ഐഫോണ്‍ 12 സീരീസിനൊപ്പം ചാര്‍ജര്‍ നല്‍കാത്തതിനു ടെക്‌നോളജി ഭീമന്‍ ആപ്പിളിന് 20 ലക്ഷം ഡോളര്‍ പിഴ (ഏകദേശം 14.5 കോടി രൂപ) ചുമത്തി. ബ്രസീലിലെ ഉപഭോക്തൃസംരക്ഷണ സമിതിയായ പ്രോകോണ്‍എസ്പിയാണ് പിഴയിട്ടത്. ‘തെറ്റിധരിപ്പിക്കുന്ന പരസ്യത്തിനും, ചാര്‍ജര്‍ ഇല്ലാതെ ഫോണ്‍ വില്‍ക്കുന്നതിനും, ന്യായരഹിതമായ രീതികള്‍ക്കു’മെതിരെയാണ് പിഴ എന്നാണ് റിപ്പോര്‍ട്ടുകള്‍

ഐഫോണുകള്‍ ചാര്‍ജറില്ലാതെ വില്‍ക്കാനുള്ള നീക്കം വഴി എന്ത് പരിസ്ഥിതി സംരക്ഷണമാണ് ആപ്പിള്‍ നടത്തുന്നതെന്ന് തങ്ങള്‍ക്ക് മനസ്സിലാക്കിത്തരാന്‍ ആപ്പിളിനു സാധിച്ചിട്ടില്ലെന്നും പ്രോകോണ്‍എസ്പി പറയുന്നു. ചാര്‍ജര്‍ ഇല്ലാതെ വില്‍ക്കാന്‍ തീരുമാനിച്ചെങ്കില്‍ നിങ്ങള്‍ ഐഫോണ്‍ 12 സീരീസിന്റെ വില അതിനനുസരിച്ചു കുറച്ചോ എന്ന ചോദ്യത്തിനും ആപ്പിള്‍ മറുപടി നല്‍കിയില്ല.

രാജ്യത്തെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും ഇവിടെ ഇത്തരം നിയമങ്ങള്‍ നിലവിലുണ്ടെന്നും ആപ്പിളിന് സ്വയം ബോധ്യപ്പെടണമെന്നും അവര്‍ പറയുന്നു. ബ്രസീലില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ ഇവിടെയുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ആപ്പിളിനോട് പ്രോകോണ്‍എസ്പി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഐഫോണ്‍ 12 സീരീസ് ചാര്‍ജറുകളില്ലാതെ പുറത്തിറക്കിയത്. ഇതോടെ, ആപ്പിള്‍ എന്താണ് ചെയ്യുന്നതെന്നു നോക്കിയിരിക്കുന്ന പല കമ്പനികളും ആപ്പിളിന്റെ പാത പിന്തുടര്‍ന്ന് ചാര്‍ജറുകള്‍ ഇല്ലാതെ ഫോണ്‍ വില്‍പനയും തുടങ്ങി. ചാര്‍ജറില്ലാതെ വില്‍ക്കാനുള്ള പ്രധാന കാരണം പരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറയ്ക്കാനാണ് എന്ന വിശദീകരിണമാണ് ആപ്പിള്‍ നല്‍കിയത്. ഈ നീക്കം പരിസ്ഥിതിക്ക് കാര്യമായ ഒരു ഗുണവും ചെയ്യില്ലെന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.