Connect with us

india

ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയാണ് മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Published

on

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയാണ് മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിന്റെ സത്യപ്രതിജ്ഞ. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും അതു നിറവേറ്റുമെന്നും രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യത്തെ അഭിസംബോധനയില്‍ ദ്രൗപതി മുര്‍മു പറഞ്ഞു.

ദ്രൗപതി മുര്‍മുവിനെ ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതോടെ ചരിത്രപുസ്തകത്തില്‍ രചിക്കപ്പെട്ടത് പുതിയ താളുകള്‍. ഗോത്രവര്‍ഗക്കാരിയായ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. ഒപ്പം രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയും. വന്‍ പിന്തുണയോടെയാണ് സന്താള്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മുര്‍മു രാഷ്ട്രപതി ഭവനിലേക്ക് നടന്നുകയറിയത്.

പട്ടിണിയോടും ദാരിദ്ര്യത്തോടും പടവെട്ടിയാണ് അവര്‍ ജീവിത യാത്ര തുടങ്ങിയത്. ജാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണറായിരുന്നു മുര്‍മു. രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയും. 2015 മുതല്‍ 2021 വരെയായിരുന്നു കാലാവധി. അധ്യാപക ജീവിതത്തില്‍ നിന്നാണ് മുര്‍മു രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഒഡീഷയിലെ ഭുവനേശ്വര്‍ രമാദേവി സര്‍വകലാശാലയില്‍ നിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം നേടിയത്.

1997ല്‍ റായ്റംഗ്പൂരിലെ നഗര സഭാ കൗണ്‍സിലറായി മത്സര രംഗത്തേക്കിറങ്ങി. വിജയത്തോടെ തുടക്കം. തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. നിയമ സഭയിലേക്കായി അടുത്ത അങ്കം. റായ്റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ എം. എല്‍. എആയി. ബി.ജെ.പി- ബി. ജെ.ഡി സംയുക്ത മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകളാണ് കൈകാര്യം ചെയ്തത്. പാര്‍ട്ടിക്കുള്ളിലും നിരവധി സുപ്രധാന പദവികള്‍ മുര്‍മു വഹിച്ചിട്ടുണ്ട്.

1997ല്‍ എസ്.ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു. രാഷ്ട്രീയത്തിലെ നേട്ടങ്ങള്‍ മുര്‍മുവിനെ തേടിയെത്തുമ്പോഴും സ്വകാര്യ ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് സ്വന്തം. ഭര്‍ത്താവിന്റെയും രണ്ട് ആണ്‍മക്കളുടെയും മരണത്തിന് സാക്ഷിയാകേണ്ടി വന്നു. ഹൃദയ സ്തംഭനത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിന്റെ വിയോഗമാണ് ആദ്യം നേരിടേണ്ടിവന്നത്. അതിന്റെ ഞെട്ടല്‍ മാറും മുമ്പായിരുന്നു മൂത്തമകന്‍ ലക്ഷ്മണിനെ മരണം തട്ടിയെടുത്തത്. കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ട ലക്ഷ്മണിനെ ഉടന്‍ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് 2012ല്‍ ഒരു റോഡപകടത്തില്‍ ഇളയ മകനേയും മരണം കൊണ്ടുപോയി. ബാങ്ക് ഉദ്യോഗസ്ഥയായ ഒരു മകള്‍ കൂടിയുണ്ട്. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ് രംഗ്പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഉപര്‍ബെഡയാണ് മുര്‍മുവിന്റെ ജന്മഗ്രാമം. ഇവരുടെ തറവാട്ടുവീട് ഇപ്പോഴും ഇവിടെയുണ്ട്. ഇപ്പോള്‍ അനന്തരവന്‍ ദുലാറാം ടുഡുവാണ് ഇവിടെ താമസിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാല് ദിവസത്തേക്ക് ഫ്രീസറില്‍ വെക്കൂ; യു.പിയില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാതെ മകന്‍

വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മകന്‍. വീട്ടില്‍ വിവാഹ ചടങ്ങ് നടക്കുന്നുവെന്ന് പറഞ്ഞാണ് മകന്‍ ജീവനക്കാരോട് മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

‘എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഇപ്പോള്‍ ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം’ എന്നായിരുന്നു മകന്‍ ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, ജീവനക്കാര്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവില്‍ അവര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

എന്നാല്‍ നാല് ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ശോഭ ദേവിയുടെ ഭര്‍ത്താവ് ഭുവാല്‍ ഗുപ്ത പറഞ്ഞു. ഭുവാല്‍ തന്റെ ഇളയ മകനെ മരണവിവരം വിവരമറിയിച്ചെങ്കിലും ‘മൂത്ത സഹോദരനുമായി ആലോചിച്ച ശേഷമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ’ എന്നാണ് അയാള്‍ പറഞ്ഞത്.

മകന്റെ വിവാഹം നടക്കുന്നതിനാല്‍ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കണമെന്ന് മൂത്ത സഹോദരന്‍ പറഞ്ഞുവെന്ന് അയാള്‍ പിന്നീട് അറിയിച്ചു. ദമ്പതികളുടെ മൂത്തമകനുമായി സംസാരിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ അറിയിച്ചു. ഇളയ മകനുമായി മാത്രമേ ശോഭ ദേവിക്കും ഭര്‍ത്താവിനും ബന്ധമുണ്ടായിരുന്നുള്ളൂവെന്നും ഇടക്കിടെ അവരുടെ ക്ഷേമം അന്വേഷിക്കാന്‍ അദ്ദേഹം വിളിക്കുമായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പലസ്ഥലങ്ങളില്‍ അലഞ്ഞ ശേഷമാണ് വൃദ്ധസദനത്തില്‍ എത്തുന്നത്. ശോഭ ദേവിക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാലിന് അസുഖം ബാധിച്ചത്. നവംബര്‍ 19ന് അവരുടെ നില വഷളായി. ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭുവാല്‍ ഗുപ്ത ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കെപിയര്‍ഗഞ്ചിലെ ഭരോയ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ഭുവാല്‍ പറയുന്നു.

Continue Reading

india

ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Published

on

ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍. സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഡിങ്കല്‍ ഷിംഗോടാവാലയെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഓള്‍പാഡ് താലൂക്കില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡിങ്കല്‍, സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വരാച്ച സോണില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. എസ്‌ഐആര്‍ പ്രവര്‍ത്തനത്തിനായി ബൂത്ത് ലെവല്‍ ഓഫീസറുടെ അധിക ചുമതലയും കൈകാര്യം ചെയ്തിരുന്നത്. കുളിമുറിക്കുള്ളില്‍ ഗ്യാസ് ഗീസര്‍ ഉണ്ടായിരുന്നെന്നും ഇതില്‍നിന്നുള്ള വാതകം ശ്വസിച്ച് ശ്വാസംമുട്ടിയാകാം യുവ ഉദ്യോഗസ്ഥ മരിച്ചതെന്നുമാണ് പൊലീസ് നിഗമനം.

ഡിങ്കലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ യഥാര്‍ഥ മരണകാരണം വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവരെ 14 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ പ്രക്രിയയുടെ ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയും ഹൃദയാഘാതമുള്‍പ്പെടെ മൂലം മരിക്കുകയും ചെയ്തത്.

Continue Reading

india

നീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

Published

on

നീലഗിരിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

മാവനല്ലാ സ്വദേശിനിയായ 65കാരി ബി. നാഗിയമ്മാള്‍ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മസിനഗുഡിയിലെ മാവനല്ലായിലാണ് സംഭവം. ആടുകളെ മേയ്ക്കുന്നതിനിടെയായിരുന്നു സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് കടുവ ചാടിവീണ് ആക്രമിക്കുകയായിരുന്നു.

നാഗിയമ്മാളിനെ കടിച്ചുകീറിയ കടുവ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയപ്പോഴും പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹത്തിനടുത്തേക്ക് പോകാനായില്ല. അരമണിക്കൂറിന് ശേഷം കടുവ കാട്ടിലേക്ക് പോയതോടെയാണ് അധികൃതര്‍ക്ക് മൃതദേഹത്തിനടുത്ത് എത്താനായത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് നിരീക്ഷണം നടത്താനായി നാലുസംഘങ്ങളെ നിയോഗിച്ചതായി മുതുമല ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജി. ഗണേശന്‍ പറഞ്ഞു. പുലര്‍ച്ചെയും വൈകിട്ടും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനടക്കം ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഇതിനായി ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി മേഖലയില്‍ 20 ക്യാമറകള്‍ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. കടുവയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending