Connect with us

Video Stories

പരിതാപകരം ഈ സോളാര്‍ ഇരുട്ട്- chandrikadaily

കേരളത്തിലെ പൊതുപ്രവര്‍ത്തകരുടെ അന്തസ്സ് സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം, സി.പി.എം നേതാവെന്ന നിലയിലല്ല, കേരള മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനുണ്ട്.

Published

on

ഡോ. പുത്തൂര്‍ റഹ് മാന്‍

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ടാണ് പോയവാരം കേരളം ചര്‍ച്ച ചെയ്തത്. പ്രസ്തുത വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെല്ലാം സോളാര്‍ പീഡനകേസ് എന്നാണ് പരാമര്‍ശിച്ചത്. അതുവായിക്കാനിടയായപ്പോള്‍, ആലോചിച്ചുപോയത് ഒരു സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിനെ പീഡനകേസാക്കി അവതരിപ്പിക്കാന്‍ വേണ്ട ദുഷ്ടലാക്ക് മാധ്യമങ്ങള്‍ക്കെല്ലാം വേണ്ടത്രയുണ്ടെന്നതാണ്. സി.ബി.ഐ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ടു നടന്ന ഗൂഢാലോചന വിശദീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നതും കേസിലെ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല, പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന കാര്യവുമാണ് സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. കേസിലുള്‍പ്പെട്ട സരിത എസ്.നായര്‍ ജയിലില്‍ക്കിടന്ന സമയത്തെഴുതിയ കത്ത് സോളാര്‍ വിവാദത്തിലെ തുറുപ്പുചീട്ടായിരുന്നു. കത്ത് ഗണേഷ്‌കുമാര്‍ കൈവശപ്പെടുത്തിയെന്നതും വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയെന്നതുമാണ് ഇപ്പോള്‍ സി.ബി. ഐ റിപ്പോര്‍ട്ട് പറയുന്നത്. കേരളം കണ്ട ഏറ്റവും അറപ്പുളവാക്കുന്ന രാഷ്ട്രീയ കോളിളക്കം എങ്ങനെയെല്ലാമാണ് ഉപയോഗപ്പെടുത്തപ്പെട്ടതെന്നതാണ് ഇപ്പോള്‍ തിരിച്ചറിയുന്നത്.
പരിതാപകരമെന്നു മാത്രം വിശേഷിപ്പിക്കാവുന്ന സോളാര്‍ കേസില്‍ മലയാളികള്‍ എന്തൊക്കെയാണ് കാണാനും കേള്‍ക്കാനും വിധിക്കപ്പെട്ടത്. ധാര്‍മിക രാഷ്ട്രീയം ഇക്കാലത്തില്ല എന്നുതന്നെ കരുതിയാലും അല്‍പം രാഷ്ട്രീയ ധാര്‍മികത രാഷ്ട്രീയനേതാക്കള്‍ക്ക് വേണ്ടതല്ലേ, ലവലേശം രാഷ്ട്രീയ ധാര്‍മികതയില്ലാത്തവരായി കേരളത്തിലെ പൊതു പ്രവര്‍ത്തകരില്‍ ഒരുപറ്റം അധപതിച്ചതിന്റെ ദൃഷ്ടാന്തം തന്നെയായിരുന്നു സോളാര്‍ കേസ്. സാമ്പത്തിക കുറ്റകൃത്യത്തെ വ്യക്തികളെ തേജോവധം ചെയ്യാനുള്ള അവസരമാക്കുകയും ലൈംഗിക ആരോപണങ്ങള്‍ കുത്തിനിറച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ അതു ദുരുപയോഗം ചെയ്യുകയുമാണുണ്ടായത്. സാമ്പത്തിക ഇടപാടിനേക്കാള്‍ ലൈംഗിക ആരോപണത്തിന് പ്രാധാന്യം നല്‍കി ആ കേസിനെ മാറ്റിമറിച്ചവര്‍ ആരൊക്കെയെന്ന് ഇപ്പോള്‍ വെളിപ്പെട്ടുവരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കിയതെങ്ങനെയെന്നും കേരളം തിരിച്ചറിയുന്നു. രാഷ്ട്രീയത്തില്‍ രൂപപ്പെട്ടുകഴിഞ്ഞ തരംതാണ ‘രാഷ്ട്രീയ സംസ്‌കാര’ത്തിന്റെ സമീപകാലത്തെ ഏറ്റവും വൃത്തികെട്ട ഉദാഹരണമായിരുന്നു സോളാര്‍ കേസ്. ന്യൂനോര്‍മല്‍ എന്നു വിളിക്കാവുന്ന വിധം രാഷ്ട്രീയ നേതാക്കളെ പിടിമുറുക്കിക്കഴിഞ്ഞ രാഷ്ട്രീയസംസ്‌കാരത്തിന്റെ സന്തതികള്‍ കേരള നിയമസഭക്കകത്തു തന്നെ ഇപ്പോഴും ചാരിത്ര്യപ്രസംഗം നടത്തുന്നു എന്നതാണ് ഏറെ ജുഗുപ്‌സാവഹമായ കാര്യം. ഉമ്മന്‍ചാണ്ടിക്കെതിരെ ഗണേഷ്‌കുമാര്‍ എം.എല്‍.എ ഗുഡാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോര്‍ട്ട് അതുകൊണ്ടു തന്നെ രാഷ്ട്രീയധാര്‍മികതയുടെ കണികപോലും കാണാനാവാത്ത കുറ്റവും ക്രൂരതയുമാണ്. കേരളം അടുത്തറിഞ്ഞ, സുതാര്യമായി ജീവിച്ച ജനകീയ നേതാവിനെ, പ്രത്യേകിച്ചും പിതാവ് മകനോടെന്നപോലെ പെരുമാറിയിരുന്ന വ്യക്തിയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി പീഡനക്കേസില്‍ കുടുക്കാന്‍ ഗുഡാലോചന നടത്തിയ ഒരാളുടെ മനസ്സ് എത്ര നീചമായിരിക്കും. അത്തരക്കാരെ തുടര്‍ന്നും പേറുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കൂസലില്ലായ്മയെ അപാരമായ തൊലിക്കട്ടിയുള്ള മൃഗങ്ങളുമായാണ് ഉദാഹരിക്കേണ്ടത്. സിനിമ വഴിക്ക് കേരളത്തിന്റെ സാംസ്‌കാരിക മേഖലയിലും പ്രത്യക്ഷപ്പെടുന്ന വ്യക്തി എത്ര അസാംസ്‌കാരികമായി പ്രവര്‍ത്തിക്കുന്നു എന്നതും ചിന്തിക്കേണ്ടതുതന്നെ. പ്രസ്തുത എം.എല്‍.എ സ്ഥാനം രാജിവെക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ പടിക്കുപുറത്താക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേരള മുഖ്യമന്ത്രിയാണ്. കേരളത്തിലെ പൊതുപ്രവര്‍ത്തകരുടെ അന്തസ്സ് സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം, സി.പി.എം നേതാവെന്ന നിലയിലല്ല, കേരള മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനുണ്ട്.
പൊതുരംഗത്തെ നയിക്കുന്നതും ഭാവിയില്‍ നയിക്കാന്‍ പോകുന്നതും എത്ര വൃത്തികെട്ട രാഷ്ട്രീയ നീക്കുപോക്കുകളാണെന്നതിന്റെ സൂചനയാണ് സോളാര്‍ കേസെന്നു കരുതാം. ആദര്‍ശനിഷ്ഠയേക്കാള്‍ അധികാരലബ്ധിയും ലാഭവിഹിതവും നോക്കിയും ഊഹക്കച്ചവടത്തിലേര്‍പ്പെട്ടും കുതികാല്‍വെട്ടിയും എല്ലാ അധാര്‍മികരീതികളെയും വാരിപ്പുണര്‍ന്നും നിലനില്‍ക്കുന്ന രാഷ്ട്രീയ അരങ്ങാണ് മുമ്പില്‍ തെളിയുന്നത്. കേരളത്തിന്റെ മാറുന്ന രാഷ്ട്രീയമുഖം ഇപ്പോഴത്തെ മല്‍സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ അനിവാര്യമാണെന്നു വാദിക്കുന്നവരും കൂടിക്കൊണ്ടിരിക്കുന്നു. മുന്‍തലമുറ നേതാക്കള്‍ വിലക്കെടുക്കാന്‍ നിന്നും കൊടുക്കാതെയും അടിസ്ഥാന ധാര്‍മികത കൈവെടിയാതെയും പ്രവര്‍ത്തിച്ചതില്‍ അവരെ കുറ്റപ്പെടുത്തുന്ന കാലമാവും ഭാവിയില്‍ സംജാതമാവുന്നത്. അഥവാ നീചമായ നീക്കുപോക്കുകള്‍ ഏവരാലും തത്വത്തില്‍ അംഗീകരിക്കപ്പെട്ടതുപോലെയാണ് ഇന്നത്തെ പെരുമാറ്റം. രാഷ്ട്രീയത്തില്‍ അരുതായ്കകള്‍ ഇല്ല എന്നതൊരു പ്രമാണമാക്കുകയാണ് രാഷ്ട്രീയ കക്ഷികളെല്ലാം. എന്നാല്‍ ഈ മൂല്യച്യുതിയുടെ പിടിയില്‍പെടാത്ത കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നത് ഓരോ മലയാളിയും തിരിച്ചറിയേണ്ടതുണ്ട്. അതിനു കേസിന്റെ നാള്‍വഴിതന്നെ പരിശോധിച്ചാല്‍ മതി.
സോളാര്‍ കേസില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസിനെപറ്റി അദ്ദേഹം എപ്പോഴും പറഞ്ഞത് തെറ്റു ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്, ഒരു ദിവസം സത്യം ജയിക്കുമെന്നായിരുന്നു. ഞാനീ പറയുന്നത് നിങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കേണ്ട, കുറിച്ചുവെച്ചോയെന്നും ഒരിക്കലദ്ദേഹം പത്രക്കാരോട് പറയുകയുണ്ടായി. ചികിത്സയില്‍ കഴിയുമ്പോഴും ഇക്കാര്യം ആ മനുഷ്യന്‍ ആവര്‍ത്തിക്കുകയുണ്ടായി. സത്യം ജയിക്കുമെന്നു മാത്രമല്ല, സത്യത്തെ മൂടിവെക്കാനാകില്ലെന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ്. തെറ്റു ചെയ്തില്ലെന്ന വാക്കുമാത്രമല്ല, നിശ്ചയദാര്‍ഢ്യത്തോടെ തനിക്കെതിരെ സ്വയം നടപടി സ്വീകരിച്ചയാളുമാണദ്ദേഹം. കേസ് മാറ്റിവെക്കാനോ അറസ്റ്റുഭയന്ന് മാറിനില്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചതും ഉമ്മന്‍ചാണ്ടി തന്നെയാണ്. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയ അതിനീചമായ ലൈംഗികാരോപണം വരേ വ്യാജമാണെന്നു തെളിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ അപമാനിക്കാനായി കെട്ടിയുണ്ടാക്കിയ ഏറ്റവും നീചമായ ആരോപണം, ക്ലിഫ്ഹൗസില്‍വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തില്‍ ഒരു തെളിവുമിെല്ലന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട.് കേരളത്തെ ദിവസങ്ങളോളം ഇക്കിളിക്കഥകള്‍ കൊണ്ടു മൂടിയ മാധ്യമങ്ങളും അതിനുള്ള വകയൊരുക്കിയ ഗണേഷുമാരും ജോര്‍ജുമാരും കേരള സമൂഹത്തോട് മാപ്പുപറയേണ്ട സന്ദര്‍ഭമാണിത്.
കേസിലുള്‍പ്പെട്ട സ്ത്രീയുടെ വക്കീലിന്റെ വെളിപ്പെടുത്തല്‍ ജയിലില്‍ നിന്നെഴുതപ്പെട്ട പരാതിക്കത്തില്‍ ലൈംഗികമായി ഉപദ്രവിച്ചയാളുടെ പേരുണ്ടായിരുന്നുവെന്നാണ്. അതുപക്ഷേ അപ്പോഴത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരായിരുന്നില്ല. പിന്നീടാ പേര് പരാതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടതായും കേരള പൊലീസ് തിരഞ്ഞുപോയ സി.ഡി അടക്കം എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ഈ വക്കീല്‍ ഇപ്പോഴും പറയുന്നു. ശിവരാജന്‍ കമ്മീഷന്‍ പോലും മല കഥകള്‍ പറയാന്‍ നിര്‍ദേശിച്ചതായും പറഞ്ഞില്ലെങ്കില്‍ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അതേ വക്കീല്‍ പറയുന്നു. അതേസമയം അന്നത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ചെയ്തത് എന്തെന്നു നോക്കാം. നിയമസഭയ്ക്കകത്തും പുറത്തും തന്നെക്കുറിച്ചു വന്നതെല്ലാം ചേര്‍ത്ത് കമ്മിഷന് ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതും പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതും ഉമ്മന്‍ചാണ്ടി തന്നെയാണ്. ഇടവേളയില്ലാതെ പതിമൂന്ന് മണിക്കൂറാണ് ശിവരാജന്‍ കമ്മിഷനു മുന്നിലിരുന്ന് ചോദ്യങ്ങളെ അദ്ദേഹം നേരിട്ടത്. അതും മാധ്യമങ്ങള്‍ക്കുമുമ്പില്‍ തത്സമയം. സോളാര്‍ കേസിനെ ഉപയോഗിച്ച് യു.ഡി.എഫിന്റെ മുഖം കെടുത്തി 2016ല്‍ അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാരാവട്ടെ കേസില്‍ കുറ്റാരോപിതരെ പ്രതിക്കൂട്ടിലെത്തിക്കാനൊന്നും ചെയ്തില്ല. 2021ലെ തിരഞ്ഞെടുപ്പിലും സോളാര്‍ കത്തിക്കാന്‍ നോക്കിയ ഇടതുപക്ഷം തിരഞ്ഞെടുപ്പിന് മുന്നേ കേസ് സി.ബി.ഐക്ക് വിട്ടു. ശേഷം രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും ഒന്നും തെളിയിക്കാന്‍ കഴിയാത്ത സി. ബി.ഐ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ പത്രമുതലാളിമാര്‍ തരുന്ന തിട്ടൂരം കൈപ്പറ്റി ബൈറ്റിനും റേറ്റിങിനുംവേണ്ടി നെട്ടോട്ടമോടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതെല്ലാം ഒന്നയവിറക്കാനുള്ള ധാര്‍മികബാധ്യതയുണ്ട്.
ആദര്‍ശത്തിന്റെ വക്താക്കളെ നേതൃസ്ഥാനങ്ങളില്‍നിന്ന് തുരത്തുക എന്നതാണ് കേരളത്തിലും ഇപ്പോള്‍ നടക്കുന്ന ഉള്‍പാര്‍ട്ടി ജനാധിപത്യം. സത്യവും നീതിയും സത്യസന്ധതയും സേവനവും വഴിമുടക്കികളായ ആശയങ്ങളായിമാറി അതോടെ. നേതൃഗുണങ്ങളുള്ള നേതാക്കളെ കെണിയൊരുക്കി തളച്ചിടുന്നതും പാര്‍ട്ടി ഫണ്ട്, വരുമാനം, സ്ഥാനമാനങ്ങള്‍ എന്നിവ കൂട്ടാന്‍ തന്ത്രങ്ങള്‍ മെനയുന്നത് യോഗ്യതായായി ഗണിക്കുന്നതും എല്ലാ പാര്‍ട്ടികളുടെയും പൊതുമിനിമം പരിപാടിയായി. എല്ലാവരും അഴിമതിക്കാരാവുമ്പോള്‍, ഒതുക്കിത്തീര്‍ക്കലിന് പുറത്തുനിന്നുള്ള ഏജന്റുമാരെത്തുന്നു. വഴിവിട്ടും ചട്ടം ലംഘിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൊലീസിനെയും ദുര്‍വിനിയോഗം ചെയ്യുന്ന രാഷ്ട്രീയം കേരളത്തിലും സാധുത നേടിക്കഴിഞ്ഞു. മുമ്പത്തെ നേതാക്കള്‍ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമ്പോള്‍ സ്വയം അധികാരത്തില്‍നിന്നും മാറിനില്‍ക്കാനും അന്വേഷണത്തെ സ്വതന്ത്രമായിവിടാനും തയ്യാറാവുകയോ ചുരുങ്ങിയത് അങ്ങനെയാണെന്ന് വരുത്തി പൊതുജനത്തിന്റെ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കാനോ ശ്രദ്ധിച്ചിരുന്നു. എന്നാലിന്ന് എത്ര ഗുരുതരമായ ആരോപണങ്ങളായാലും കേവല രാഷ്ട്രീയ വിവാദം എന്ന ലേബലിട്ട് അധികാരത്തിലിരിക്കുന്നവര്‍ അഹന്തയോടെ പെരുമാറുന്നു. ധാര്‍മികത രാഷ്ട്രീയത്തിന്റെ പടിക്കുപുറത്തായ ആശയമാണ്. മൂല്യങ്ങളോടെല്ലാം കടക്കുപുറത്ത് എന്നു പറയുന്ന കേരള രാഷ്ട്രീയത്തിന്റെ പുതിയ കാലത്ത് ഉമ്മന്‍ചാണ്ടിയെ പോലൊരു നേതാവ് മരണശേഷമെങ്കിലും ആരോപണങ്ങളില്‍നിന്നും മുക്തനാവുന്നത് ചെറിയൊരു ആശ്വാസമാണ്. സോളാര്‍ ഇരുട്ടില്‍ തപ്പി ഇനിയും കേരള ജനത ബുദ്ധിമുട്ടില്ലെന്ന ആശ്വാസം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സിംഗപ്പൂരില്‍ വീണ്ടും കൊവിഡ്‌ തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ്

Published

on

സിംഗപ്പൂരിൽ കൊവിഡ്‌ വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട്. മെയ് 5 മുതൽ 11 വരെ 25,900-ലധികം കേസുകൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. കൊവിഡ്‌ 19 ന്റെ ഒരു പുതിയ തരംഗമാണ് സിംഗപ്പൂരിൽ പടർന്നുപിടിക്കുന്നത്. രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കൊവിഡ്‌ വ്യാപന തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് തങ്ങളെന്നും അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളിൽ തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

ദിവസേന കൊവിഡ്‌ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 181 ൽ നിന്ന് 250 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആശുപത്രികളിൽ ആവശ്യമായ കിടക്കകളും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കുറക്കണമെന്നും ഗുരുതരമല്ലാത്ത രോഗികളെ വീട്ടിലേക്ക് തിരിച്ചയക്കണമെന്നും അല്ലെങ്കിൽ മൊബൈൽ ഇൻപേഷ്യന്റ് കെയർ ഡെലിവറി മോഡൽ വഴി ചികിത്സ തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ കൊവിഡ്‌ വാക്‌സിൽ എടുക്കാത്തവർ സുരക്ഷയുടെ ഭാഗമായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

Health

കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്‌

കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവുണ്ടായതായി പരാതി. പൊട്ടിയ കൈയില്‍ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവ് നല്‍കിയ പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചു.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പ്രതികരിച്ചു.

Continue Reading

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Trending