Connect with us

india

2024 മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ നടന്നത് ഞെട്ടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

Published

on

ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എഴുതുന്നു:

ഫെബ്രുവരി മൂന്നിന് ഞാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലും പിന്നീടു നടന്ന പത്രസമ്മേളനത്തിലും, 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. മുന്‍പത്തെ ചില തിരഞ്ഞെടുപ്പ് ഫലങ്ങളെ ഞാന്‍ വിചിത്രമെന്നു കരുതിയിട്ടുണ്ട്.

എന്നാല്‍, 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അതിലുമൊക്കെ എത്രയോ വിചിത്രമായിരുന്നു. നടന്ന കൃത്രിമത്തിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ മറച്ചുവെക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കിടയിലും അനൗദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാതെ, ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകളില്‍നിന്നു തന്നെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ തെളിവുകള്‍ അവിടെ നടന്നതെന്താണെന്നത് ഘട്ടംഘട്ടമായി മനസ്സിലാക്കിത്തരുന്നു.

2023-ലെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനനിയമം, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ഫലത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് 2:1 ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കുന്നു എന്ന് ഉറപ്പാക്കുന്നു. കാരണം, മൂന്നാമത്തെ അംഗമായ പ്രതിപക്ഷ നേതാവിനെ അവര്‍ക്ക് വോട്ടിങ്ങില്‍ എപ്പോള്‍ വേണമെങ്കിലും മറികടക്കാം. ഈ മാന്യന്മാര്‍കൂടി മത്സരിക്കുന്ന കളിയുടെ അമ്പയര്‍മാരെയാണ് ഇവിടെ തിരഞ്ഞെടുക്കുന്നതെന്നോര്‍ക്കണം.

തിരഞ്ഞെടുപ്പ് സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനവും കളങ്കിതമാണ്. നിങ്ങള്‍ സ്വയം ചോദിക്കുക, ഒരു പ്രധാന സ്ഥാപനത്തിലെ നിഷ്പക്ഷനായ മധ്യസ്ഥനെ ഒഴിവാക്കാന്‍ ഒരാള്‍ ഇത്രയധികം കഷ്ടപ്പെടുന്നത് എന്തിനുവേണ്ടിയാണ്? ചോദ്യംചോദിച്ചാല്‍ മാത്രമേ ഉത്തരം ലഭിക്കുകയുള്ളൂ.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം, 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മഹാരാഷ്ട്രയില്‍ 8.98 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അഞ്ചുവര്‍ഷത്തിനു ശേഷം 2024 മേയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 9.29 കോടിയായി ഉയര്‍ന്നു. എന്നാല്‍, വെറും അഞ്ചുമാസത്തിനുള്ളില്‍, 2024 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സംഖ്യ 9.70 കോടിയായി കുതിച്ചുയര്‍ന്നു. അഞ്ചുവര്‍ഷംകൊണ്ട് 31 ലക്ഷത്തിന്റെ വര്‍ധനയുണ്ടായിടത്ത് അഞ്ചുമാസത്തില്‍ 41 ലക്ഷത്തിന്റെ കുതിച്ചുചാട്ടം! സര്‍ക്കാരിന്റെതന്നെ കണക്കുകള്‍ പ്രകാരം 9.54 കോടി പ്രായപൂര്‍ത്തിയായവര്‍ മാത്രമുള്ളിടത്താണ് 9.70 കോടി വോട്ടര്‍മാര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത് എന്നതിലാണ് ഈ പ്രതിഭാസത്തിന്റെ അവിശ്വസനീയത.

പോളിങ് സ്റ്റേഷനുകളില്‍ എത്തിയവര്‍ക്കും നിരീക്ഷകര്‍ക്കും മഹാരാഷ്ട്രയിലെ വോട്ടെടുപ്പു ദിവസം തികച്ചും സാധാരണമാണെന്നു തോന്നി. മറ്റെവിടെയും ചെയ്യുന്നതുപോലെ വോട്ടര്‍മാര്‍ വരിയില്‍നിന്ന് വോട്ട് രേഖപ്പെടുത്തിയശേഷം വീടുകളിലേക്കു മടങ്ങി. വൈകുന്നേരം അഞ്ചുമണിയോടെ പോളിങ് ബൂത്തുകളില്‍ പ്രവേശിച്ച വോട്ടര്‍മാരെ വോട്ടു രേഖപ്പെടുത്തുന്നതുവരെ അവിടെ തുടരാന്‍ അനുവദിച്ചു. ഏതെങ്കിലും വോട്ടെടുപ്പു കേന്ദ്രത്തില്‍ അസാധാരണമായി നീണ്ടവരികളോ തിരക്കോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല.

എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് വോട്ടെടുപ്പു ദിവസം ഏറെ നാടകീയമായിരുന്നു. വൈകുന്നേരം അഞ്ചുമണിക്ക് പോളിങ് ശതമാനം 58.22 ആയിരുന്നു. വോട്ടെടുപ്പ് അവസാനിച്ചതിനുശേഷവും പോളിങ് ശതമാനം കൂടിക്കൊണ്ടേയിരുന്നു. അന്തിമ പോളിങ് ശതമാനം അടുത്തദിവസം രാവിലെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അത് 66.05 ശതമാനമായിരുന്നു. അഭൂതപൂര്‍വമായ ഈ 7.83 ശതമാനം വര്‍ധന 76 ലക്ഷം വോട്ടര്‍മാര്‍ക്ക് തുല്യമാണ്. ഇത് മഹാരാഷ്ട്രയിലെ മുന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കാള്‍ വളരെ കൂടുതലാണ്.

അസ്വാഭാവികതകള്‍ ഇവിടെയും തീരുന്നില്ല. മഹാരാഷ്ട്രയില്‍ ഏകദേശം ഒരുലക്ഷം പോളിങ് ബൂത്തുകളുണ്ട്. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനം കാഴ്ചവെച്ച 85 മണ്ഡലങ്ങളിലെ ഏകദേശം 12,000 ബൂത്തുകളില്‍ മാത്രമാണ് അധികമായിച്ചേര്‍ന്ന വോട്ടര്‍മാരില്‍ ഭൂരിഭാഗവും വോട്ടുചെയ്തത്. അതായത്, വൈകുന്നേരം അഞ്ചുമണിക്കുശേഷം ഓരോ ബൂത്തിലും ശരാശരി 600-ലധികം വോട്ടര്‍മാരെത്തി. ഓരോ വോട്ടര്‍ക്കും വോട്ടുചെയ്യാന്‍ ഒരു മിനിറ്റ് കണക്കാക്കിയാല്‍പ്പോലും വോട്ടെടുപ്പ് 10 മണിക്കൂര്‍ നീട്ടേണ്ടിവരും. ഇത് സംഭവിക്കാത്തതുകൊണ്ടുതന്നെ ഈ അധികവോട്ടുകള്‍ എങ്ങനെയാണ് രേഖപ്പെടുത്തിയതെന്ന ചോദ്യമുയരുന്നു. ഈ 85 സീറ്റുകളില്‍ ഭൂരിഭാഗവും എന്‍ഡിഎ നേടിയതില്‍ ആശ്ചര്യപ്പെടാനില്ല.

തിരഞ്ഞെടുപ്പു കമ്മിഷന്‍, വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുത്തനെയുള്ള വര്‍ധനയെ ‘യുവാക്കളുടെ പങ്കാളിത്തത്തിലെ സ്വാഗതാര്‍ഹമായ പ്രവണത’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ഈ ‘സ്വാഗതാര്‍ഹമായ പ്രവണത’ 12,000 ബൂത്തുകളില്‍ മാത്രമായി ഒതുങ്ങി. ബാക്കിയുള്ള 88,000 ബൂത്തുകളില്‍ ഇത് കണ്ടില്ല!

മണ്ഡലങ്ങളിലൊന്നായ കാംതിയെ ഇവിടെ ഒരു കേസ് സ്റ്റഡിയായി ഉപയോഗിക്കാം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കാംതിയില്‍ 1.36 ലക്ഷം വോട്ടുലഭിച്ചപ്പോള്‍, ബിജെപിക്ക് 1.19 ലക്ഷം വോട്ടാണ് ലഭിച്ചത്. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍സിക്ക് 1.34 ലക്ഷം വോട്ടുലഭിച്ചു. ഇത് മുന്‍പ്രകടനത്തിന് ഏതാണ്ട് സമാനമായ സംഖ്യയാണ്. എന്നാല്‍, 56,000 വോട്ടുകള്‍ അധികംനേടിയ ബിജെപിയുെട വോട്ടുകള്‍ 1.75 ലക്ഷമായി ഉയര്‍ന്നു. രണ്ടു തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ കാംതിയില്‍ പുതുതായിച്ചേര്‍ന്ന 35,000 വോട്ടര്‍മാരുടെ കൂട്ടത്തില്‍നിന്നാണ് ഈ കുതിച്ചുചാട്ടം വന്നത്. ഇതു പരിശോധിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാത്ത മിക്കവാറും എല്ലാ വോട്ടര്‍മാര്‍ക്കും പുതുതായിച്ചേര്‍ന്ന 35,000 വോട്ടര്‍മാര്‍ക്കും ബിജെപിയിലേക്ക് കാന്തികമായി എന്തോ ആകര്‍ഷണം സംഭവിച്ചതായി കാണാം. ആ കാന്തത്തിന്റെ താമരരൂപം തിരിച്ചറിയാന്‍ പ്രയാസമില്ല.

മേല്‍പ്പറഞ്ഞ ഒന്നുമുതല്‍ നാലുവരെയുള്ള ഘട്ടങ്ങളുടെ ഫലമായി 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ച 149 സീറ്റുകളില്‍ 132 എണ്ണത്തിലും ജയിച്ചു. ബിജെപിക്ക് മുന്‍പ് ലഭിച്ചിട്ടുള്ള എല്ലാ വിജയശതമാനങ്ങളെക്കാളും കൂടുതലായിരുന്നു ഇവിടത്തെ 89 ശതമാനം വിജയം. വെറും അഞ്ചുമാസംമുന്‍പുനടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയശതമാനം 32 മാത്രമായിരുന്നു.

പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങളോടും തിരഞ്ഞെടുപ്പു കമ്മിഷന്‍ മൗനം പാലിക്കുകയോ ചിലപ്പോള്‍ അക്രമാസക്തമായി പ്രതികരിക്കുകയോ ചെയ്തു. 2024 ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ, ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക ലഭ്യമാക്കണമെന്നുള്ള അഭ്യര്‍ഥനകള്‍ അവര്‍ പെട്ടെന്നുതന്നെ തള്ളിക്കളഞ്ഞു. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസംമാത്രം പിന്നിട്ടപ്പോള്‍, ഒരു പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പിന്റെ വീഡിയോയും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടാന്‍ ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ, കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിയാലോചിച്ച് 1961-ലെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിലെ സെക്ഷന്‍ 93(2)(എ) ഭേദഗതിചെയ്തു. ഇത് സിസിടിവി ദൃശ്യങ്ങളുടെയും ഇലക്ട്രോണിക് രേഖകളുടെയും ലഭ്യത പരിമിതപ്പെടുത്തി.

വോട്ടര്‍പട്ടികകളും സിസിടിവി ദൃശ്യങ്ങളും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഉപകരണങ്ങളാണ്. അല്ലാതെ ജനാധിപത്യം ആക്രമിക്കപ്പെടുമ്പോഴും നിലവറയില്‍വെച്ച് പൂട്ടാനുള്ള അലങ്കാരവസ്തുക്കളല്ല. ഒരു രേഖയും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും നശിപ്പിക്കപ്പെടുകയുമില്ലെന്നും ഉറപ്പാക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അവകാശമുണ്ട്. രേഖകള്‍ പരിശോധിക്കുമ്പോള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേരുവെട്ടുക, വോട്ടിങ് കേന്ദ്രങ്ങള്‍ മാറ്റിനല്‍കുക തുടങ്ങിയ കൃത്രിമത്വങ്ങള്‍ പുറത്തുവരുമെന്ന് പലര്‍ക്കും ആശങ്കയുണ്ട്.

ഈ തിരഞ്ഞെടുപ്പ് അട്ടിമറി വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെന്ന ഭയവുമുണ്ട്. രേഖകള്‍ പരിശോധിക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ രീതിയും അതിനുപിന്നിലുള്ള വ്യക്തികളും വെളിച്ചത്തുവരും എന്നതില്‍ സംശയമില്ല. എന്നിട്ടും ഈ രേഖകളിലേക്കെത്തിപ്പെടാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കും മുന്നില്‍ തടസ്സങ്ങള്‍ മാത്രമാണ്. ഇത് കായികരംഗത്തെ ഒത്തുകളിക്ക് (മാച്ച് ഫിക്‌സിങ്) സമാനമാണ്. ഒത്തുകളി നടത്തുന്നപക്ഷം ഒരു കളി ജയിച്ചേക്കാം. എന്നാല്‍, അത് കളിയിലും ഫലത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ തിരിച്ചുപിടിക്കാനാകാത്തവിധം നശിപ്പിക്കും. ഒത്തുകളിനടന്ന തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തെയും വിഷലിപ്തമാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

india

ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.

പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

Continue Reading

india

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.

അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

Continue Reading

Trending