Connect with us

kerala

കോടികള്‍ മുടക്കിയ കെ ഫോണ്‍ പെരുവഴിയില്‍

സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചതും കോടികള്‍ മുടക്കിയതുമായ കെ ഫോണ്‍ പദ്ധതി പെരുവഴിയില്‍.

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചതും കോടികള്‍ മുടക്കിയതുമായ കെ ഫോണ്‍ പദ്ധതി പെരുവഴിയില്‍. മാര്‍ഗരേഖ തയാറാക്കുന്നതില്‍ തുടങ്ങി സൗജന്യ കണ്‍ക്ഷന് അര്‍ഹരായവരുടെ പട്ടിക ശേഖരിക്കുന്നതില്‍ വരെ ആശയക്കുഴപ്പം തുടരുകയാണ്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി, 83 ശതമാനം പൂര്‍ത്തിയായെന്നും 2022 ജൂണില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ നടപടികള്‍ പ്രായോഗിക തലത്തിലേക്ക് എത്തിയിട്ടില്ല.

സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമായി 30000 കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല, നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഡാറ്റാ ഹൈവേ, സാര്‍വത്രികവും സൗജന്യവുമായ ഇന്റര്‍നെറ്റ് സര്‍ക്കാര്‍ മേഖലയില്‍ എന്നിങ്ങനെയായിരുന്നു പ്രഖ്യാപണം. പദ്ധതി ചെലവ് 1516.76 കോടി രൂപയാണ്. നടത്തിപ്പ് കരാര്‍ ഭാരത് ഇലട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കണ്‍സോഷ്യത്തിനാണ്. 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങളിലേക്ക് സൗജന്യ നെറ്റ്, സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും സ്‌കൂളുകളും കണക്റ്റിവിറ്റി പരിധിയില്‍ കൊണ്ടുവരാനും പദ്ധതിയിട്ടിരുന്നു.

ആദ്യഘട്ടം കേബിളിടല്‍ പൂര്‍ത്തിയായതോടെ പൊടുന്നനെ നിലപാട് മാറ്റിയ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ഡാറ്റായും കൊടുക്കുമെന്നാണ്. ബി കാറ്റഗറിയില്‍ പെടുന്ന ഐ.എസ്.പി ലൈസന്‍സ് ഉപയോഗിച്ച് കേരളമാകെ കണക്ഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെയാണ്. സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് ടെണ്ടര്‍ വിളിച്ച് ഡാറ്റാ വാങ്ങണം, ഇന്റര്‍നെറ്റ് ഭീമന്‍മാരോട് മത്സരിച്ച് വിപണി പിടിക്കുകയും വേണം.24,357 സര്‍ക്കാര്‍ ഓഫീസില്‍ കണക്ഷനെത്തിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ വെറും നാലായിരം ഓഫിസില്‍ മാത്രമാണ് നിലവില്‍ ഡാറ്റാ എത്തിക്കുന്നത്. അതാകട്ടെ പവര്‍ഗ്രിഡില്‍ നിന്ന് കിട്ടുന്ന ഡാറ്റ പരീക്ഷണാടിസ്ഥാനത്തിലും. വീടുകളിലേക്കും ഓഫീസുകളിലേക്കും കണക്ഷനെത്തിക്കണമെങ്കില്‍ അതിന് സേവന മാനദണ്ഡങ്ങളും നടപടി ക്രമങ്ങളുമുണ്ടാകണം.

കണക്ഷന്‍ നല്‍കാന്‍ കേരളാ വിഷനേയും ഡാറ്റാ വാങ്ങാന്‍ ബി.എസ്.എന്‍.എല്ലിനേയും തിരഞ്ഞെടുത്തെങ്കിലും എത്ര ഡാറ്റ, എന്ത് ചെലവില്‍ എങ്ങനെ വാങ്ങുമെന്നോ ലാഭകരമായി പദ്ധതി എങ്ങനെ മുന്നോട്ടുകൊണ്ട് പോകുമെന്നോ യാതൊരു വ്യക്തതയും ആയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി പരിശോധിക്കുന്നു എന്ന് മാത്രമാണ് സര്‍ക്കാരിന്റെ മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending