Connect with us

kerala

രണ്ടാംഘട്ടം ഇ.വി.എം റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 വോട്ടിങ് യന്ത്രങ്ങള്‍

ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ 20 മണ്ഡലങ്ങളിലെ 25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്‍ട്രോള്‍ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക.

Published

on

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍. ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ 20 മണ്ഡലങ്ങളിലെ 25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്‍ട്രോള്‍ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്.

ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ (എ.ആര്‍.ഒ) കസ്റ്റഡിയില്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രാഥമിക പരിശോധന(എഫ്.എല്‍.സി) പൂര്‍ത്തിയാക്കി തിരഞ്ഞെടുത്ത് സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇ.വി.എമ്മുകളാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. അസംബ്ലി മണ്ഡലം തിരിച്ച് ഇ.വി.എം അനുവദിക്കുന്നതിന് ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 27നാണ് നടന്നത്.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം (ഇ.എം.എസ്) വഴിയാണ് ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയത്. വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും സീരിയല്‍ നമ്പറുകള്‍ ഇഎംഎസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് റാന്‍ഡമൈസേഷന്‍ നടത്തിയ ശേഷം ഇവയുടെ സീരിയല്‍ നമ്പര്‍ അടങ്ങിയ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറിയിരുന്നു.

ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ഇന്ന് നടന്നു. ഓരോ പോളിംഗ് ബൂത്തിലും ഉപയോഗിക്കുന്ന ഇ.വി.എമ്മുകളുടെ തനത് ഐ.ഡി നമ്പര്‍ അടങ്ങിയ പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും നല്‍കിയിട്ടുണ്ട്.

വോട്ടെടുപ്പ് ദിനത്തിലെ മോക്ക്‌പോള്‍ ഇങ്ങനെ
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് മോക്ക്‌പോള്‍ നടത്തുന്നത്. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കണ്‍ട്രോള്‍ യൂണിറ്റിലെ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി കണ്‍ട്രോള്‍ യൂണിറ്റില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്‌പോള്‍ പ്രക്രിയ ആരംഭിക്കുന്നത്.

കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്‌പ്ലേ എല്ലാ സ്ഥാനാര്‍ഥികള്‍ക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോള്‍ കാണിക്കുക. ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്പാര്‍ട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസര്‍ ബോധ്യപ്പെടുത്തുന്നു. അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോള്‍ നടത്തുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു.

ഇതിന് ശേഷം യഥാര്‍ത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക്ക് പോള്‍ ഫലം മായ്ക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ‘ക്ലിയര്‍ ബട്ടണ്‍’ അമര്‍ത്തുന്നു. തുടര്‍ന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഡിസ്പ്ലേയില്‍ പൂജ്യം വോട്ടുകള്‍ കാണിക്കുന്നതിന് ‘ടോട്ടല്‍’ ബട്ടണ്‍ അമര്‍ത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാര്‍ട്ട്മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റും വി.വി.പാറ്റും സീല്‍ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തില്‍ യഥാര്‍ത്ഥ വോട്ടെടുപ്പ് ആരംഭിക്കുക.

kerala

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂർ പ്രതിഷേധിച്ചത്

Published

on

പനി ബാധിച്ച് എഴുപതുകാരിയായ ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പനി ബാധിച്ചെത്തിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂർ പ്രതിഷേധിച്ചത്. ഉമൈബാക്ക് ആശുപത്രിയിൽ വേണ്ട പരിചരണം നൽകിയില്ലെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ജനറൽ വാർഡിൽ കിടത്തിയെന്നും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

25 ദിവസം മുമ്പ് പനി ബാധിച്ച് നടന്നാണ് ഉമൈബ ആശുപത്രിയിൽ എത്തിയത്. വാർഡിൽ അഡ്മിറ്റ്‌ ചെയ്ത ശേഷം പിന്നീട് അസുഖം മൂർച്ഛിച്ചു. തലച്ചോറിൽ അണുബാധ ഉണ്ടായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉമൈബയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ടോടെയാണ് ഉമൈബ മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് കോട്ടയം മെഡിക്കൽ കോളേജ് അറിയിച്ചത്. തുടർന്നായിരുന്നു പ്രതിഷേധം. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു.

Continue Reading

EDUCATION

പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം ഇന്ന് മുതൽ

വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 ഇന്ന് മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് (16-05-2024) മുതൽ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രയൽ അലോട്ട്മെൻറ് മേയ് 29നും ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിനും നടത്തും.

മുഖ്യ അലോട്ട്മെൻറ് (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നത് ജൂൺ 19നാണ്. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. ഒഴിവുവരുന്ന സീറ്റുകളിലേക്ക് ജൂലൈ രണ്ടുമുതൽ 31വരെ സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 ഇന്ന് മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Continue Reading

kerala

ഹജ്ജ് സെൽ പ്രവർത്തനം ഇന്നുമുതൽ

സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക

Published

on

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ചുള്ള ഹജ്ജ് സെൽ പ്രവർത്തനം വ്യാഴാഴ്‌ച തുടങ്ങും. റിട്ട. എസ്.പി. യു. അബ്ദു‌ൾ കരീമിൻ്റെ നേതൃത്വത്തിൽ 99 പേരാണ് ഹജ്ജ് സെല്ലിൽ ഉള്ളത്. സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക.

തീർഥാടകരുടെ യാത്രാരേഖകളും ലോഹവള, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയും ഹജ്ജ് സെൽ മുഖേനയാണ് വിതരണം ചെയ്യുന്നത്. തീർഥാടകർ ക്യാമ്പിലെത്തുന്ന മുറയ്ക്ക് സെൽ കൗണ്ടറിലെത്തി പാസ്പോർട്ടും മറ്റു സാമഗ്രികളും വാങ്ങണം. വിസ സ്റ്റാമ്പ് ചെയ്ത തീർഥാടകരുടെ പാസ്പോർട്ട് ഹജ്ജ് ഹൗസിൽ എത്തിയിട്ടുണ്ട്. അധികസീറ്റിൽ ഒടുവിൽ അവസരം ലഭിച്ചവരുടെ പാസ്പോർട്ടുകൾ മാത്രമാണ് എത്താനുള്ളത്. ഇവ അടുത്ത ദിവസങ്ങളിൽ എത്തും.

20-ന് രാവിലെ 10 മണിക്ക് കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് തുടങ്ങും. 21-ന് പുലർച്ചെ 12.05-ന് ആദ്യ വിമാനം പുറപ്പെടും. എയർ ഇന്ത്യാ എക്‌സ്പ്രസിൻ്റെ ഐ.എക്സ്. 3011 വിമാനത്തിൽ 166 തീർഥാടകരാണ് ജിദ്ദയിലേക്ക് യാത്രയാകുക. രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടു വിമാനങ്ങൾകൂടി ആദ്യദിവസം സർവീസ് നടത്തും.

25 വരെയുള്ള 15 വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ യാത്രാവിവരങ്ങൾ വിമാനക്കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ യാത്രാവിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. കരിപ്പൂരിൽനിന്ന് 10,430-ഉം കൊച്ചിയിൽ നിന്ന് 4273-ഉം കണ്ണൂരിൽ നിന്ന് 3135-ഉം തീർഥാടകർക്ക് നിലവിൽ അവസരം ലഭിച്ചിട്ടുണ്ട്.

Continue Reading

Trending