Video Stories
എന്നും പെരുന്നാളാക്കുക
അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി
പേര്‍ഷ്യക്കാരും മുസ്‌ലിംകളും തമ്മില്‍ 636 നവമ്പറില്‍ ഖാദിസിയ്യ പോരാട്ടത്തിന്റെ പശ്ചാതലത്തില്‍ ചര്‍ച്ചകള്‍ നടന്നു. ഒരു പോരാട്ടം ഒഴിവാക്കാനുള്ള ശ്രമമായിരുന്നു അത്. മുസ്‌ലിം പക്ഷം പോരാട്ടത്തിന്റെ ലക്ഷ്യമായി ഉന്നയിച്ചതു മൂന്ന് കാര്യങ്ങളായിരുന്നു. 1, ആള്‍ദൈവ പൂജ അവസാനിപ്പിക്കുക. 2, മതത്തിന്റെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കുക. 3, ക്ഷേമ രാജ്യം കെട്ടിപ്പൊക്കുക. ഈ ലക്ഷ്യപ്രഖ്യാപനം പേര്‍ഷ്യന്‍ പട്ടാളത്തില്‍ വിള്ളലുണ്ടാക്കി. ‘ചൂഷണങ്ങളും സാമ്പത്തിക അസമത്വങ്ങളും അവസാനിപ്പിക്കണം. അറബികള്‍ പറയുന്നതാണ് ശരി’ എന്നവര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ആ പോരാട്ടത്തില്‍ മുസ്‌ലിംകള്‍ വിജയിക്കുകയുമുണ്ടായി.
ക്ഷേമ രാജ്യമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വികസനം ആ ദിശയിലുള്ളതായിരുന്നു. ‘മനുഷ്യ പുത്രന്മാരേ, എല്ലാ പള്ളികള്‍ക്കും സമീപത്തു അണിഞ്ഞൊരുങ്ങുക, തിന്നുക, കുടിക്കുക, ദുര്‍വ്യയം അരുത്. ധൂര്‍ത്തന്‍മാരെ അല്ലാഹുവിന് ഇഷ്ടമല്ല. ചോദിക്കുക, ആരാണ് അവന്‍ ദാസന്‍മാര്‍ക്കായി ഒരുക്കിയ നല്ല ഭക്ഷണങ്ങളും അലങ്കാരങ്ങളും വിലക്കിയത് ?…'(അഅ്‌റാഫ് 31, 32)
പലപ്പോഴും ആരോപിക്കപ്പെടാറുള്ളതു പോലെ ജീവിത നിരാസത്തിന്റെ ദര്‍ശനമല്ല ഇസ്‌ലാം. ആഘോഷ വേളകള്‍ സൃഷ്ടിക്കുന്ന മതമാണ് ഇസ്‌ലാം. എല്ലാ വെള്ളിയാഴ്ചകളും മുസ്‌ലിമിന് ആഘോഷത്തിന്റെ ദിനമാണ്. വിവാഹവും ജനനവും ആഘോഷ വേളകളാണ്. അതിനു പുറമേ രണ്ടു പെരുന്നാളുകളുണ്ട്. ഒരു പെരുന്നാള്‍ സുദിനത്തില്‍ നബി (സ) പറഞ്ഞു: ‘നമ്മുടെ മതം വിശാലമാണെന്നു മദീനയിലെ ജൂതന്മാര്‍ മനസ്സിലാക്കട്ടെ’ നബി(സ) യുടെ സാന്നിധ്യത്തില്‍ സംഗീതം പൊഴിച്ച കുട്ടികളെ തടയാന്‍ സിദ്ധീഖ് (റ) ശ്രമിച്ചപ്പോഴാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്.
ജീവിതം ആസ്വദിക്കാനുള്ളതാണ്. സീമകള്‍ ലംഘിക്കാത്ത, ദുര്‍വ്യയം ഇല്ലാത്ത എല്ലാ സുഖാസ്വാദനങ്ങളും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. നമസ്‌കാരവും പ്രാര്‍ത്ഥനകളും മാത്രമല്ല, മനുഷ്യന്‍ ചെയ്യുന്ന നന്മകളെല്ലാം തന്നെ സ്രഷ്ടാവിനുള്ള ആരാധനയായാണ് ഇസ്‌ലാം കണക്കാക്കുന്നത്. സ്വന്തം സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതു പോലും പുണ്യമാണെന്ന് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു.
ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും ഇസ്‌ലാം ഇടപെടുന്നുണ്ട്. ആഘോഷങ്ങള്‍ എങ്ങനെയായിരിക്കണമെന്നും ഇസ്‌ലാമിന് കാഴ്ചപ്പാടുണ്ട്. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനുശേഷം മുസ്‌ലിം ലോകം പെരുന്നാള്‍ ആഘോഷിക്കുകയാണ്. അന്നപാനീയങ്ങള്‍ വേണ്ടത്ര ലഭ്യമായിട്ടും അല്ലാഹുവിന് വേണ്ടി വിശ്വാസി അതു വേണ്ടെന്നുവെക്കുന്നു. കുബേരനും കുചേലനും വിശപ്പറിയുന്നു. ശേഷം പെരുന്നാളിനു എല്ലാവരും ആഘോഷിക്കണം. അതിനു വകയില്ലാത്തവരെ ഉള്ളവര്‍ നിര്‍ബന്ധമായും സഹായിക്കണം. ലോകമാകെ പെരുന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭങ്ങളുണ്ടാക്കുകയാണ് ഇസ്‌ലാം.
മനുഷ്യനും സര്‍വ ജീവജാലങ്ങള്‍ക്കും വേണ്ട എല്ലാ വിഭവങ്ങളും അല്ലാഹു ഭൂമിയില്‍ സജ്ജീകരിച്ചു വെച്ചിട്ടുണ്ട്. അവ ഓരോ സൃഷ്ടിക്കും അവകാശപ്പെട്ടതാണ്. അവ ഒറ്റക്കു ചൂഷണം ചെയ്യാനോ അനുഭവിക്കാനോ ആര്‍ക്കും അവകാശമില്ല. ‘ഭൂമിയിലുള്ളത് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണവന്‍ സൃഷ്ടിച്ചത്’ (അല്‍ ബഖറ 29).
സമ്പത്തിന്റെ വിതരണത്തിനു അല്ലാഹു നിശ്ചയിച്ച മാനദണ്ഡങ്ങളും രീതികളും ലംഘിച്ചു ഭൂമിയില്‍ നരകം തീര്‍ക്കുകയാണ് ചിലര്‍. അവര്‍ മനുഷ്യനു പൊതുവായി അവകാശപ്പെട്ട വിഭവങ്ങളും ആസ്വാദനങ്ങളും വിലക്കുകയും കുത്തകയാക്കി വെക്കുകയുമാണ്. ‘ആരാണവര്‍?’ എന്നാണ് ഖുര്‍ആന്‍ സഗൗരവം ചോദിക്കുന്നത്.
ഉമറുബ്‌നുല്‍ ഖത്താബ്(റ) ഒരിക്കല്‍ പറയുകയുണ്ടായി: ‘പിന്നിട്ട അത്ര കാലം ഈ ഭരണത്തില്‍ എനിക്ക് മുന്നോട്ട് പോവാന്‍ സാധിച്ചാല്‍ മുതലാളിമാരുടെ മിച്ചധനം പിടിച്ചെടുത്ത് മുസ്‌ലിംകള്‍ക്കിടയിലെ ദരിദ്രര്‍ക്ക് ഞാന്‍ വിതരണം നടത്തും’ (താരീഖുല്‍ ഉമം).
മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കാനേ അവന് അധികാരമുള്ളൂ. അല്ലാഹു നിര്‍ബന്ധ ഐഛിക ദാനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വിവിധ സന്ദര്‍ഭങ്ങളില്‍ ഉള്ളവന്‍ ഇല്ലാത്തവനു ദാനങ്ങള്‍ നല്‍കിയേ പറ്റൂ എന്നാണ് ഇസ്‌ലാമിന്റെ ശാസന. സമൂഹത്തിലെ അശരണരെയും കഷ്ടത അനുഭവിക്കുന്നവരേയും ഇസ്‌ലാം എപ്പോഴും ചേര്‍ത്തു നിര്‍ത്തുന്നു. സമ്പത്തിന്റെ വിതരണക്രമം നിശ്ചയിച്ചതിനു ന്യായമായി ഖുര്‍ആന്‍ പറയുന്നു: ‘.. ധനം നിങ്ങളിലെ സമ്പന്നര്‍ക്കിടയില്‍ കറങ്ങാതിരിക്കാന്‍ വേണ്ടി..’ (ഹശ്ര്‍ 7)
ചെറിയ പെരുന്നാളിനു സ്വന്തം വീട്ടിലെ ആവശ്യങ്ങള്‍ കഴിച്ചു മിച്ചമുള്ളവന്‍ ദാനം ചെയ്യണം. ബലിപെരുന്നാളിന് ബലിയര്‍പ്പിച്ച് മാംസം വിതരണം നടത്തണം. വിവാഹ വേളകളില്‍ ലളിതമെങ്കിലും സദ്യ നല്‍കണം. യാചകനെ മടക്കി അയക്കാന്‍ പാടില്ല. ഇസ്‌ലാമില്‍ പല തെറ്റുകളുടെയും പ്രായശ്ചിത്തം അന്നദാനമാണ്. സാധുക്കള്‍ക്കു അന്നദാനം നടത്താന്‍ പ്രോത്‌സാഹിപ്പിക്കാത്തവനെ മത നിഷേധികളുടെ പട്ടികയിലാണ് ഖുര്‍ആന്‍ ഉള്‍പ്പെടുത്തുന്നത് (മാഊന്‍ 3). മുഖ്യാഹാര സാധനങ്ങള്‍ (ധാന്യങ്ങള്‍) പരസ്പരം കൈമാറുമ്പോള്‍ ഏറ്റക്കുറച്ചിലുണ്ടാവാന്‍ പാടില്ല (അതു പലിശയാകും). വില കൂടിയ അരിയും വില കുറഞ്ഞ അരിയും സമാസമമായേ കൈമാറാവൂ. കാരണം വിശപ്പകറ്റുന്നതു അളവാണ് (ക്വാണ്ടിറ്റി); മൂല്യമല്ല(ക്വാളിറ്റി). ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം സംരക്ഷിക്കുകയാണ് ഇസ്‌ലാം.
വേള്‍ഡ് ഫുഡ് പ്രോഗ്രാം ചെയര്‍മാന്‍ പറയുന്നതനുസരിച്ചു ഇന്നു ലോകം ഉണ്ടാക്കുന്ന ഭക്ഷണം ഭൂമി നിവാസികളുടെ ഇരട്ടിയാളുകള്‍ക്ക് മതിയാകുന്നതാണ്. എന്നാല്‍ 824 മില്യന്‍ മനുഷ്യര്‍ ഭക്ഷണം കിട്ടാതെ വലയുന്നു എന്നാണ് കണക്ക്. 2016 ല്‍ ഫ്രാന്‍സില്‍ നിലവില്‍ വന്ന നിയമപ്രകാരം ഉപയോഗ യോഗ്യമായ ഭക്ഷ്യ വസ്തുക്കള്‍ ചവറ്റുകൊട്ടയില്‍ തള്ളുന്നത് കുറ്റകരമാണ്. അത് ഭക്ഷണ ബാങ്കിനോ സന്നദ്ധ സംഘടനകള്‍ക്കോ കൈമാറേണ്ടതാണ്. ഭക്ഷണം നാം വല്ലാതെ പാഴാക്കുന്നു. നാടാകെ വിശപ്പടക്കാന്‍ മതിയായത് നാം വീട്ടില്‍ വച്ചു വിളമ്പുന്നു. ആവശ്യത്തില്‍ കൂടുതല്‍ തിന്നു രോഗമുണ്ടാക്കുന്നു, നശിപ്പിക്കുന്നു. നബി (സ) പറഞ്ഞു: ‘മനുഷ്യന്‍ നിറക്കുന്ന വളരേ മോശം പാത്രമാണ് വയര്‍’ (തിര്‍മിദി).
കയ്യില്‍ കാശുള്ളവന്‍ ധൂര്‍ത്തടിക്കുന്നു. നാടാകെ വീടാക്കുന്നു. അപ്പോള്‍ വരും തലമുറ എവിടെ വീടു വെക്കും ?. വീടുകള്‍ക്ക് ഒരതിര് വേണ്ടതല്ലേ ? ഒരു വീട്ടിലുള്ളവര്‍ക്കു മുഴുവന്‍ സ്വന്തമായി പാര്‍ക്കാന്‍ മുറികള്‍. അതിലുമപ്പുറം എന്തിനു? നിര്‍മ്മാണ വസ്തുക്കള്‍ ആവശ്യത്തില്‍ കൂടുതല്‍ ചൂഷണം ചെയ്യുന്നു, ദുരുപയോഗം ചെയ്യുന്നു. ഉപയോഗക്ഷമത തീരുന്നതിന്റെ മുമ്പ് പൊളിച്ചു മാറ്റുന്നു. അങ്ങിനെ നാം പ്രകൃതിയോടും പരിസ്ഥിതിയോടും വലിയ തെറ്റാണ് ചെയ്യുന്നത്. വരും തലമുറകള്‍ക്ക് ഈ ഭൂമിവാസം വളരെ ദുഷ്‌കരമായിരിക്കും. ഈ തെറ്റുകള്‍ തിരുത്താന്‍ നിയമ നിര്‍മ്മാണങ്ങള്‍ നടക്കേണ്ടതാണ്. ഒരിക്കല്‍ നബി (സ) നടന്നുപോകുമ്പോള്‍ എഴുന്നു നില്‍ക്കുന്ന ഒരു താഴികക്കുടം കണ്ട് നീരസപ്പെട്ട് അന്വേഷിച്ചു: ‘ഇതാരുടേതാണ്?’ പിന്നീട് അതിന്റെ ഉടമയെ പലവട്ടം കണ്ടപ്പോഴും നബി (സ) നീരസം പ്രകടിപ്പിച്ചു. കാര്യം മനസ്സിലാക്കിയ അദ്ദേഹം അത് പൊളിച്ച് നിരപ്പാക്കി. പിന്നീട് ആവഴിക്ക് പോകുമ്പോള്‍ താഴികക്കുടം നീക്കിയത് ശ്രദ്ധയില്‍ പെട്ട നബി(സ) പറഞ്ഞു: ‘അറിയുക. അത്യാവശ്യത്തിനല്ലാതെ നിര്‍മ്മാണം നടത്തുന്നതു നാശമാണ്’ (അബൂ ദാവൂദ്).
നാം ആവശ്യത്തില്‍ കൂടുതല്‍ വസ്ത്രം നിര്‍മ്മിക്കുന്നു. ഉപയോഗിക്കാതെ നശിപ്പിക്കുന്നു. വസ്ത്രാലയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ പത്തോ ഇരുപതോ ശതമാനം മതിയാകും നമുക്കാകെ ധരിക്കാന്‍. വെടിപ്പും വൃത്തിയും വേണ്ടതു തന്നെയാണ്. നബി(സ) പറഞ്ഞു: ‘നല്ല വേഷവും അവധാനതയും മിതത്വവും പ്രവാചകത്വത്തിന്റെ ഇരുപത്തിനാല് ഭാഗങ്ങളില്‍ ഒരു ഭാഗമാണ്’ (തിര്‍മിദി). പക്ഷേ ഉടയാടകളിലാണ് അന്തസിരിക്കുന്നത് എന്നാണ് പലരുടേയും വിചാരം. യഥാര്‍ത്ഥത്തില്‍ വിദ്യയും ബുദ്ധിയുമാണ് മനുഷ്യന്റെ അന്തസ്സുയര്‍ത്തുന്നത്. ഒരാള്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ)യോട് ചോദിച്ചു: ‘ഞാന്‍ എന്തു തരം വസ്ത്രമാണ് ധരിക്കേണ്ടത് ?’ അദ്ദേഹം പറഞ്ഞു: ‘വിവരമില്ലാത്തവര്‍ അവഗണിക്കുകയോ വിവരമുള്ളവര്‍ കുറ്റം പറയുകയോ ചെയ്യാത്ത വസ്ത്രം’. അയാള്‍ ചോദിച്ചു: ‘ഏതാണാ വസ്ത്രം?’ അദ്ദേഹം പറഞ്ഞു: ‘5 ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെ വിലയുള്ളത്’ (ത്വബ്‌റാനി). ഇത് അക്കാലത്തെ വില നിലവാരം. കാര്യം വ്യക്തം.
പലപ്പോഴും അനാവശ്യമായ ചാപല്യങ്ങളും സംശയങ്ങളുമാണ് നമ്മുടെ ജീവിതത്തിന്റെ തെളിമ നഷ്ടപ്പെടുത്തുന്നത്. ജീവിതം ആഘോഷിക്കുക. നാം തന്നെയാണ് നമ്മുടെ ജീവിതം ആനന്ദകരവും ദുഃഖഭരിതവുമാക്കിത്തീര്‍ക്കുന്നത്. നബി (സ) പറഞ്ഞു : ‘തൃപ്തി അടയുന്നവനു തൃപ്തി കിട്ടും. അതൃപ്തി തോന്നുന്നവനു അതൃപ്തി തോന്നും. ശത്രു സേന ഉഹ്ദ് പര്‍വ്വതത്തിലെത്തിയപ്പോള്‍ അവര്‍ പൂര്‍ണ്ണമായി മദീനയില്‍ കടന്ന ശേഷം നേരിട്ടാല്‍ മതി എന്നായിരുന്നു പ്രവാചകന്റെ (സ) അഭിപ്രായം. പക്ഷേ അങ്ങോട്ട് ചെന്ന് നേരിടണമെന്ന് യുവാക്കള്‍. അവര്‍ക്കായിരുന്നു ഭൂരിപക്ഷം. നബി (സ) ആ അഭിപ്രായം അംഗീകരിച്ചു മുന്നോട്ടു പോയി. എന്നാല്‍ പിന്നീടവര്‍ നബി(സ) യുടെ അഭിപ്രായത്തിലേക്ക് തിരിച്ചു വന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: ‘പടച്ചട്ടയണിഞ്ഞാല്‍ അല്ലാഹു രണ്ടിലൊന്നു തീര്‍പ്പാക്കുന്നതിനു മുമ്പ് ഒരു പ്രവാചകനും പിന്‍മാറാന്‍ പാടില്ല’.
കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിച്ചും ചര്‍ച്ച ചെയ്തും നേരം കളയാതെ തീരുമാനമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ജയപരാജയങ്ങള്‍ വന്നുപോയ്‌ക്കൊണ്ടിരിക്കും. നാം ജയിക്കാന്‍ മാത്രം പിറന്നവരാണെന്ന് കരുതരുത്. താഴോട്ട് നോക്കുക. അവിടെ പരാജിതരും കഷ്ടപ്പെടുന്നവരും ധാരാളം. നാം വളരെ അനുഗ്രഹീതരാണ്. എന്നും പെരുന്നാളാക്കുക്ക. പക്ഷേ, പരിധികള്‍ ലംഘിക്കരുത്. ‘തിന്നുക, ആസ്വദിക്കുക. നിങ്ങള്‍ പാപികളാണ്’ (മുര്‍സലാത്ത് 46).
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
india9 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
GULF10 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

