തിരുവനന്തപുരം: കിളിമാനൂരില്‍ അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രജരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികക്കെതിരെയാണ് കേസെടുത്തത്. സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗുരുതരമായി അപസ്മാരം പിടിപ്പെട്ട് നാല് മാസം സ്‌കൂളില്‍ നിന്നും മാറി നിന്നിരുന്നു. അധ്യാപകര്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരില്‍ കുട്ടിയെ ഇരയാക്കുകയായിരുന്നു. അപവാദ പ്രചാരണങ്ങള്‍ കാരണം വിദ്യാര്‍ത്ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി അടിയന്തര നടപടികക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പിന്നാലെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തെലുകളാണ് ലഭിച്ചത്. അധ്യാപിക വിദ്യാര്‍ത്ഥിനിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചു എന്ന് വാക്കാല്‍ പറഞ്ഞു പരത്തി. സഹ പ്രവര്‍ത്തകരോട് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പറഞ്ഞു. കൂടാതെ വ്യാജ പരാതി പോലീസില്‍ നല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പഠനം ഉപേക്ഷിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വാര്‍ത്ത അടങ്ങിയ യൂടൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്ക് വെക്കുകയും ചെയ്തതിന്റെ തെളിവുകളുണ്ട്. ഇതിനു പിന്നാലെ അധ്യാപികയെ സസ്പെന്‍ന്റ് ചെയ്തെന്ന് സ്‌കൂള്‍ മാനേജ്മെന്റ അറിയിച്ചു. സംഭവത്തില്‍ CWC അന്വേഷണം ആരംഭിച്ചിട്ടുണ്ട്.