News
ഐഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല, ആപ്പിളിന് 14.5 കോടി രൂപ പിഴ
‘തെറ്റിധരിപ്പിക്കുന്ന പരസ്യത്തിനും, ചാര്‍ജര്‍ ഇല്ലാതെ ഫോണ്‍ വില്‍ക്കുന്നതിനും, ന്യായരഹിതമായ രീതികള്‍ക്കു’മെതിരെയാണ് പിഴ എന്നാണ് റിപ്പോര്‍ട്ടുകള്‍
ഐഫോണ്‍ 12 സീരീസിനൊപ്പം ചാര്‍ജര്‍ നല്‍കാത്തതിനു ടെക്‌നോളജി ഭീമന്‍ ആപ്പിളിന് 20 ലക്ഷം ഡോളര്‍ പിഴ (ഏകദേശം 14.5 കോടി രൂപ) ചുമത്തി. ബ്രസീലിലെ ഉപഭോക്തൃസംരക്ഷണ സമിതിയായ പ്രോകോണ്‍എസ്പിയാണ് പിഴയിട്ടത്. ‘തെറ്റിധരിപ്പിക്കുന്ന പരസ്യത്തിനും, ചാര്‍ജര്‍ ഇല്ലാതെ ഫോണ്‍ വില്‍ക്കുന്നതിനും, ന്യായരഹിതമായ രീതികള്‍ക്കു’മെതിരെയാണ് പിഴ എന്നാണ് റിപ്പോര്‍ട്ടുകള്‍
ഐഫോണുകള്‍ ചാര്‍ജറില്ലാതെ വില്‍ക്കാനുള്ള നീക്കം വഴി എന്ത് പരിസ്ഥിതി സംരക്ഷണമാണ് ആപ്പിള്‍ നടത്തുന്നതെന്ന് തങ്ങള്‍ക്ക് മനസ്സിലാക്കിത്തരാന്‍ ആപ്പിളിനു സാധിച്ചിട്ടില്ലെന്നും പ്രോകോണ്‍എസ്പി പറയുന്നു. ചാര്‍ജര്‍ ഇല്ലാതെ വില്‍ക്കാന്‍ തീരുമാനിച്ചെങ്കില്‍ നിങ്ങള്‍ ഐഫോണ്‍ 12 സീരീസിന്റെ വില അതിനനുസരിച്ചു കുറച്ചോ എന്ന ചോദ്യത്തിനും ആപ്പിള്‍ മറുപടി നല്‍കിയില്ല.
രാജ്യത്തെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും ഇവിടെ ഇത്തരം നിയമങ്ങള്‍ നിലവിലുണ്ടെന്നും ആപ്പിളിന് സ്വയം ബോധ്യപ്പെടണമെന്നും അവര്‍ പറയുന്നു. ബ്രസീലില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ ഇവിടെയുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ആപ്പിളിനോട് പ്രോകോണ്‍എസ്പി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഐഫോണ്‍ 12 സീരീസ് ചാര്‍ജറുകളില്ലാതെ പുറത്തിറക്കിയത്. ഇതോടെ, ആപ്പിള്‍ എന്താണ് ചെയ്യുന്നതെന്നു നോക്കിയിരിക്കുന്ന പല കമ്പനികളും ആപ്പിളിന്റെ പാത പിന്തുടര്‍ന്ന് ചാര്‍ജറുകള്‍ ഇല്ലാതെ ഫോണ്‍ വില്‍പനയും തുടങ്ങി. ചാര്‍ജറില്ലാതെ വില്‍ക്കാനുള്ള പ്രധാന കാരണം പരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറയ്ക്കാനാണ് എന്ന വിശദീകരിണമാണ് ആപ്പിള്‍ നല്‍കിയത്. ഈ നീക്കം പരിസ്ഥിതിക്ക് കാര്യമായ ഒരു ഗുണവും ചെയ്യില്ലെന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
kerala
ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു
തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.
കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.
അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.
kerala
കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
kerala
ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍
ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.
കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.
‘ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും’. കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.

