Connect with us

Video Stories

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികന്‍

Published

on


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍


ഫാഷിസത്തിനും തീവ്രവാദത്തിനും എതിരായ രാഷ്ട്രീയ ശാക്തീകരണത്തില്‍ എം.ഐ തങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. തൊണ്ണൂറുകളില്‍ ഫാഷിസവും തീവ്രവാദവും തെരുവില്‍ പ്രവേശിച്ചു തുടങ്ങുമ്പോള്‍ ആപത്തു മുന്‍കൂട്ടികണ്ട് സൈദ്ധാന്തികമായി ചിന്തയും തൂലികയുമായി അതിനെ പ്രതിരോധിച്ചു. ചരിത്രത്തില്‍നിന്നുള്ള പാഠങ്ങള്‍ നല്‍കിയ ഉള്‍കരുത്ത് ദിശതെറ്റാതെ വഴികാണിക്കാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കിയിരുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തില്‍ നിര്‍ണ്ണായകവും കനപ്പെട്ടതുമായ സംഭാന അര്‍പ്പിച്ച സൈദ്ധാന്തികനായിരുന്നു എം.ഐ തങ്ങള്‍. വായനയും പഠനവും ചിന്തയും ഉറച്ച അഭിപ്രായ പ്രകടനങ്ങളുമെല്ലാമായി ജ്യേഷ്ഠ സഹോദരനും സംഘടനയിലെ വഴികാട്ടിയുമായി കൂടെയുണ്ടായിരുന്നു. മുസ്‌ലിംലീഗിന്റെ പ്രതിസന്ധി കാലങ്ങളില്‍ ആശയപരമായ പിന്‍ബലവുമായി അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിലമതിക്കാത്തതാണ്.
ഫാഷിസത്തിനും തീവ്രവാദത്തിനും എതിരെ എന്ന മുസ്്‌ലിംലീഗ് മുദ്രാവാക്യത്തിന്റെ ശില്‍പി എം.ഐ തങ്ങളായിരുന്നു. ഫാഷിസം കടന്നുവരുന്ന വഴികളെ കുറിച്ച് അണികളെ കൃത്യമായി ബോധ്യപ്പെടുത്തി. തീവ്രവാദത്തിന്റെ വിത്തുകള്‍ കടന്നുകൂടി സമുദായം ദുര്‍ബലമായിത്തീരുന്ന ആപത്തിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി.
സമുദായത്തിലെ എല്ലാ ചിന്താധാരകളെയും ഉള്‍കൊള്ളാനും അവരെ ഒരുമിപ്പിച്ചിരുത്താനും കഴിയുന്നതാകണം മുസ്‌ലിംലീഗ് എന്നത് അദ്ദേഹം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. മുസ്‌ലിം ഉമ്മത്ത് എന്ന ലോക സമസ്യയെ ദേശീയതയോടു ബന്ധപ്പെടുത്തി സ്ഫുടം ചെയ്തു അദ്ദേഹം.
ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ എല്ലാ വഴികളും വെല്ലുവിളികളും ആഴത്തില്‍ മനസ്സിലാക്കി അദ്ദേഹം. രാഷ്ട്രീയ ഇസ്‌ലാമും ഇസ്‌ലാമിലെ രാഷ്ട്രീയവും കൃത്യമായി വ്യാഖ്യാനിക്കാനും പഠിപ്പിക്കാനും കഴിഞ്ഞു. വ്യക്തിത്വത്തില്‍ മുസ്്‌ലിം സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുകയെന്നതാണ് പ്രധാനമെന്നും ഭരണ ഇസ്്‌ലാം എന്നതുമായി അതെത്രമാത്രം വ്യതിരിക്തമാണെന്നും തര്യപ്പെടുത്താന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചു.
ബഹുസ്വര സമൂഹത്തിലെ ഇസ്്‌ലാമിക ജീവിത ക്രമവും ഇടപെടലും ഇഴകിചേരലും സൈദ്ധാന്തികമായി വിശദീകരിച്ച അദ്ദേഹം പ്രവാചകന്‍ മുഹമ്മദ് നബിയുടെ മദീന കരാറിനെ ആധുനിക രാഷ്ട്രീയവുമായി ബന്ധിപ്പിച്ചു. ലോകത്തെ ഏതാണ്ട് എല്ലാ മുസ്്‌ലിം നേതാക്കളെയും ആഴത്തില്‍ പഠിക്കാനും ചരിത്രവുമായി ആനുകാലികത്തെ ചേര്‍ത്തുവെക്കാനും ഉണ്ടായിരുന്ന സിദ്ധിക്ക് പിന്നിലുള്ള കഠിനാധ്വാനം വലുതായിരുന്നു.
അറബി നാടുകളിലെ മുല്ലപ്പൂ വിപ്ലവങ്ങളെ ജനാധിപത്യവത്കരണത്തിന്റെ കേവലാര്‍ത്ഥത്തില്‍ എടുത്ത് കൊട്ടിഘോഷിച്ചപ്പോള്‍ കാര്യ കാരണ സഹിതം അതിനെ വിലയിരുത്തി എം.ഐ തങ്ങള്‍. ഭൂമിയില്‍ ഇറങ്ങാത്ത ജനാധിപത്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം. നമുക്ക് അതു ബോധ്യപ്പെടാന്‍ വര്‍ഷം മൂന്നു പോലും വേണ്ടിവന്നില്ല.
ആയിരക്കണക്കിന് ക്ലാസുകളിലൂടെ പുതു തലമുറയെ രാഷ്ട്രീയമായി കരുത്തും ഓജസും ലക്ഷ്യബോധവും ഉള്ളവരാക്കാന്‍ എം.ഐ തങ്ങള്‍ക്ക് കഴിഞ്ഞു. ശരീഅത്ത് വെല്ലുവിളി നേരിട്ട കാലത്ത് കമ്യൂണിസത്തിന്റെ പ്രചാര വേലകളെ സിദ്ധാന്തങ്ങളുടെ പാരസ്പര്യത്തിലൂടെ വിശദീകരിച്ചാണ് എം.ഐ തങ്ങള്‍ നേരിട്ടത്.
സി.പി.എം കോഴിക്കോട്ട് നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ എം. ഐ തങ്ങള്‍, ‘കമ്യൂണിസവും ദേശീയ പ്രസ്ഥാനവും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ കേരളം കണ്ട എക്കാലത്തെയും വലിയ കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപിള്ള എന്ന പി.ജി പറഞ്ഞത് ഓര്‍ക്കുന്നു. ‘കമ്യൂണിസത്തെ ഇത്രയേറെ വിശദമായി വിശകലനം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ദേശീയ പ്രസ്ഥാനത്തെയും നന്നായി ആഴത്തില്‍ മനസ്സിലാക്കിയ മറ്റൊരാളെ ഞാന്‍ കണ്ടിട്ട് പോലുമില്ല’ എന്നായിരുന്നു.
എല്ലാ മത-രാഷ്ട്രീയ-ഇസങ്ങളെ കുറിച്ചും കൃത്യമായ ധാരണയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. മുസ്‌ലിം സമുദായത്തില്‍ അനൈക്യം സൃഷ്ടിക്കുന്നവരെ തൂലികയും നാവും ഉപയോഗിച്ച് ചെറുത്തു അദ്ദേഹം. പല നാടുകള്‍ ചുറ്റി സഞ്ചരിച്ചും അനേകം ഗ്രന്ഥങ്ങള്‍ വായിച്ചും നേടിയ അറിവും ചിന്തയും ചേര്‍ത്തുവെച്ചാണ് മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തിന് ഉറച്ച നിലമൊരുക്കാന്‍ അദ്ദേഹം പങ്കുവഹിച്ചത്.
വഴി തെറ്റുന്ന ജിഹാദ് എന്ന വിഷയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് മഞ്ചേരിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ചതിന്റെ അവസാനം അദ്ദേഹം പറഞ്ഞു. ‘എന്റെ സമുദായം ചിരിക്കുന്നതും സംതൃപ്തിയോട്കൂടി ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നതും കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. സമുദായത്തിന് ആ ആഹ്ലാദാരവങ്ങള്‍ ഈ രാജ്യത്ത് ഉണ്ടാവണമെങ്കില്‍ ജനാധിപത്യത്തിന്റെ മാര്‍ഗത്തിലൂടെ വ്യവസ്ഥാപിതമായി അവര്‍ മുന്നോട്ടു പോകേണ്ടതുണ്ട്. മധ്യേഷ്യയില്‍ നടക്കുന്ന വേട്ടയാടല്‍ പോലെ സമുദായത്തെ വേട്ടയാടാന്‍ വേട്ടക്കാര്‍ക്ക് മുമ്പിലേക്ക് ഇട്ടു കൊടുക്കുന്ന ചിന്തയാണ് ചിലര്‍ക്ക്.’
അധികാരവും പദവിയും മോഹിച്ചില്ലെന്ന് മാത്രമല്ല, അവയുമായി അകലം പാലിക്കുകയും ചെയ്തു എം.ഐ തങ്ങള്‍. മുസ്്‌ലിംലീഗ് സംഘടനാ ചുമതലകള്‍ പോലും സ്‌നേഹപൂര്‍വം നിരസിച്ചു. സംസ്ഥാന ഭാരവാഹിയാവാന്‍ സമ്മതിച്ചത് പോലും സ്‌നേഹ നിര്‍ബന്ധത്തിലായിരുന്നു. എന്നാല്‍, സീതി സാഹിബ് അക്കാദമി എന്ന മുസ്്‌ലിംലീഗ് പഠന കളരിയെന്ന സ്ഥിരം സംവിധാത്തിന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുത്തത് ശാരീരിക അവശതകള്‍ വകവെക്കാതെ നിറഞ്ഞ സന്തോഷത്തോടെയായിരുന്നു. പുതു തലമുറയെ മുസ്്‌ലിംലീഗ് ആശയം പഠിപ്പിക്കുകയെന്നത് ജീവിത ചര്യയാക്കിയ അദ്ദേഹത്തിന്റെ വായനയും അറിവും ചിന്തയുമെല്ലാം ചെലവഴിച്ചതും അര്‍പ്പിച്ചു.
അദ്ദേഹത്തിന്റെ പിതാവിനൊപ്പം പാണക്കാട് എത്തി എന്റെ പിതാവിനെ കാണുന്നതു മുതലാണ് ബന്ധം. ഓര്‍മ്മവെച്ച കാലം മുതലെ എം.ഐ തങ്ങള്‍ കണ്‍മുന്നിലുണ്ട്. മികച്ച ഹോമിയോ ഡോക്ടര്‍ കൂടിയായിരുന്ന എം.ഐ തങ്ങള്‍ ഇലക്ട്രോണിക്‌സ് രംഗത്തെ നല്ലൊരു ടെക്‌നീഷ്യനിമായിരുന്നു. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ക്ഷണപ്രകാരമാണ് ചന്ദ്രികയില്‍ എത്തുന്നത്. അഹമ്മദാബാദിലെ ഉപരിപഠനത്തോടെ ഉര്‍ദുവിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായതിന് പുറമെ കനപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്‍ വായിക്കാനും ചിന്തയെ രൂപപ്പെടുത്താനും എം.ഐ തങ്ങള്‍ക്ക് സാധിച്ചു.ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന എം.ഐ തങ്ങള്‍ക്ക് ജീവിതമെന്നാല്‍ വായനയും പഠനവുമായിരുന്നു. വിപ്ലവത്തിന്റെ പ്രവാചകന്‍, കര്‍മശാസ്ത്രത്തിന്റെ പരിണാമം, ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്ത്രം എന്നീ വിവര്‍ത്തന ഗ്രന്ഥങ്ങള്‍ ഭാഷയിലുള്ള പ്രാവീണ്യം വിളിച്ചോതും. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും, ആഗോളവത്കണത്തിന്റെ അനന്തരഫലങ്ങള്‍, വഹാബി പ്രസ്ഥാന ചരിത്രം തുടങ്ങിയ കൃതികള്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സായി ഉപയോഗിക്കാനുള്ള അകക്കാമ്പുള്ളവയാണ്.
ചില വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന ശൂന്യത പെട്ടെന്നു പരിഹരിക്കപ്പെടില്ല. ഒരാള്‍ക്ക് പകരം മറ്റൊരാള്‍ എത്തുമെന്നൊക്കെ പറയാറുണ്ട്. പകരം വെക്കാനില്ലാത്ത പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്നു അദ്ദേഹം; എം.ഐ തങ്ങള്‍ക്ക് പകരം എം.ഐ തങ്ങള്‍ മാത്രം.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending