Connect with us

Video Stories

അമ്മക്കു പിന്നാലെ ചിന്നമ്മ

Published

on

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായി പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലേക്ക് എത്തിയ ശശികല, ‘അമ്മ’യുടെ വിടവാങ്ങലിലൂടെ പോയസ് ഗാര്‍ഡനിലും അണ്ണാഡിഎംകെയിലും അധികാര കേന്ദ്രമാവുകയാണ്. അണ്ണാഡിഎംകെ രാഷ്ട്രീയത്തില്‍ ഇനി ശശികല എന്ന ചിന്നമ്മയുടെ ഊഴമാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ശശികലയും കുപ്രസിദ്ധമായ അവരുടെ ‘മന്നാര്‍ഗുഡി മാഫിയ’യും എഐഡിഎംകെയില്‍ പിടിമുറുക്കിയെന്നതാണ് അധികാരകേന്ദ്രത്തിലേക്കുള്ള സ്ഥാനാരോഹണ നീക്കം വ്യക്തമാക്കുന്നത്. ജയലളിത ബാക്കിവെച്ച സ്ഥാനങ്ങളിലേക്ക് ശശികലയുടെ പട്ടാഭിഷേകത്തിനായി ഒരു വിഭാഗം ശക്തമായി ചരടുവലിച്ചപ്പോള്‍ കാര്യങ്ങള്‍ ആ വഴിക്ക് തന്നെ നീങ്ങുകയാണ്. പോയസ് ഗാര്‍ഡന് പുറത്ത് പ്രതിഷേധ ശബ്ദം ഉയരുന്നുണ്ടെങ്കിലും ഈ പ്രതിഷേധ സ്വരങ്ങള്‍ക്ക് വലിയ ആയുസ്സുണ്ടാവില്ലെന്ന് തമിഴക രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും അറിയാം.

സ്വസമുദായാംഗമായ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി അര്‍ധരാത്രിയിലെ മന്ത്രിസഭ സത്യപ്രതിജ്ഞയടക്കം ശശികലയുടെ ചടുലനീക്കങ്ങളും ജയലളിതയുടെ ദുരൂഹമായ ആസ്പത്രിവാസവും തമിഴ്‌നാട്ടില്‍ വലിയ കഥകള്‍ക്ക് കാരണമായിട്ടുണ്ട്. ഇതാണ് ശശികല നേതൃസ്ഥാനത്തേക്കെന്ന വാര്‍ത്ത വന്നതോടെ പോയസ് ഗാര്‍ഡന് മുന്നിലുണ്ടായ പ്രതിഷേധത്തിന് കാരണം. എന്നാല്‍ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം എക്കാലവും അമ്മക്കായി ഒഴിച്ചിട്ട് പുതിയ സ്ഥാനം രൂപീകരിക്കാനാണ് പാര്‍ട്ടിയിലെ തന്റെ വിശ്വസ്തരെ കൂട്ടു പിടിച്ച് ചിന്നമ്മയുടെ നീക്കം. മാനസികമായി ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനും ‘അമ്മാവിധേയത്വം’ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കാനുമുള്ള ബുദ്ധിപൂര്‍വ്വമായ നീക്കം. അതിനാല്‍ എഐഡിഎംകെ ജനറല്‍ സെക്രട്ടറി പദം എന്നും ജയലളിതയില്‍ തന്നെ നിക്ഷിപ്തമാകും. ‘അമ്മ’യ്ക്ക് പേരിന് സ്ഥാനം വിട്ടുകൊടുത്ത് ഇനി പാര്‍ട്ടിയെ നയിക്കുക അഡീഷണല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ‘ചിന്നമ്മയാവും.

ജയലളിതയുടെ വിശ്വസ്തയായ തോഴി ശശികല നടരാജന്‍ അമ്മയുടെ അന്ത്യയാത്രയില്‍ നിഴലുപോലെ ഒപ്പം നിന്നപ്പോള്‍ തന്നെ അണ്ണാഡിഎംകെയിലെ അധികാരകേന്ദ്രം ചിന്നമ്മയായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. വിവാദങ്ങളും പുറത്താകലും പുനസമാഗമവും ചേര്‍ത്ത് പിടിക്കലുമെല്ലാമായി ജയലളിതക്കൊപ്പം ശശികല വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. ജയയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദര്‍ശന വേളകളിലുമെല്ലാം ഒരു നിമിഷം വിട്ടുമാറാതെ ശക്തമായ സാന്നിധ്യമായി ശശികലയുണ്ടായിരുന്നു. ജയലളിതയുടെ കഥയില്‍ ശശികലയുടെ പേര് ഒഴിവാക്കാനാവുന്ന ഒന്നല്ല.
അമ്മയുടെ നിഴലായി നിന്ന അധികാര കേന്ദ്രമായ ശശികലക്ക് അമ്മയിലും അതുവഴി അണ്ണാഡിഎംകെയിലുമുള്ള സ്വാധീനം പരസ്യമായ രഹസ്യമാണ്. മന്ത്രിസഭയിലുള്ളവരില്‍ ഭൂരിഭാഗവും അതിനാല്‍ ശശികലയുടെ വരുതിയിലാണെന്നുള്ളതിന് തെളിവാണ് അടിക്കടി മുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കം മന്ത്രിമാര്‍ പോയസ് ഗാര്‍ഡനില്‍ ശശികലയെ സന്ദര്‍ശിക്കാനെത്തുന്നത്. 132 എം.എല്‍.എമാരില്‍ 102 പേര്‍ ചിന്നമ്മയോടൊപ്പം നില്‍ക്കുന്നവരാണ്. ജയലളിതയുടെ തോഴിയായി ശശികലയുടെ വളര്‍ച്ച പൊടുന്നനെയായിരുന്നു. വീഡിയോ കട ഉടമയില്‍ നിന്ന് ചിന്നമ്മയായുള്ള ശശികലയുടെ മാറ്റം ഏവരേയും അമ്പരപ്പിക്കുന്നതാണ്. എണ്‍പതുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥ ചന്ദ്രലേഖയിലൂടെയാണ് ജയലളിത ശശികലയെ കണ്ടെടുക്കുന്നത്.

ജയയുടെ ചടങ്ങുകള്‍ വീഡിയോയിലാക്കാന്‍ അനുവാദം കിട്ടിയാല്‍ ഉപകാരമാകുമെന്ന ശശികലയുടെ അപേക്ഷക്ക് ജയ ചെവിയും ഹൃദയവും നല്‍കി. അതിനിടയില്‍ ജയയെ നിരീക്ഷിക്കാന്‍ എംജിആര്‍ ഉപയോഗിച്ച ചാരയാണ് ശശികല നടരാജനെന്ന് പലരും അടക്കം പറഞ്ഞു. അങ്ങനെ വീഡിയോ പിടിക്കാനെത്തിയ ശശികല ജയയുടെ മരണത്തോടെ അണ്ണാഡിഎംകെ രാഷ്ട്രീയത്തിലെ മുഖചിത്രമാവുകയാണ്. എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് തള്ളിവീഴ്ത്തപ്പെട്ട ജയയെ താങ്ങിയ ശശികലയുടെ കഥകള്‍ ലോകം പറഞ്ഞു നടന്നു. വൈകാതെ 1989ല്‍ ശശികല ജയക്കൊപ്പം പോയസ് ഗാര്‍ഡനിലെത്തി. 1991ല്‍ ജയ മുഖ്യമന്ത്രിയായതോടെ ശശികല അമ്മയുടെ മറ്റു കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. അവരുടെ അനുവാദമില്ലാതെ ജയയെ കാണാന്‍ അനുമതി ലഭിക്കുക ദുഷ്‌കരമായി. ശശികലയുടെ മരുമകന്‍ സുധാകരന്‍ ജയയുടെ ദത്തുപുത്രനാവുകയും 1995ലെ സുധാകര വിവാഹത്തിലെ ആറു കോടിയുടെ ആഡംബരം ജയയെ വെട്ടിലാക്കുകയും ചെയ്തു. ഇതോടെ വിമര്‍ശന മുനയമ്പുകള്‍ ഒടിക്കാന്‍ 1996ല്‍ ആദ്യമായി ജയ ശശികലയെ പരിത്യജിച്ചു. ഇനി ബന്ധമില്ലെന്നും ആരേയും നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും തന്നെ കരുവാക്കി ചിലര്‍ അഴിമതി നടത്തിയെന്നും ജയലളിത ഉറക്കെ പറഞ്ഞു.പക്ഷേ അധികകാലം ശശികലയും ജയയും അകന്നുനിന്നില്ല.

ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ ജയക്കൊപ്പം പോയസ് ഗാര്‍ഡനിലേക്ക് ശശികല വീണ്ടുമെത്തി. പിന്നീട് കണ്ടതും ശശികലയുടെ ബന്ധുക്കളുടെ ഉയര്‍ച്ചയാണ്. പിന്നീട് ശശികലയുടെ സ്ഥാനത്തിന് വലിയ തോതില്‍ ഇളക്കം തട്ടിയത് 2011ലാണ്. മൂന്നാമത് അധികാരത്തിലെത്തിയ ജയ ശശികലയേയും പരിവാരങ്ങളേയും ആറ് മാസത്തിനുള്ളില്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കി. ‘നമതു എംജിആര്‍’ പബ്ലിഷര്‍ പദവി ശശികലയില്‍ നിന്ന് തിരിച്ചെടുത്ത് ‘മന്നാര്‍ഗുഡി’ സംഘത്തിനെതിരെ ശക്തമായ നടപടികളാരംഭിച്ചു. പക്ഷേ പിന്നീട് വലിയ ഒച്ചപ്പാടുകള്‍ ഇല്ലാതെ ശശികല തിരിച്ചുവന്നു ജയക്ക് അരികിലേക്ക്. അതും ഭര്‍ത്താവ് നടരാജനെ ഉപേക്ഷിച്ച്. കരുണാനിധി ചേരിയിലെ നടരാജനെ ഒരു പടി അകലം നിര്‍ത്തിയ ജയക്ക് അരികിലെത്താന്‍ നടരാജനെ ഉപേക്ഷിച്ചായിരുന്നു ശശികലയുടെ മടക്കം.
തിരിച്ചു വരവും പോയസ് ഗാര്‍ഡനിലെ താമസവും എല്ലാം വളരെ വേഗം പഴയരീതിയിലായി. ജയലളിത എന്ന നേതൃപാടവവും മേധാശക്തിയും കൂര്‍മ്മ ബുദ്ധിയുമുണ്ടായിരുന്ന രാഷ്ട്രീയ നേതാവിന്റെ പിന്‍ഗാമിയാവുക എന്നതാണ് ശശികലയ്ക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതോടൊപ്പം ഇപ്പോള്‍ ഉയരുന്ന മുറുമുറുപ്പുകള്‍ മുന്നോട്ടുള്ള വഴി റോസാപ്പൂക്കളുടേതായിരിക്കില്ലെന്ന് ശശികലയ്ക്കുള്ള മുന്നറിയിപ്പുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending