Connect with us

Video Stories

ഉപരിപ്ലവത കൊണ്ട് സാമ്പത്തിക മാന്ദ്യം തീരില്ല

Published

on


രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമാണെന്ന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പഞ്ഞകാലമാണെന്നും സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടുവരികയാണെന്നുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്. എന്തായാലും പഞ്ഞകാലമെന്നെങ്കിലും മന്ത്രി സമ്മതിച്ചിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന ഒന്നാണത്. പഞ്ഞകാലത്തെ മറികടക്കാന്‍ ഒരു മാസത്തിനിടെ മൂന്നാമത്തെ ധന ഉത്തേചക പാക്കേജ് ആണ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വലിയ പ്രഖ്യാപനങ്ങള്‍ മൂന്നാം പാക്കേജിലുമുണ്ട്. കയറ്റുമതി മേഖലക്കും റിയല്‍ എസ്റ്റേറ്റ് മേഖലക്കുമാണ് മൂന്നാം പാക്കേജില്‍ പ്രാമുഖ്യം. നോട്ട് നിരോധനാനന്തരം തകര്‍ന്നടിഞ്ഞതാണ് രണ്ട് മേഖലയും. 70,000 കോടി രൂപയാണ് ഈ രണ്ട് മേഖലക്ക് മാത്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമായ ഗുണം രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഉണ്ടാകില്ലെന്നാണ് വിദഗ്ധ മതം.
രണ്ട് കാര്യങ്ങളാണ് സാമ്പത്തിക വിദഗ്ധര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കണം, 2010ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ നടത്തിയ രീതിയില്‍ ക്രിയാത്മകമാകണം ധന ഉത്തേചക പാക്കേജ്. അടുത്ത കാലത്തൊന്നും ഉപദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവി കൊടുക്കാന്‍ തയാറാകുമെന്ന് തോന്നുന്നില്ല. അഞ്ച് ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം. 2.7 ലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയുമായി ഇന്ത്യ മുന്നോട്ടു കുതിക്കുമ്പോഴായിരുന്നു മോദി സ്വപ്നം കണ്ടത്. ജി.ഡി.പി വളര്‍ച്ച പന്ത്രണ്ട് ശതമാനമെന്ന വലിയ കണക്ക് നിരത്തിയാണ് അഞ്ച് ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി അഭിമാനം കൊണ്ടത്. എന്നാല്‍ ജി.ഡി.പി വളര്‍ച്ച എട്ടില്‍ നിന്ന് അഞ്ചിലേക്കാണ് കൂപ്പുകുത്തിയത്. ഇനിയും താഴോട്ടേക്കെന്ന നിലയാണ് മുന്നിലുള്ളത്.
ഒരു മാസത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ച മൂന്ന് പാക്കേജും കതിരിന്മേല്‍ വളം വെക്കുന്ന നടപടിയെ അനുസ്മരിപ്പിക്കുന്നതാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം തട്ടിയെടുത്ത് കിട്ടാകടം നല്‍കി മുടിഞ്ഞ പൊതുമേഖലാ ബാങ്കുകളെ സഹായിക്കുന്നതിനാണ് രണ്ടാം പാക്കേജില്‍ മുന്‍തൂക്കം നല്‍കിയത്. നടപടിയുടെ ഫലം ബാങ്കിങ് മേഖലയില്‍ അനുഭവപ്പെടാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും. മൂന്നാം പാക്കേജില്‍ 50,000 കോടി രൂപയാണ് കയറ്റുമതി മേഖലക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ നികുതി ഇളവുകളിലൂടെയാണ് കയറ്റുമതി മേഖലക്ക് 50,000 കോടിയുടെ പാക്കേജ്. കയറ്റുമതിയും ഇറക്കുമതിയും കുത്തനെ ഇടിയുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അറ്റകൈ പ്രയോഗം. ആഗസ്തില്‍ മാത്രം 6.5 ശതമാനത്തിന്റെ ഇടിവാണ് കയറ്റുമതിയിലുണ്ടായത്. അഞ്ച് വര്‍ഷത്തിനിടെ കയറ്റുമതി മൂന്നിരട്ടിയാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യമാണ് തകര്‍ന്നടിയുന്നത്. കയറ്റുമതിയിലുള്ള കുറവ് മാത്രമല്ല, അമേരിക്കയുടെ ഇടപെടലും മൂന്നാം പാക്കേജില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ ഇറക്കുമതി ചുങ്കത്തിന് നേരെ ഡോണാള്‍ഡ് ട്രംപ് കണ്ണുരുട്ടല്‍ ആരംഭിച്ചിട്ട് കാലം ഏറെയായി. ലോക വ്യാപാര സംഘടനയില്‍ ഇന്ത്യയുടെ തീരുവ നയത്തെ ചോദ്യം ചെയ്തതാണ് അവസാന സംഭവം. എന്തായാലും 50,000 കോടിയുടെ വരുമാന നഷ്ടമാണ് കയറ്റുമതി പ്രോത്സാഹനത്തിനായി ധനമന്ത്രി സഹിക്കുന്നത്. എന്നാല്‍ പുതിയ പാക്കേജ് കയറ്റുമതിയില്‍ ഉണര്‍വ് സൃഷ്ടിച്ചാല്‍ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ വീണ്ടും ശക്തിപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇതിന്റെ അനുരണനമായി രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളത്. നോട്ടു നിരോധനത്തെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടത്തേക്കാള്‍ ഭീതിദമാണ് ഇപ്പോഴത്തെ അവസ്ഥ. മോട്ടോര്‍ വിപണിയിലെ തകര്‍ച്ച പത്ത് ലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നാണ് കണക്ക്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും ഈ മേഖലയിലെ കൂട്ട പിരിച്ചുവിടലും സമാനതയില്ലാത്തതാണ്. ഇതിനൊപ്പമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ച. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തളര്‍ച്ച രേഖപ്പെടുത്തുന്ന റിയല്‍ എസ്റ്റേറ്റ് മേഖലക്ക് 20,000 കോടിയുടെ പാക്കേജ് അപര്യാപ്തമാണ്.
നിര്‍മാണ മേഖലയിലേക്ക് കൂടുതല്‍ പണം എത്തുന്നത്, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നത് ശരി തന്നെ. എന്നാല്‍, ഇപ്പോഴത്തെ പാക്കേജിലെ നിബന്ധനകള്‍ റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രതിസന്ധിയെ അഭസംബോധന ചെയ്യാന്‍ പര്യാപ്തവമല്ല. നിര്‍മാണം മുടങ്ങിക്കിടക്കുന്ന 3.5 ലക്ഷം ഭവന യൂണിറ്റുകളുണ്ടെന്ന കണക്കാണ് പാക്കേജിന് അടിസ്ഥാനം. രാജ്യത്ത് 14 ലക്ഷത്തോളം വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. എന്നാല്‍ ധനമന്ത്രാലയത്തിന്റെ കണക്കിനെ മാത്രം അവലംബിച്ചുള്ള പാക്കേജിലെ നിബന്ധനകളനുസരിച്ച്, സാധാരണക്കാര്‍ക്ക് പാക്കേജിന്റെ ഗുണം ലഭിക്കില്ല. ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മാണ കമ്പനികളുടെ ഇടപാടില്‍ വരാത്തതിനാല്‍ പാക്കേജ് തന്നെ അപ്രസക്തമാകും.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഉപരിപ്ലവമായ നടപടികള്‍ കൊണ്ട് സാധ്യമാകില്ല. രാജ്യത്തെ ജനങ്ങളുടെ ജീവിതം തൊട്ടറിഞ്ഞുള്ള കര്‍മപരിപാടികള്‍ കൊണ്ടേ അതിന് സാധിക്കൂ. രാജ്യത്തേക്ക് മൂലധന നിക്ഷേപം കൂടുതലായി എത്തണം. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസത്തിനുള്ളില്‍ 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ വിദേശമൂലധന സാധ്യത തീരെയില്ലെന്നതാണ് വസ്തുത. സര്‍ക്കാര്‍ വലിയ തോതില്‍ മൂലധന നിക്ഷേപം നടത്തുക മാത്രമാണ് നിലവിലെ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തൊഴിലില്ലായ്മ വീണ്ടും വര്‍ധിക്കുന്നത്, ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നത് വര്‍ധിപ്പിക്കും. സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ കഴിയാത്ത വിധം രാജ്യത്തെ ഗ്രസിക്കും. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ ജനങ്ങളില്‍ നേരിട്ട് പണമെത്തുന്ന പദ്ധതികള്‍ കൂടുതല്‍ വിപുലപ്പെടുത്തിയും അടിസ്ഥാന സൗകര്യവികസനത്തിന് പണമൊഴുക്കിയുമുള്ള ധന ഉത്തേജക പാക്കേജുകള്‍ കൊണ്ടേ കാര്യമൂണ്ടാകൂ. മൂന്ന് പാക്കേജുകളിലേയും പ്രഖ്യാപനങ്ങള്‍ മോശമെന്നല്ല, എന്നാല്‍ അതു കൊണ്ട് മാത്രം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാകും.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending