Culture
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ ഖത്തറില്‍ തുടക്കം

ലോക ട്രാക്കിലെ മുന്‍നിരതാരങ്ങള്‍ മത്സരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ദോഹ സജ്ജമായി. ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിലെ ട്രാക്കുണരാന്‍ ഇനി ഒരു ദിവസം മാത്രം. മിക്ക ടീമുകളും ദോഹയിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യസംഘത്തിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഏറ്റവും അവിസ്മരണീയമായ ചാമ്പ്യന്‍ഷിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. 210 രാജ്യങ്ങളില്‍ നിന്നായി 2,043 അത്‌ലറ്റുകളാണ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. പുരുഷവിഭാഗത്തില്‍ 184 രാജ്യങ്ങളില്‍ നിന്നായി 1031 അത്‌ലറ്റുകളും വനിതാവിഭാഗത്തില്‍ 123 രാജ്യങ്ങളില്‍ നിന്നായി 903 അത്‌ലറ്റുകളുമാണ് മത്സരംഗത്തുള്ളത്. ഇന്ത്യയെ പ്രതിനിധികരിച്ച് പുരുഷ വിഭാഗത്തില്‍ 16 പേരും വനിതാവിഭാഗത്തില്‍ 11പേരുമാണ് മത്സരിക്കുന്നത്. ടീമില്‍ പന്ത്രണ്ടുപേര്‍ മലയാളികളാണ്. വനിതാ ടീമില്‍ പി.യു ചിത്ര, അനു റാണി, ജിസ്‌ന മാത്യു, വി.രേവതി, വി.കെ.വിസ്മയ, എം.ആര്‍ പൂവമ്മ, ആര്‍. വിത്യ, ശുഭ വെങ്കടേശന്‍, അര്‍ച്ചന സുശീന്ദ്രന്‍, ദ്യുതി ചന്ദ്, അജ്ഞലി ദേവി എന്നിവരാണുള്ളത്. ഇന്ത്യന്‍ ടീമില്‍ 12 പേര്‍ മലയാളികളാണ്. ഇന്ത്യന്‍ ടീമിലെ ജിസ്‌ന മാത്യു, അജ്ഞലി, എം.ശ്രീശങ്കര്‍ എന്നിവര്‍ കഴിഞ്ഞദിവസം ദോഹയിലെത്തി. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ അര്‍ച്ചന സുശീന്ദ്രന് അവസാനനിമിഷമാണ് ക്ഷണം ലഭിച്ചത്. പുറംവേദനയെത്തുടര്‍ന്ന് 400 മീറ്ററില്‍ ഇന്ത്യയുടെ ഹിമദാസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറിയിരുന്നു. ഖലീഫ രാജ്യാന്തര സ്‌റ്റേഡിയം, ദോഹ കോര്‍ണിഷ് എന്നിവിടങ്ങളിലായാണ് മത്സരം. ലോക അത്‌ലറ്റിക് വില്ലേജില്‍ ഫാന്‍ സോണ്‍, വൊളന്റിയര്‍മാര്‍ക്കായി വിനോദ കൂടാരം, മീഡിയ സെന്റര്‍, സുരക്ഷാ, ഗതാഗതം തുടങ്ങി എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇതാദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മേള ഇവിടെ നടക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് നടന്ന ലണ്ടന്‍ ലോക അത്‌ലറ്റിക്‌സില്‍ വ്യക്തിഗത ഇനങ്ങളില്‍ വിജയികളായ 44പേരില്‍ 38പേരും കിരീടം നിലനിര്‍ത്താന്‍ ദോഹയിലെത്തുന്നുണ്ട്. 30 പുതിയ ഡയമണ്ട് ലീഗ് ചാമ്പ്യന്‍മാരും മത്സര രംഗത്തുണ്ട്. മിഡ്‌നൈറ്റ് മാരത്തോണും 4400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്‌ലറ്റിക്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത. ലോക അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് 4400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിനായി ആതിഥേയരായ ഖത്തര്‍ ടീമും റെഡിയാണ്. ഹൈജമ്പ് താരം മുതാസ് ബര്‍ഷിം ഉള്‍പ്പടെയുള്ള മുന്‍നിരതാരങ്ങളാണ് മത്സരരരംഗത്തിറങ്ങുന്നത്. ഹൈജമ്പില്‍ മുതാസ് ബര്‍ഷിം, 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും അബ്ദുല്‍റഹ്മാന്‍ സാംബയും ഖത്തറിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍. 400 മീറ്ററില്‍ അബ്ദുല്‍ഇലാഹ് ഹാറൂണ്‍ ഉള്‍പ്പടെയുള്ള അത്‌ലറ്റുകള്‍ ഖത്തറിന്റെ സുവര്‍ണ പ്രതീക്ഷകളാണ്. 2017ലെ ഐഎഎഎഫ് അത്‌ലറ്റ് ഓഫ് ദി ഇയറായ മുതാസ് ബര്‍ഷിമായിരിക്കും ഖത്തര്‍ സംഘത്തെ നയിക്കുക. ചാമ്പ്യന്‍ഷിപ്പില്‍ 16 പുരുഷന്‍മാരും രണ്ടു വനിതകളും ഉള്‍പ്പടെ 18 അംഗ ടീമായിരിക്കും ഖത്തറിനെ പ്രതിനിധീകരിക്കുക. 400 മീറ്ററില്‍ കെന്‍സ സോസ്സെ, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മറിയം ഫരീദ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിലെ ഖത്തറിന്റെ വനിതാസാന്നിധ്യങ്ങള്‍.
ഖത്തറിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന അത്‌ലറ്റിക്‌സ് വില്ലേജാണ് മുഖ്യ സവിശേഷത. ഖലീഫ അന്താരാഷ്ട്ര സ്‌റ്റേഡിത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പിലെ പ്രധാന മത്സരങ്ങള്‍. ഇവിടെ സവിശേഷമായ ഫാന്‍സോണും ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്‌കാരങ്ങളില്‍ന്നെത്തുന്ന അത്‌ലറ്റുകളെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് ഇവിടെ. ഖലീഫ സ്‌റ്റേഡിയം ആഗോള സമൂഹമായി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കമ്യൂണിറ്റികള്‍ക്ക് അത്‌ലറ്റിക്‌സ് വില്ലേജിലെ ആഘോഷങ്ങളില്‍ പങ്കാളികളാകാം. നൃത്ത, സംഗീത പ്രകടനങ്ങളെല്ലാം നടക്കും. വില്ലേജില്‍ വിവിധ മേഖലകളായി തിരിച്ചായിരിക്കും സംസ്‌കാരിക ആഘോഷം അരങ്ങേറുക. ആഫ്രിക്ക, നോര്‍ത്ത് സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവയെ പ്രതിനിധിനാം ചെയ്യുന്നതായിരിക്കും മേഖലകള്‍. ഓരോ രാജ്യത്തിന്റെയും പ്രമേയത്തിനനുസരിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. വിവിധ ഭക്ഷണരുചികള്‍, വിനോദപരിപാടികള്‍, സമ്മാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളുടെ വിജയത്തിനായി 5500ലധികം വൊളന്റിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ ചാമ്പ്യന്‍ഷിപ്പ് ഡോപ്പിങ് രഹിത ചാമ്പ്യന്‍ഷിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍(ഐഎഎഎഫ്) വൈസ്പ്രസിഡന്റ് ദഹ്‌ലന്‍ അല്‍ഹമദ് വ്യക്തമാക്കി. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമുതലാണ് പ്രവേശനം. മത്സരടിക്കറ്റുള്ളവര്‍ക്ക് വില്ലേജില്‍ സൗജന്യപ്രവേശനമായിരിക്കും. കായികലോകത്തെയൊന്നാകെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്. പത്തു ദിവസങ്ങളിലായി 128 മത്സര ഇനങ്ങളാണ് നടക്കുന്നത്. സ്‌റ്റേഡിയങ്ങളും ഹോട്ടലുകളും മറ്റു സൗകര്യങ്ങളുമെല്ലാം സജ്ജമാണ്. ഖലീഫ സ്‌റ്റേഡിയത്തിലെ ശീതീകരണസംവിധാനം മികച്ചതാണ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ഖത്തറിലെത്തിയിരിക്കുന്നത് 700 മാധ്യമപ്രവര്‍ത്തകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ ന്യൂസ് ഔട്ട്‌ലെറ്റുകളെയും മാധ്യമസ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചാണ് ഇത്രയധികം ജേര്‍ണലിസ്റ്റുകളെത്തിയിരിക്കുന്നത്. ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മീഡിയ സെന്റര്‍ തുറന്നിരിക്കുന്നത്. കോര്‍ണീഷിലും മാധ്യമ കേന്ദ്രം സജ്ജമാക്കുന്നുണ്ട്. കോര്‍ണീഷില്‍ നടക്കുന്ന മാരത്തോണ്‍ ഉള്‍പ്പടെയുള്ള കായികയിനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ കേന്ദ്രം സഹായകമാകും.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala2 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala3 days ago
വിട നല്‍കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച യുവതിയുടെ സംസ്കാരം ഇന്ന്
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala2 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത