Connect with us

kerala

ഇന്ധനം നിറക്കാനെത്തിയവർക്ക് സമാശ്വാസമായി 2 രൂപ നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം

യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം കമ്മറ്റിയാണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

Published

on

രണ്ടു രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ചില്ലറ സമരം സംഘടിപ്പിച്ചു.തൃശൂർ പൂച്ചട്ടിയിലെ പമ്പിൽ ഇന്ധനം നിറക്കാനെത്തിയവർക്കാണ് സമാശ്വാസമായി 2 രൂപ നൽകി പ്രതിഷേധിച്ചത്. ഇന്ധനം നിറക്കാനെത്തിയവർ ചില്ലറ സ്വീകരിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി.യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം കമ്മറ്റിയാണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

kerala

തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കിയത് പ്രതിപക്ഷത്തോട് ആലോചിക്കാതെ; ഇത് അനുവദിക്കില്ലെന്ന് സതീശൻ

കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്

Published

on

നിയമസഭയിൽ മോദി ശൈലി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തദ്ദേശ വാർഡ് പുനർനിർണയ ബിൽ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണ്. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ഒരു തരത്തിലുമുള്ള ചർച്ചയും നടത്താതെയാണ് അനൗപചാരികമായി പ്രതിപക്ഷം സമ്മതിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

ഇത്തരത്തിൽ ബിൽ പാസാക്കാൻ പ്രതിപക്ഷം ഒരുതരത്തിലും സമ്മതിക്കില്ല. ഇല്ലാത്ത കാര്യമാണ് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഞങ്ങളുമായി ഒരു തരത്തിലുമുള്ള കൂടിയാലോചനകളും നടത്തിയിട്ടില്ല. നിയമസഭയുടെ പേരാണ് മോശമായത്. നിങ്ങൾക്ക് നിങ്ങളുടെ ഭൂരിപക്ഷം കൊണ്ട് തന്നെ ബിൽ പാസാക്കാമായിരുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡീ ലിമിറ്റേഷൻ വലിയ പ്രക്രിയ ആണെന്ന് പറയുന്ന മന്ത്രിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ ബിൽ കൊണ്ടുവരാമായിരുന്നില്ലേ. സബ്ജക്ട് കമ്മിറ്റിക്ക് അയക്കുമെന്നാണ് അജണ്ടയിലുണ്ടായിരുന്നത്. മുൻ സഭയിൽ ഈ ബിൽ പരിഗണിച്ചപ്പോൾ ഇല്ലാതിരുന്ന നിരവധി പേർ ഇപ്പോഴത്തെ സഭയിലുണ്ട്. അവർക്കും ഭേദഗതികൾ അവതരിപ്പിക്കാനാകും.

പെട്ടെന്ന് പാസാക്കേണ്ടതാണെങ്കിൽ പ്രതിപക്ഷത്തോട് പറയാമായിരുന്നു. ചരിത്രത്തിൽ ആദ്യമാണ് അജണ്ടയിൽ ഉൾപ്പെടുത്തിയ ബിൽ പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കുന്നതെന്നും സതീശൻ പറഞ്ഞു.

Continue Reading

crime

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക്

ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്

Published

on

കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചതെന്ന് സഹോദരി പറഞ്ഞു.

ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ജയയുടെ ഓട്ടോ വിളിച്ചത്. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷം അവിടെ പണം വാങ്ങി നല്‍കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും ഓട്ടോ ബിച്ചിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു.

ക്രൂരമായ മര്‍ദനത്തില്‍ ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന് സഹോദരി പറഞ്ഞു. മനഃപൂര്‍വം ആരോ ചെയ്യിച്ചതാണെന്നാണ് സഹോദരി പറയുന്നത്.

Continue Reading

Health

പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി 

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്കൂ‌ളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്‌ധ ചികിത്സ തേടണം.

പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്‌ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്ക‌്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അറിയിച്ചു.

എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തണം. എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്പർക്കമാണ് എലിപ്പനിയ്ക്ക് കാരണമാകുന്നത്. അതിനാൽ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുൻകരുതലുകളെടുക്കണം. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്‌ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ 100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.

ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ കൊതുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം. വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാൽ തന്നെ പ്രതിരോധം പ്രധാനമാണ്. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക. ഭക്ഷണം പാകം ചെയ്യും മുൻപും കഴിക്കുന്നതിനു മുൻപും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം കുടിക്കുക. കൂടെ ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻ വെളളം എന്നിവയും കൂടുതലായി നൽകുക. വയറിളക്കം ബാധിച്ചാൽ ഭക്ഷണവും വെളളവും കൂടുതലായി നൽകണം. നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ (വർദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമം, മയക്കം, മൂത്രത്തിന്റെ അളവിലോ നിറത്തിലോയുള്ള വ്യത്യാസം) കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക.

Continue Reading

Trending