Connect with us

Video Stories

കണക്കൊക്കെ ഒരു കണക്കല്ലേ ചേട്ടാ

Published

on

ശാരി പിവി
സര്‍വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ചിരിക്കാനാവില്ല. എന്തെന്നാല്‍ സര്‍വാധിപതിയെ നോക്കി കളിയാക്കേണ്ടി വരുമ്പോള്‍ ചിരി താനെ മാഞ്ഞുപോകും. ആയതിനാല്‍ ജനാധിപത്യത്തില്‍ വിമര്‍ശിക്കാനും ചിരിക്കാനും അവകാശം (കേരളത്തിലും, കേന്ദ്രത്തിലും ബാധകമല്ല) ഉണ്ടെന്നാണ് വെയ്പ്. പക്ഷേ കാവിയോ, ചുവപ്പോ അതി തീവ്രമെന്ന് സംശയമുള്ള കേരളത്തില്‍ ഇപ്പോ കാര്യങ്ങളൊക്കെ കൈവിട്ട സ്ഥിതിയാണ്. അങ്ങു യു.പിയില്‍ ബീഫിനാണ് നിരോധനമെങ്കില്‍ ഇവിടെ വാ തുറക്കുന്നതിനു പോലും നിയന്ത്രണങ്ങളാണ്. ബ്രണ്ണന്‍ കോളജില്‍ വാളും പരിചയുമൊക്കെയായവര്‍ക്ക് ഇപ്പോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ട്രോളുവരുന്നതു പോലും പേടിയാണത്രേ!. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്ങാനും മിണ്ടിയാല്‍ അവന്റെ കാര്യം പിന്നെ പോക്കാ. ഇന്നാട്ടില്‍ ഒരു സര്‍ക്കാറുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ചോദ്യങ്ങള്‍ പോലും മുള്‍ക്കിരീടമായി തോന്നുന്നവര്‍് ഇപ്പോ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കയാണ്. പുതിയ കാലത്തെ ട്രോളിങ് നിരോധനം. സംഗതി വെറും കച്ചടത്തപ്പയല്ലാതെ മറ്റൊന്നും ഇന്നാട്ടില്‍ ഭരണം എന്ന പേരില്‍ നടക്കുന്നില്ലെന്ന് അഴിമതിക്ക് റാങ്കിട്ട് പട്ടിക പുറത്തു വന്നതോടെ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ വ്യക്തവുമാണ്. എന്തായാലും വിദ്യാഭ്യാസ വകുപ്പിനൊരു മന്ത്രിയുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ മുള്‍ക്കിരീടത്തില്‍ വീണ്ടും കാക്കത്തൂവല്‍ വന്നു ചേര്‍ന്നുവെന്നും ഇപ്പോഴാണ് അറിയുന്നത്.
മോശം മന്ത്രിയാരെന്ന മത്സരത്തില്‍ ഒന്നാമതെത്തിയത് ആരെന്ന ചോദ്യത്തിനു പോലും ഇനി പ്രസക്തിയില്ല താനും. പണ്ടൊക്കെ ചോദ്യപേപ്പറില്‍ എന്തെങ്കിലും വള്ളിയോ, പുള്ളിയോ തെറ്റിയാല്‍ ഉടനെ വരും കമന്റ,് അതും നല്ല ഒന്നാന്തരം വര്‍ഗീയ ചുവയോടെ, മഴ പെയ്തപ്പോഴെങ്കിലും സ്‌കൂളിന്റെ ഇറയത്തു കയറി നില്‍ക്കാത്ത മലപ്പുറത്തെ കാക്കമാരെ വിദ്യാഭ്യാസ മന്ത്രിയാക്കിയാല്‍ ഇങ്ങിനിരിക്കും. ഗോപാലേട്ടന്റെ പശുവും ദക്ഷായണിയുടെ ആടുമൊക്കെ എസ്.എസ്.എല്‍.സി ജയിച്ച കഥയുമൊക്കെയായി കൂലി എഴുത്തുകാരും ചര്‍ച്ചാ തൊഴിലാളികളും പിന്നാലെ. ഇത്തവണ വിദ്യ+ അഭ്യാസം ച്ചിരി കൂടുതലായ മഹാന്മാര്‍ എസ്.എസ്.എല്‍.സിയുടെ കണക്ക് പരീക്ഷയ്ക്ക് ചോദ്യം തയാറാക്കിയത് ഏതാണ്ടൊക്കെ കണക്കായിപ്പോയിരിക്കയാണ്. ഏതാണ്ടെങ്ങോ ഉള്ള ട്യൂഷന്‍ സെന്ററുകാര്‍ പിള്ളാര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത മാതൃക ചോദ്യമാണത്രേ മാതൃക പുരുഷോത്തമന്മാരായ സഖാവ് പണ്ഡിറ്റുകള്‍ കോപ്പിയടിച്ച് പത്താം തരം ചോദ്യപ്പേപ്പറാക്കിയത്. സംഗതി പരീക്ഷ കഴിഞ്ഞതോടെ ക്ഷ, ണ്ണ, ര്‍റ..ട്ട വരച്ച് പിള്ളാര്‍ ക്വസ്റ്റിയന്‍മാര്‍ക്ക് പോലെ വളഞ്ഞതോടെയാണ് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നത്. ഇനിയിപ്പോ പരീക്ഷ വീണ്ടും നടത്തുമെന്നാണ് അറിയിപ്പ്. ഭൂലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്‌സിലായതോണ്ടാവാം.
ഒരു സ്പന്ദനവുമില്ലാത്ത ഭരണത്തില്‍ വീണ്ടും പരീക്ഷ. എന്തായാലും പരീക്ഷയുടെ കട്ടി കണ്ട് കണക്ക് കണക്കായല്ലോ സാറെ എന്നും പറഞ്ഞ് പുസ്തകം തൂക്കി വിറ്റ വിദ്വാന്‍മാര്‍ ഇനി എന്തു ചെയ്യുമോ എന്തോ?. എന്തായാലും പരീക്ഷ റദ്ദാക്കിയതിന് കുറ്റം പറയാനൊക്കില്ല. സംഗതി വിദ്യാര്‍ത്ഥികളുടെ പക്ഷത്തു നിന്നും ആലോചിച്ചാണത്രേ തീരുമാനിച്ചത്. (ഏത് വിദ്യാര്‍ത്ഥി എന്നൊന്നും ചോദിച്ചേക്കരുത് ഒരു ഭംഗിക്ക് ഇങ്ങനെയൊക്കെയാണ് പറയുക).എന്തായാലും നടത്തിയ പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. അങ്ങനെ എഴുതിയ പരീക്ഷകള്‍ വീണ്ടും എഴുതേണ്ട നാട് ഏതെന്ന ചോദ്യം എങ്ങാനും അടുത്ത തവണ വന്നാല്‍ ഉത്തരം ഇപ്പോഴേ റെഡി. ഇനിയിപ്പോ എഴുതിയ പരീക്ഷ വീണ്ടും വെച്ചത് മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച 30നാണ്. എസ്.എസ്.എല്‍.സി മാത്രമല്ല ഇത്തവണ പ്ലസ്ടു ചോദ്യവും പിള്ളാരെ വട്ടം കറക്കിയിരുന്നു. ഇനി അതിന്റെ പുനപരീക്ഷ റിസല്‍ട്ട് വന്നതിനു ശേഷം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. ചോദ്യപേപ്പര്‍ മാത്രമല്ല ചോര്‍ന്നത്. പണ്ട് പ്രതിപക്ഷത്തിരുന്ന സമയത്ത് ജയില്‍ നിറക്കല്‍ സമരം നടത്തിയ സഖാക്കള്‍ ഈയിടെ ജയിലൊഴിക്കല്‍ പരിപാടിക്കായി തയാറാക്കിയ കുറിപ്പും ചോര്‍ന്നിരുന്നു. കുറിപ്പിലുണ്ടായിരുന്നത് മാതൃക ചോദ്യപ്പേപ്പറിനു സമാനമായ മാതൃക മഹതി മഹാന്മാരുടെ പേരുകളായിരുന്നു. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം, കല്ലുവാതിക്കല്‍ മദ്യദുരന്തത്തിലെ പ്രധാന പ്രതിയായ മണിച്ചന്‍, സഹോദരന്‍ വിനോദ്, കാരണവര്‍ വധക്കേസിലെ പ്രതി ഷറിന്‍, തിരുവനന്തപുരത്തെ പ്രമുഖ ഗുണ്ടാ നേതാവും കൊലക്കേസിലെ പ്രതിയുമായ ഓംപ്രകാശ്, പിന്നെ ടി.പി കേസിലെ പാര്‍ട്ടിയുടെ മുത്തായ 11 പ്രതികള്‍ തുടങ്ങി 1911 പേരുടെ പട്ടികയാണ് തയാറാക്കിയിരുന്നത്. ഈ ലിസ്റ്റ് തയാറാക്കിയത് ഗുജറാത്തില്‍ നിന്നുള്ള ഗോ സേനക്കാരൊന്നുമല്ല. ഇരട്ടച്ചങ്കുണ്ടെന്ന് പാര്‍ട്ടിക്കാര്‍ അവകാശപ്പെടുന്ന മുഖ്യന്റെ കീഴിലുള്ള ജയില്‍ വകുപ്പ് തന്നെയായിരുന്നു.
അല്ലേലും ചോരാത്തതായി ഈ മന്ത്രിസഭയില്‍ ഇനിയിപ്പോ എന്താ ഉള്ളത്. ബന്ധു നിയമനത്തില്‍ പെട്ട് മുഹമ്മദലിയെ കേരളത്തിന്റെ ചാമ്പ്യനാക്കിയ ജയരാജന്‍ ആദ്യം പോയി. പിന്നാലെ സ്ത്രീ സംരക്ഷണത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അധികാരത്തിലെത്തിയ മന്ത്രിസഭയില്‍ കൊച്ചു പുസ്തകത്തെ നാണിപ്പിക്കുന്ന തരത്തില്‍ പരാതി പറയാനെത്തിയ സ്ത്രീയെ ഫോണില്‍ വിളിച്ച് സൊള്ളിയതിന് ഗതാഗത വകുപ്പ് മന്ത്രിയും പുറത്തായി. മൊത്തത്തില്‍ ജീവിതത്തിനു തന്നെ ചിട്ട വരും എന്നതാണ് യോഗയുടെ പ്രത്യേകതയെന്നും യോഗ അഭ്യസിക്കണമെന്നും ഈയിടെ ഫെഡറേഷന്‍ കപ്പ് യോഗ ദേശീയ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യന്‍ പറഞ്ഞിരുന്നു. ഭരണത്തിനു വല്ല ചിട്ടയും വരാന്‍ പറ്റിയ വല്ല ആസനവും യോഗയില്‍ ഉണ്ടോ ആവോ?.
……………………………………………………………..
കേരള സര്‍ക്കാറിന്റെ പൊലീസ് വകുപ്പ് ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. ചിലപ്പോ സിരിപ്പിച്ച് സിരിപ്പിച്ച് കൊല്ലും. ദോണ്ടേ ഈയിടെ മനുഷ്യാവകാശ കമ്മീഷന് ഇരട്ടച്ചങ്കന്റെ പൊലീസ് കൊടുത്ത ഒരു മറുപടിയുണ്ട്. ഭാവിയിലൊക്കെ ഗവേഷണത്തിന് സഹായിക്കുന്ന ഇനമാണ്. അതായത് ഈ കുപ്പു ദേവരാജനുണ്ടല്ലോ, അതേ നക്‌സല്‍ കുപ്പുദേവ രാജന്‍തന്നെ. ലങ്ങേര് സംഭവം മാവോയിസ്റ്റായിരുന്നെങ്കിലും അയാളുടെ അനുയായികള്‍ മുഴുവന്‍ മുസ്്‌ലീം തീവ്രവാദികളായിരുന്നത്രേ. അപ്പുറത്ത് മുഴുവന്‍ ബിജെപിക്കാര്‍ നിരന്നിരിക്കുന്നു. ഇപ്പുറത്ത് കുപ്പു ദേവരാജന്റെ അനുയായികളായ മുസ്്‌ലിംകളും അങ്ങനെ നിരന്ന്, നിരന്ന് നിന്നപ്പോ ഒരു വന്‍ വര്‍ഗീയ സംഘര്‍ഷത്തിന് കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കേണ്ടതായിരുന്നു പോലും. പക്ഷേ ലത് ഒഴിവാക്കാനായാണത്രേ കുപ്പു ദേവരാജന്റെ സഹോദരന്റ കോളറിന് കുത്തിപ്പിടിച്ച് പൊലീസ് ടിയാനെ നീക്കിയത്.
മനുഷ്യാവകാശ കമ്മിഷന് പിണറായിയുടെ പൊലീസ് കൊടുത്ത വിശദീകരണമാണ് ലിത്. അതിപ്പോ മലയാളം അരിയുന്ന ഡി.ജി.പി നിയന്ത്രിക്കുന്ന പൊലീസിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസുകാരുടെ നാഗ്പൂരീന്നാണോ എന്ന സംശയം ഈയിടെ പലരും ചോദിച്ചിരുന്നു. സംഗതി ന്യായമുണ്ടെന്ന് തോന്നിപ്പോകും. സോറി ആര്‍ എസ് എസുകാര്‍ക്ക് പോലും ഇത്രേം ഭാവന ഉണ്ടാവില്ല. ഈ രൂപത്തില്‍ ഭാവന പീലി വിടര്‍ത്തി ആടണമെങ്കില്‍ അവര്‍ കേരളാപ്പൊലീസിന് എത്രേം പെട്ടെന്ന് ശിഷ്യപ്പെടേണ്ടി വരും. യുവ നക്‌സലൈറ്റ് നേതാവ് കൊല്ലപ്പെട്ടെന്നായിരുന്നു സി.പി.എം പണ്ട് നക്‌സല്‍ വര്‍ഗീസ് കൊല്ലപ്പെട്ടപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറി കഥ മാറി. ട്രോളിന് നിരോധനമേര്‍പ്പെടുത്തിയ സുതാര്യ ഭരണ കാലത്ത് നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമായി. പീലി വിടര്‍ത്താന്‍ ആഭ്യന്തര വകുപ്പിന് ഭാവനകള്‍ ഇനിയും ബാക്കി.

ലാസ്റ്റ് ലീഫ്:
ഗതാഗത വകുപ്പില്‍ നിന്നും രാജിവെച്ച എ.കെ ശശീന്ദ്രന് പകരം ജയരാജന്‍ മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെ ഗതാഗതത്തിന് മന്ത്രിയുമാകും, അന്യം നില്‍ക്കുന്ന ഹാസ്യ കലയ്ക്ക് പ്രോത്സാഹനവും. ഒരു വെടിക്ക് രണ്ട് പക്ഷി.

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending