Connect with us

News

ബോണ്ടി ബീച്ചിൽ ഭീകരാക്രമണം: അക്രമണത്തിനു പിന്നിൽ അച്ഛനും മകനും, 15 പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക്

സംഭവം ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചു.

Published

on

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചിൽ ആൾക്കൂട്ടത്തിന് നേരെ നടന്ന വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 15 ആയി. 40 പേർക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചു. ജൂത ഫെസ്റ്റിവലായ ഹനൂക്കയുടെ ആദ്യ ദിനത്തിൽ, ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.17ഓടെയാണ് വെടിവയ്പ്പുണ്ടായത്.

പാകിസ്ഥാൻ വംശജരായ 50കാരനായ സാജിദ് അക്രവും മകൻ നവീദ് അക്രം (24) യുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ 50കാരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. നവീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഓസ്ട്രേലിയയിലെ ജൂത വിഭാഗത്തെയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിൽ ഇരുവരുമാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.

അക്രമികളെക്കുറിച്ചും ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ അറിയിച്ചു. സംഭവസ്ഥലത്തിന് സമീപം രണ്ട് സജീവ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്നിയിലെ ബോണിറിഗിലെയും ക്യാംപ്സിയിലെയും ഇവരുടെ താമസസ്ഥലങ്ങളിൽ സെർച്ച് വാറണ്ടുകൾ പുറപ്പെടുവിച്ചു.

മരിച്ച 50കാരൻ ലൈസൻസുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിൽ ഈ ആറ് തോക്കുകളും ഉപയോഗിച്ചതായാണ് നിഗമനം. സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.

പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ നവീദ് അക്രം സിഡ്നിയിലെ അൽ-മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണെന്നും, ഓസ്ട്രേലിയയിലും പാകിസ്ഥാനിലുമുള്ള സർവകലാശാലകളിൽ മുൻപ് പഠിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഓസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയാണ് ആദ്യ വെടിവയ്പ്പ് ഉണ്ടായത്. ഹനൂക്കയുടെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. തുടർച്ചയായ വെടിവെപ്പ് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും വെടിയേറ്റത്. കുട്ടികളെയും വയോധികരെയും ഉൾപ്പെടെ ലക്ഷ്യമാക്കിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അത്യന്തം അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പ്രതികരിച്ചു. പൊലീസും ദ്രുതപ്രതികരണ വിഭാഗവും ഉടൻ ഇടപെട്ട് ജനങ്ങളെ രക്ഷിച്ചതായും, ജൂത സമൂഹത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

News

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്‌സ് എഫ്സി ഫൈനലിൽ

രണ്ടാം പകുതിയിൽ മുഹമ്മദ് സിനാൻ നേടിയ പെനാൽറ്റി ഗോളാണ് നിർണായകമായത്.

Published

on

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയുടെ ഫൈനലിലേക്ക് കണ്ണൂർ വാരിയേഴ്‌സ് എഫ്സി കടന്നു. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ 1–0ന് പരാജയപ്പെടുത്തിയാണ് കണ്ണൂർ ആദ്യമായി ഫൈനൽ യോഗ്യത നേടിയത്. രണ്ടാം പകുതിയിൽ മുഹമ്മദ് സിനാൻ നേടിയ പെനാൽറ്റി ഗോളാണ് നിർണായകമായത്.

മത്സരം തുടക്കത്തിൽ തന്നെ ചൂടുപിടിച്ചു. ആറാം മിനിറ്റിൽ മുഹമ്മദ് ആസിഫിനെ ഫൗൾ ചെയ്തതിന് കണ്ണൂർ ക്യാപ്റ്റൻ ലവ്സാംബക്ക് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ കാലിക്കറ്റിന്റെ ഗോൾ ശ്രമം ക്രോസ് ബാർ തടഞ്ഞു. 21-ാം മിനിറ്റിൽ സച്ചു സിബി പരിക്കേറ്റ് പുറത്തായപ്പോൾ പകരം ഷഹബാസ് അഹമ്മദ് എത്തി.

36-ാം മിനിറ്റിൽ മുഹമ്മദ് ആസിഫിന്റെ ഫ്രീകിക്ക് കണ്ണൂർ ബോക്സിലേക്ക് എത്തിയെങ്കിലും ഫിനിഷ് ചെയ്യാൻ കാലിക്കറ്റിന് സാധിച്ചില്ല. ആദ്യ പകുതിയുടെ ഇൻജുറി സമയത്ത് മുഹമ്മദ് അജ്സലിന് ലഭിച്ച സുവർണാവസരവും നഷ്ടമായി. രണ്ടാം പകുതിയിൽ കാലിക്കറ്റ് സമ്മർദ്ദം ശക്തമാക്കിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.

71-ാം മിനിറ്റിൽ എസിയർ ഗോമസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മുഹമ്മദ് സിനാൻ ലക്ഷ്യത്തിലെത്തിച്ചു. ഗോൾകീപ്പർ ഹജ്മലിന്റെ കൈകളിൽ തട്ടി പോസ്റ്റിനുള്ളിലേക്ക് കയറിയ പന്താണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. അണ്ടർ–23 താരമായ സിനാന്റെ ഈ സീസണിലെ നാലാമത്തെ ഗോളായിരുന്നു ഇത്.

ഡിസംബർ 15ന് രണ്ടാം സെമിയിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും ഏറ്റുമുട്ടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഡിസംബർ 19ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സൂപ്പർ ലീഗ് കേരളയുടെ ഫൈനൽ നടക്കുക.

Continue Reading

News

ഹമാസിന്റെ മുതിർന്ന കമാൻഡർ റായിദ് സഅ്ദ് ഇസ്രാഈൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ശനിയാഴ്ച കാറിൽ സഞ്ചരിക്കുകയായിരുന്ന സഅ്ദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Published

on

ഗസ്സ സിറ്റിക്ക് പടിഞ്ഞാറുള്ള അൽ റാഷിദ് റോഡിൽ ഇസ്രാഈൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന കമാൻഡറായ റായിദ് സഅ്ദ് (52) കൊല്ലപ്പെട്ടു. ശനിയാഴ്ച കാറിൽ സഞ്ചരിക്കുകയായിരുന്ന സഅ്ദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ 25ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

റായിദ് സഅ്ദിന്റെ മരണം സ്ഥിരീകരിച്ച ഹമാസ് നേതാവ് ഖലീൽ അൽഹയ്യ, ഇസ്രാഈൽ വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ചു. സഅ്ദിന്റെ വധം ഉൾപ്പെടെ നിരവധി തവണ ഇസ്രാഈൽ വെടിനിർത്തൽ ലംഘിച്ചതായും, ഇതിനെ നിയന്ത്രിക്കാൻ വെടിനിർത്തൽ ചർച്ചകൾക്ക് മുൻകൈ എടുത്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹമാസിന്റെ ഗസ്സ സിറ്റി ബ്രിഗേഡിന്റെ കമാൻഡറായിരുന്ന സഅ്ദ് ആയുധ വിഭാഗത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ഹമാസിന്റെ മിസൈൽ പദ്ധതിയുടെ പ്രധാന ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

ഗസ്സയിൽ ഇസ്രാഈൽ ആക്രമണം ശക്തമായതോടെ തുരങ്കങ്ങളിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സഅ്ദ് അവിടെ നിന്ന് പുറത്തിറങ്ങിയതിന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രാഈലിൽ നടത്തിയ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് സഅ്ദ് എന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രാഈൽ കാറ്റ്സും പറഞ്ഞു. 2024 ജൂൺ 22ന് അൽ ശാത്വി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ സഅ്ദ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നതായും അധികൃതർ വ്യക്തമാക്കി.

Continue Reading

News

തായ്‌ലൻഡ്–കംബോഡിയ സംഘർഷം രൂക്ഷം; റോക്കറ്റ് ആക്രമണത്തിൽ 63കാരൻ കൊല്ലപ്പെട്ടു, വീടുകൾ കത്തി നശിച്ചു

ആക്രമണത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. ഡിസംബർ ഏഴിന് രണ്ട് തായ്‌ലൻഡ് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

Published

on

തായ്‌ലൻഡിൽ കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 63 വയസ്സുകാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. ഡിസംബർ ഏഴിന് രണ്ട് തായ്‌ലൻഡ് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ഞായറാഴ്ചയും സംഘർഷം തുടർന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശങ്ങളുടെ അവകാശത്തെച്ചൊല്ലി തായ്‌ലൻഡും കംബോഡിയയും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണങ്ങളിൽ അതിർത്തിയുടെ ഇരു വശങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

സംഘർഷം രൂക്ഷമായതോടെ അഞ്ചുലക്ഷത്തിലധികം പേർ വീടുവിട്ടു കുടിയിറക്കപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിർത്തി മേഖലയിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Continue Reading

Trending