main stories
യുഎഇ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി വസതിയില്‍ കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്നയുടെ മൊഴി
ശിവശങ്കര്‍ വഴിയാണ് എല്ലാ ഇടപാടും നടന്നതെന്നാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്ന സുരേഷിന്റെ മൊഴി. മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്സ്മെന്റിന് സ്വപ്ന നല്കിയ മൊഴിയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് ആണ് പുറത്തുവിട്ടത്.
യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്.
2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരുമായുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെയാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതിനു ശേഷം ശിവശങ്കര്‍ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.
ശിവശങ്കറെ തനിക്ക് അടുത്തറിയാമായിരുന്നു. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയതു മുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നു. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. സ്പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന്, ശിവശങ്കറാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
kerala
‘കീമില്‍ സര്‍ക്കാര്‍ അപ്പീലിനില്ല; കോടതി വിധി അംഗീകരിക്കുന്നു’; മന്ത്രി ആര് ബിന്ദു
പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും.

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. വിഷയത്തില്‍ സുപ്രീംകോടതിയില്‍ അപ്പീലിന് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്‍മുല തുടരും. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും. എന്‍ട്രന്‍സ് കമ്മീഷന് അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് പതിനാലിന് മുന്‍പ് അഡ്മിഷന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കണം. സമയപരിമിതിയുള്ളതുകൊണ്ടാണ് പഴയ ഫോര്‍മുലയില്‍ റാങ്ക് ലിസ്റ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന് ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു.
കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്. ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
kerala
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.

കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു.
ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്ക്ക് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണിവര്‍ മരിച്ചത്. മരിച്ച സ്ത്രീയുടെ സ്രവം പരിശോധിക്കും. അതേ സമയം പരിശോധന ഫലം വരുന്നത് വരെ മൃതദേഹം സംസ്കരിക്കുന്നത് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി.
മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ നീക്കം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. നിപ പരിശോധനാ ഫലം വരുന്നതുവരെ മൃതതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
അതേസമയം, മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചു പേരെ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് നിലവില്‍ ആകെ 383 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 241 പേരും പാലക്കാട് നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 142 പേരും നിരീക്ഷണത്തിലാണ്.
ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര് കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. പാലക്കാട് നാലു പേര് ഐസൊലേഷനില്‍ ചികിത്സയിലാണ്.
kerala
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
രാജ്ഭവന് അഭിഭാഷകന് അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്കി.

സര്‍വകലാശാല വിഷയത്തില്‍ കടുത്ത നടപടിയുമായി രാജ്ഭവന്. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന് അഭിഭാഷകന് അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്കി. ഗവര്‍ണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിലാണ് നിയമോപദേശം.
രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്പെന്ഷന് റദ്ദാക്കിയ നടപടി അസാധുവാക്കും. സിന്‍ഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സിസ തോമസ് ഇറങ്ങിയതിന് ശേഷവും തുടരുകയും കെഎസ് അനില്‍ കുമാറിന്റെ സസ്പെന്ഷന് റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്ഭവന് നിയോമപദേശം തേടുകയായിരുന്നു.
അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങള്‍ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.
ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ സസ്പെന്ഷന് ആണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india3 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala2 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
india2 days ago
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
-
kerala3 days ago
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു
-
Football3 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
crime3 days ago
ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി
-
india3 days ago
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്