യമാണ് മോദിയുമായി നിരന്തരം സഹകരിക്കുന്നവരും അദ്ദേഹത്തെ ഒരു പരിധിക്കകത്തുനിന്ന് ബന്ധപ്പെടുന്നവരും നല്‍കുന്ന അനുഭവ വിവരങ്ങളിലുമുള്ളത്. സഹമന്ത്രിമാരും വകുപ്പ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും അടക്കം മോദിയുമായി ബന്ധപ്പെടുന്നവര്‍ ആരും തന്നെ അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റങ്ങളില്‍ പൂര്‍ണമായി സംതൃപ്തരല്ല. സ്വയം ഗൗരവം എടുത്തണിയുകയും ഔന്നത്യത്തിന്റെയും മനത്വത്തിന്റെയും ഹിമാലയ മുകളിലാണ് താനെന്ന് കരുതുകയും ചെയ്യുന്ന വ്യക്തിത്വവശം മോദിക്കുണ്ട് എന്ന തിരിച്ചറിവിനെ ഓര്‍മ്മയില്‍ സദാ ജാഗ്രമാക്കി നിര്‍ത്തിയാണ് സത്യത്തില്‍ മോദിയുമായി ഇവരെല്ലാം സംസാരിക്കുകയും ഇടപഴകുകയും ചെയ്തുവരുന്നത്. അത്തരമൊരു ജാഗ്രതയും ഓര്‍മ്മയും നഷ്ടമാവുകയാണെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്ന് ഇവരെല്ലാം ഓര്‍ത്തുവെക്കുന്നു. ‘മെഗലോ മാനിയ’ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ‘വൈയക്തിക സ്വയംബോധത്തിന്റെ’ വലിയ പ്രകടനം തന്നെ മോദിയുടെ ആത്മപ്രകാശനങ്ങളില്‍ കാണാം. ജനാധിപത്യപരമായി ഉദാരീകരിക്കപ്പെട്ട വ്യക്തിത്വ ഗുണങ്ങള്‍ ഒട്ടുമില്ലാത്തതിനാല്‍ മന്ത്രിസഭയിലെ അംഗങ്ങളും നിരന്തരം ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എല്ലാവരും മോദിയില്‍നിന്ന് ഭീതിയോടെ പാലിക്കുന്ന ബോധപൂര്‍വകമായ ലക്ഷ്മണരേഖയെ അദ്ദേഹത്തിന്റെ വൈയക്തികമായ പ്രഭാവലയമായി ചിത്രീകരിക്കപ്പെടുകയുണ്ടായി.
മാധ്യമങ്ങള്‍ക്ക്മുന്നില്‍ തുറന്ന പെരുമാറ്റങ്ങളുടെ ആളായി അഭിനയിക്കാറുണ്ട്. പ്രകടനാത്മകമായ ഈ ഭാവമാറ്റം അദ്ദേഹത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ മുമ്പ് ഭരണം നടത്തിയ പ്രധാനമന്ത്രിമാരില്‍ ആരും ജനങ്ങളുമായി അതിരുകളില്ലാതെ അടുത്തിടപഴകുന്നവര്‍ ആയിരുന്നില്ല. തീര്‍ച്ചയായും അവരെല്ലാം അതിരുകള്‍ നിശ്ചയിച്ച് തന്നെയാണ് പെരുമാറിയിരുന്നത്. എന്നാല്‍ ആ അതിരുകള്‍ക്ക് തന്നെയും ജനാധിപത്യപരമായ ഒരന്തസ്സും സാധൂകരണവും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. മോദിയുടെ പെരുമാറ്റങ്ങളാവട്ടെ അത്യധികം വൈയക്തിക പര്‍വതീകരണം അടങ്ങിയവയായിരിക്കുമ്പോള്‍തന്നെ മാധ്യമങ്ങള്‍ക്ക്മുന്നില്‍ കപടമായ ഒരുതരം ‘സിമ്പ്ള്‍സിറ്റി’ എടുത്തണിഞ്ഞുകൊണ്ടുള്ളതുമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ മോദി സ്തുതിപാടകരായ ഒരു വിഭാഗം മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനാത്മക ഭാവപ്രകടനങ്ങള്‍ ഒപ്പിയെടുത്ത് ഇന്ത്യന്‍ സമൂഹത്തിന് മുന്നിലവതരിപ്പിക്കുകയും അതേസമയം പെരുമാറ്റങ്ങളിലെ അഗാധവും നിഗൂഢവുമായ സന്ദേഹാത്മകതകളെ അവഗണിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഒരു വിഭാഗം മാധ്യമങ്ങള്‍ തനിക്കു വിധേയപ്പെട്ടു തനിക്ക് ചെയ്തുതന്ന ഈ ഉപകാരത്തെ ഇന്ത്യന്‍ ജനതക്ക് തന്നോടുള്ള മനോഭാവമായി മുഖവിലക്കെടുക്കുകയാണ് മോദി ചെയ്തിരിക്കുന്നത്. അതായത് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം തനിക്കുണ്ടാക്കി നല്‍കിക്കൊണ്ടിരുന്ന പരിവേഷങ്ങളെ തന്റെ ജനകീയതയുടെ തെളിവുകളായി മോദി ഏറ്റെടുത്തു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ തന്നെക്കുറിച്ച് എത്തരത്തില്‍ വിലയിരുത്തിയാലും ശരി താന്‍ തന്നെക്കുറിച്ച് സ്വയം കരുതുന്ന, അല്ലെങ്കില്‍ സ്വയം ഭാവിക്കുന്ന, ‘ജനകീയന്‍’ എന്ന വ്യാജഭാവം അംഗീകരിക്കാന്‍ ഇന്ത്യന്‍ ജനത ബാധ്യസ്ഥമാണ് എന്നങ്ങ് മോദി കരുതിവെച്ചിരിക്കയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണും കാതും കൊട്ടിയടച്ച് സ്വയംകൃതങ്ങളായ ആത്മഭാവനകളില്‍ അഭിരമിക്കുന്ന ശീലങ്ങളുള്ള അധികാര പ്രമത്തരായ സ്വേഛാധിപതികളുടെ ശീലത്തിന്റെ അനുവര്‍ത്തനം തന്നെയാണിത്. ജനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് തന്നെക്കുറിച്ച് താന്‍തന്നെ സ്വയം സൃഷ്ടിച്ചുവെക്കുന്ന മഹത്വഭാവനകളെ മാത്രമാണെന്ന് ഓരോ സ്വേഛാധിപതിയും കരുതുന്നു. ‘ഇന്ത്യ മൊത്തത്തില്‍ തന്റെ തലയിലാണ്’ എന്നുള്ള ഭാവമാണ് മോദിയുടെ മുഖത്തും കണ്ണുകളിലും സദാ പ്രകടമായിക്കാണുന്നത്. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ, ജനാധിപത്യ ഭരണകൂടമെന്ന് കരുതപ്പെടുന്ന സംവിധാനത്തിന്റെ, ഭാഗമായി വര്‍ത്തിച്ചുവരുന്ന വ്യക്തിക്ക് സത്യത്തില്‍ ഇത്തരത്തില്‍ ‘ഒരധിഗൗരവം’ ആവശ്യമില്ല എന്നതാണ് മോദിയുടെ ഭാവനാവഹങ്ങളെയും പെരുമാറ്റങ്ങളെയും വന്യവും അപരിചിതവുമാക്കിമാറ്റുന്നത്. വ്യക്തിപരമായ പെരുമാറ്റ തലങ്ങളില്‍ ഒട്ടുംതന്നെ ജനാധിപത്യവല്‍കൃതനല്ല മോദി.
അയഞ്ഞതും ഗ്ലഥവുമായ വ്യക്തിത്വം ഒരു ഭരണാധികാരിയെ സംബന്ധിച്ച് ഋണാത്മക സ്വഭാവമെന്ന നിലയില്‍ മാത്രമേ വിലയിരുത്തപ്പെടുകയുള്ളൂ. എന്നാല്‍ ‘സാധ്യമായത്ര സൗമ്യത’ എന്നത് അധികാരത്തിന്റെ ഏത് എവറസ്റ്റുകളില്‍ നില്‍ക്കുന്ന വ്യക്തികളെ സംബന്ധിച്ചും മഹത്വ ഗുണമായിത്തന്നെ മാത്രമേ വിലയിരുത്തപ്പെടുകയുള്ളൂ. മോദിയുടെ വ്യക്തിത്വത്തിന്റെ പ്രശ്‌നവശം ഇത്തരത്തിലൊരു ‘സാധ്യമായത്ര സൗമ്യതക്ക്’ അദ്ദേഹം ഒരുക്കമല്ല എന്നതാണ്. പക്ഷേ മോദിയുടെ മാധ്യമ പ്രചാരകര്‍ ഇത്തരം പരിമിതികള്‍ മോദിയെക്കുറിച്ചുള്ള ചര്‍ച്ചാവിഷയങ്ങളായി മാറാതിരിക്കാനും അങ്ങനെ ചര്‍ച്ചാവിഷയങ്ങളായി മാറിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ബഹുജന മണ്ഡലത്തില്‍ അതുണ്ടാക്കുന്ന അനുരണനങ്ങളുടെ ദോഷസ്പര്‍ശങ്ങള്‍ മോദിയിലേക്കെത്താതിരിക്കാനും വലിയ ശ്രദ്ധയും ജാഗ്രതയും ചെലുത്തിവന്നിട്ടുണ്ട്. മോദിയെക്കുറിച്ച് എന്തെങ്കിലും മഹത്വപരമായ വിശേഷണങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ പ്രചാരത്തിലുണ്ടെങ്കില്‍ അതിന്റെ പൂര്‍ണമായ ഉത്തരവാദികള്‍, അദ്ദേഹത്തിന്റെ മാധ്യമ പ്രചാകര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ മോദിയുടെ ആസൂത്രണവും തയ്യാറെടുപ്പും മികച്ചതായിരുന്നു എന്നംഗീകരിക്കേണ്ടതുണ്ട്. 2014-ല്‍ പ്രധാനമന്ത്രിയാകാന്‍ അരപ്പട്ട മുറുക്കിയിറങ്ങുമ്പോള്‍ തന്നെ അണിയറയില്‍ മോദിയുടെ ചെണ്ടകൊട്ടുകാര്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മോദി പ്രധാനമന്ത്രിയായശേഷമാണ് അവര്‍ അവരുടെ പണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിത്തുടങ്ങിയത്. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് കാലെടുത്തുവെക്കുന്ന നരേന്ദ്രമോദി പാര്‍ലമെന്റിന്റെ പടിക്കെട്ടുകളില്‍ നമസ്‌കരിക്കുന്നതും വണങ്ങുന്നതുമായ ഒരു ചിത്രം ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ത്തന്നെ വലിയൊരു ചര്‍ച്ചയായി മാറ്റിയെടുക്കപ്പെടുകയുണ്ടായി. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ആദ്യമായി കാലെടുത്തുവെച്ച കന്നി പാര്‍ലമെന്റംഗങ്ങളില്‍ പലരും അതിനുമുമ്പും അത്തരത്തില്‍ പാര്‍ലമെന്റിന്റെ പടിക്കെട്ടുകളെ ചുംബിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രസിഡണ്ടായിരിക്കാന്‍ ഭാഗ്യം ലഭിച്ച കേരളീയനായ, കോട്ടയം ഉഴവൂര്‍ സ്വദേശിയായ കെ.ആര്‍ നാരായണന്‍, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച് പാര്‍ലമെന്റിലെത്തിയപ്പോള്‍ അദ്ദേഹവും ഇത്തരത്തില്‍, ഇതിനേക്കാള്‍ ഗൗരവത്തിലും ആത്മാര്‍ത്ഥതയിലും, ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനോടുള്ള സര്‍വാദരവോടെയും ആ പടിക്കെട്ടുകളെ തൊട്ടുവന്ദിച്ചിരുന്നു. അവരൊക്കെ അതു ചെയ്തത് ഒട്ടും പ്രകടനപരതയില്ലാതെ ആത്മാര്‍ത്ഥമായിട്ടായിരുന്നു. മാധ്യമങ്ങളെ ശട്ടംകെട്ടി നിര്‍ത്തി അഭിനയിക്കുകയായിരുന്നില്ല. അതുകൊണ്ടുതന്നെ ആ ചിത്രങ്ങളൊന്നും മാധ്യമങ്ങളില്‍ വരികയുണ്ടായില്ല. എന്നാല്‍ മോദിയുടെ പ്രകടനത്തിന്റെ ചിത്രം മാത്രം വന്‍ പ്രാധാന്യത്തോടെ വരികയുണ്ടായി.
പ്രധാനമന്ത്രി കസേരയിലേക്കുള്ള ചരടുവലികള്‍ ശക്തിപ്പെടുത്തിയ കാലത്തുതന്നെ മോദി പ്രകടനപരമായ നീക്കങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പിക്കുകയും അവ മാധ്യമങ്ങള്‍ വഴിയായി ഇന്ത്യക്കകത്തും പുറത്തും വിതരണം ചെയ്യപ്പെടേണ്ടതിന്റെ അനിവാര്യത ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. അതുകൊണ്ട്തന്നെ തുടക്കം മുതല്‍ ആ നിലക്കുള്ള കരുതിവെപ്പുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. കൃത്രിമമായ വ്യക്തിത്വ നിര്‍മ്മിതിയുടെയും പ്രതിഛായ രൂപീകരണത്തിന്റെയും ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. ‘വ്യത്യസ്തനായ ഒരു പ്രധാനമന്ത്രിയായിരിക്കുക’ എന്നതിന്റെ ഭാഗമായിരുന്നില്ല ഇതൊന്നും. മറിച്ച് തന്നെ വ്യക്തിപരമായി കേന്ദ്രീകരിച്ച് മാത്രമേ ഇന്ത്യയിലെ ഭരണവും സംഘ്പരിവാര രാഷ്ട്രീയവും മേലില്‍ മുന്നോട്ട്‌പോകാവൂ എന്ന വ്യക്തമായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഇത്തരം നീക്കങ്ങള്‍. ഇതിലൊന്നും ഏതെങ്കിലും ആദര്‍ശങ്ങളോ, ആര്‍ഷമൂല്യങ്ങളോ, ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകളോ മോദിക്ക് പ്രേരണയും മാര്‍ഗനിര്‍ദ്ദേശവും ആയിരുന്നിട്ടില്ല. സംഘചട്ടക്കൂടിന്റെ പരിധിവിട്ട് നീങ്ങാത്ത ഒരാദര്‍ശ സംഘ്പ്രചാരകന് ഇത്തരത്തിലൊരു ‘സ്വയം മഹത്വീകരണ പദ്ധതി’ ഉള്‍ക്കൊള്ളാനുമാകില്ല. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം നേടിയെടുക്കാന്‍ സര്‍വ നൈതിക സങ്കല്‍പങ്ങളെയും നിസ്സാരമാക്കുന്ന അടവുകള്‍ സ്വീകരിച്ച നരേന്ദ്രമോദി ഇക്കാര്യത്തിലും തന്റെ സ്വന്തം ആസൂത്രണങ്ങളുടെതന്നെ ദിശയിലാണ് മുന്നോട്ടുനീങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും മോദിയെ വലയം ചെയ്ത് അദ്ദേഹം തന്നെ സജ്ജീകരിച്ചു നിര്‍ത്തിയ ‘വ്യക്തിപ്രഭാവ രൂപീകരണ ദുരൂഹസംഘം’ സജീവമായിരുന്നു. ഗുരുതരമായ പരാജയങ്ങള്‍ നേരിട്ടും, പ്രതിപക്ഷ ചോദ്യങ്ങളെ ഭയപ്പെട്ടും, എടുത്ത തീരുമാനങ്ങളിലെയും സ്വീകരിച്ച നയങ്ങളിലെയും തിരിച്ചടികള്‍ക്കുകീഴില്‍ ഞെരിഞ്ഞമര്‍ന്നും, ദുര്‍ബലനും നിസ്സഹായനുമായി മോദി പിന്‍വാങ്ങിനിന്ന അനേകം നാളുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കടന്നുപോവുകയുണ്ടായി. എന്നാല്‍ ആ നാളുകളുടെ നിഴല്‍ വീഴ്ചകളില്‍ നിന്ന് മോദിയെന്ന ചിത്രത്തെ രക്ഷിച്ചുനിര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രതിഛായാസംരക്ഷണ സംഘത്തിന് സാധിച്ചിട്ടുണ്ട്. റഫാല്‍ അഴിമതിയാരോപണങ്ങള്‍ക്ക് മറുപടി പറയാനാവാതെ മോദി മൗനിയായിപ്പോയ നാളുകളിലും ഇന്ത്യന്‍ മാധ്യമങ്ങളില്‍ മോദിയുടെ ‘ഗൗരവം തിളയ്ക്കുന്ന’ മുഖത്തിന് കുറവുണ്ടായിരുന്നില്ല. നല്ലൊരു ഭാവാഭിനയക്കാരന്‍ കൂടിയായിരിക്കയാല്‍ ഉള്ളില്‍ വലിയ വലിയ ശൈഥില്യങ്ങളും പരാജയങ്ങളും കുത്തിനോവിച്ചുകൊണ്ടിരിക്കുമ്പോഴും മുഖത്തെ ‘തീഷ്ണമായ ആ വ്യാജ ഗൗരവവും’ കണ്ണുകളിലെ കപടമായ ക്രാന്തദര്‍ശിത്വവും പരിചരിച്ചുനിര്‍ത്താന്‍ മോദിക്കു സാധിച്ചുകൊണ്ടിരുന്നു. ഇതിന് അദ്ദേഹത്തിന്റെ മാധ്യമ പ്രചാരകരും പ്രതിഛായാ രൂപീകരണ സംഘവും വലിയ തോതില്‍ത്തന്നെ സഹായിച്ചുകൊണ്ടിരുന്നു. സത്യത്തില്‍ അത്തരമൊരു സംവിധാനം ഇല്ലായിരുന്നെങ്കില്‍ നരേന്ദ്രമോദിയുടെ കാര്യം കഷ്ടത്തിലാകുമായിരുന്നു.
‘ആത്മപ്രകാശന പ്രവണത’ മോദിയുടെ ഓരോ ചലനങ്ങളിലും കാണാം. ‘താന്‍ നിരന്തരം പകര്‍ത്തപ്പെടുന്നു’ എന്ന കാലിക ബോധത്തില്‍ നിന്നുണ്ടായിത്തീരുന്ന, കരുതലിന്റെ ഭാഗമാകാവുന്ന ഒരുതരം ആത്മപ്രകാശനമുണ്ട്. എന്നാല്‍ മോദിയുടേത് അത്തരത്തില്‍ ഒരു സ്വാഭാവികത അവകാശപ്പെടാവുന്ന ആത്മപ്രകാശനമല്ല. താന്‍ തന്നെ തയ്യാറാക്കി നിര്‍ത്തിയിട്ടുള്ള ഛായാഗ്രാഹക വൃത്തങ്ങള്‍ക്കുവേണ്ടി അണിഞ്ഞൊരുങ്ങി, ശരീര ഭാഷയില്‍ കൃത്രിമമായ ക്രമീകരണങ്ങള്‍ വരുത്തി, ചലനങ്ങളെ അഭിനയ പ്രധാനങ്ങളാക്കി രംഗത്ത് പകര്‍ന്നാട്ടം നടത്തുന്ന ഒരാളെയാണ് മോദിയില്‍ കണ്ടെത്താന്‍ കഴിയുക. സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ച ഒരാള്‍ക്ക് മാധ്യമ പ്രകടനങ്ങള്‍ക്കായി നിന്നുകൊടുക്കേണ്ടിവരിക സ്വാഭാവികമാണ്. എന്നാല്‍ മോദിയുടെ കാര്യത്തില്‍ മാധ്യമശ്രദ്ധ അങ്ങോട്ടു ചെന്ന് ആകര്‍ഷിച്ചെടുക്കുകയാണെന്ന് അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന ഓരോ ദൃശ്യങ്ങളില്‍നിന്നും പരസ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞകാല പ്രധാനമന്ത്രിമാരുടെ എല്ലാവരുടെയും അച്ചടിച്ചുവന്ന മൊത്തം ചിത്രങ്ങളുടെ എണ്ണവും നരേന്ദ്രമോദിയെന്ന ഒരൊറ്റ പ്രധാനമന്ത്രിയുടെ അഞ്ച് വര്‍ഷത്തിനകം അച്ചടിക്കപ്പെട്ട ചിത്രങ്ങളുടെ എണ്ണവും താരതമ്യം ചെയ്താല്‍ മോദിയുടെ ചിത്രങ്ങളുടെ എണ്ണം കൂടാനാണ് സാധ്യത. ഇതുവരെയും അത്തരത്തില്‍ ഒരു കണക്കെടുപ്പിന് ഇന്ത്യയില്‍ മാധ്യമങ്ങളോ, മാധ്യമപ്രവര്‍ത്തകരോ ആരും തയ്യാറായിട്ടില്ലെങ്കിലും അത്തരമൊരു കണക്കെടുപ്പ് സംഭവിക്കാതിരിക്കാന്‍ ഒരു നിര്‍വാഹവുമില്ല. പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന, നരേന്ദ്രമോദി എന്ന സ്വര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഒരു കോട്ട് വിവാദമായതോര്‍ക്കുക. സത്യത്തില്‍ അത്തരമൊരു വിവാദം നരേന്ദ്രമോദിയുടെ പ്രതിഛായാ പ്രചാരകര്‍ തന്നെ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതായിരുന്നു. ആ വിവാദത്തിന്റെ പ്രത്യക്ഷ തലത്തില്‍ അത് മോദിക്ക് എതിരായ അഭിപ്രായ രൂപീകരണത്തിന് വഴിയൊരുക്കുന്നതായിരുന്നു എങ്കിലും ജന സംസാരങ്ങളില്‍ നിരന്തരം നിറഞ്ഞുനില്‍ക്കുക എന്ന മോദിയുടെ ലക്ഷ്യപ്രാപ്തിക്കത് ചെറുതല്ലാത്ത വിധത്തില്‍ സഹായകമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending