Connect with us

Video Stories

പകല്‍കൊള്ളയുടെ സ്വാശ്രയ നാടകം

Published

on

 

വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പപ്പു അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്, ഇപ്പോ ശര്യാക്കിത്തരാം. ഇപ്പോ ശരിയാകുമെന്ന പ്രതീക്ഷ കുറച്ചു സമയത്തേക്കെങ്കിലും നിലനിര്‍ത്താനാകും ഈ വാഗ്ദാനത്തിന്. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഏതാണ്ടിതേ രീതിയിലാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച രണ്ട് അടിയന്തര പ്രമേയങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ആഗസ്റ്റ് 31നകം എല്ലാം ശരിയാകുമെന്നായിരുന്നു മന്ത്രിയുടെ വാക്ക്. ഇപ്പോള്‍ ആ വാക്ക് പഴഞ്ചാക്കായി. മാത്രമല്ല, സ്വാശ്രയ മെഡിക്കല്‍ പഠനം പണക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ട നിലയിലുമായി. ഇടതുസര്‍ക്കാറിനും ആരോഗ്യ മന്ത്രിക്കും ഇക്കാര്യത്തില്‍ ഇനി എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് സര്‍ക്കാറിനോ മന്ത്രിക്കോ വലിയ പിടിയില്ല. വഴി അടച്ചതു സര്‍ക്കാരായതിനാല്‍ അത് തുറക്കാന്‍ സര്‍ക്കാര്‍ വലിയ പ്രയത്‌നം നടത്താനും സാധ്യതയില്ല. കോടതി വിധികളും സര്‍ക്കാര്‍ തീരുമാനങ്ങളും സ്വാശ്രയ മാനേജ്‌മെന്റുകളുടെ കള്ളക്കളികളുമെല്ലാമായി കുഴഞ്ഞുമറിഞ്ഞ നിലയിലായിരിക്കുന്നു സ്വാശ്രയം മെഡിക്കല്‍ പ്രവേശനം.
85 ശതമാനം സീറ്റുകളിലും പ്രവേശനം നടത്താനുള്ള സാഹചര്യമാണ് സര്‍ക്കാരിന് കൈവന്നത്. എന്നാല്‍ സ്വാശ്രയ മാനേജുമെന്റുകള്‍ക്കനുകൂല നിലപാടാണ് തുടക്കം മുതലുണ്ടായത്. സ്വാശ്രയ മാനേജുമെന്റുകളെ നിലക്കുനിര്‍ത്താന്‍ നാലുമാസ സമയം സര്‍ക്കാറിനുണ്ടായിരുന്നു. നിയമനിര്‍മാണം ഉള്‍പ്പെടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനുള്ള സമയം ലഭിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ആരെയോ ബോധിപ്പിക്കാനെന്ന മട്ടില്‍ മൂന്ന് ഓര്‍ഡിനന്‍സുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. മൂന്ന് ഓര്‍ഡിനന്‍സുകളിലും തെറ്റുണ്ടായത് സ്വാഭാവികമാണെന്ന് കരുതാനാകില്ല. മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.
പിന്നീട് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പാലിക്കാതെ ഫീസ് റഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി അഞ്ചര ലക്ഷമാണ് ഫീസ് നിശ്ചയിച്ചത്. മാനേജുമെന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ സുവര്‍ണാവസരം സര്‍ക്കാര്‍ നല്‍കുകയായിരുന്നു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ലംഘിച്ച് രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ബോധ്യമുള്ളവര്‍ തന്നെയാണ് സര്‍ക്കാര്‍ തലപ്പത്തുള്ളത്. പിന്നീട് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി നിശ്ചയിച്ച അഞ്ചുലക്ഷം രൂപ ഫീസാണ് 11 ലക്ഷമാക്കി കൊണ്ടുള്ള ഇടക്കാല ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട മാനേജ്‌മെന്റുകള്‍ക്കും ഉയര്‍ത്തിയ ഫീസ് ബാധകമാണ്. അഞ്ചു ലക്ഷം രൂപ ഫീസായും ബാക്കി തുക പണമായോ ബാങ്ക് ഗ്യാരന്റിയായോ നല്‍കണം. ആറു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം തള്ളിയ സുപ്രീംകോടതി പണമായോ ബാങ്ക് ഗ്യാരന്റിയായോ ഇത് നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ബാക്കി തുക കൂടി നല്‍കണം.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെ വലിയ വിജയമായി ഇടതുസര്‍ക്കാറും ആരോഗ്യ മന്ത്രിയും ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ എല്ലാ അവകാശ വാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ വന്‍ വര്‍ധനവാണ് മാനേജുമെന്‍ുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് വര്‍ധിപ്പിച്ചതിനെക്കാള്‍ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് നല്‍കിയത്. ഈ വര്‍ധനവാണ് ഇപ്പോള്‍ മാനേജുമെന്റുകള്‍ക്ക് നേട്ടമായത്.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് അഞ്ചു ലക്ഷം രൂപ ഫീസായും ബാക്കി തുക പണമായോ ബാങ്ക് ഗ്യാരന്റിയായോ നല്‍കുകയും വേണം. ആറു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം തള്ളിയ സുപ്രീംകോടതി പണമായോ ബാങ്ക് ഗ്യാരന്റിയായോ ഇത് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നേരത്തെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ബാക്കി തുക കൂടി നല്‍കണം. അതും 15 ദിവസത്തിനുള്ളില്‍.
ഇനി ഫീസ് റഗുലേറ്ററി കമ്മിറ്റിക്ക് ഫീസില്‍ മാറ്റം വരുത്താന്‍ കഴിയും. മൂന്നുമാസം വേണമിതിന്. എന്നാല്‍ ഫീസ് കുറയുമെന്ന് ഒരുറപ്പുമില്ലതാനും. ഇനി എന്തു ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് വിദ്യാര്‍ത്ഥികള്‍. പ്രവേശനം നേടിയവര്‍ക്ക് ബാക്കി തുകയുടെ ബാങ്ക് ഗ്യാരന്റി നല്‍കണം. ഈ പണം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് പഠനം ഉപേക്ഷിക്കുക മാത്രമേ വഴിയുള്ളൂ. നാല് വര്‍ഷത്തെ ഫീസിനത്തില്‍ മാത്രം 44 ലക്ഷം നല്‍കണം. ബാക്കി ചെലവുകള്‍ വേറെ. അതായത് സര്‍ക്കാര്‍ ബാങ്ക് ഗ്യാരന്റി നല്‍കിയാലും ഫീസിന്റെ ഘടന അറിയാതെ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് തല വെച്ചു കൊടുക്കാന്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയാറാകില്ല.
ജൂലൈയില്‍ സര്‍ക്കാര്‍ കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. കോടതി വിധികളും സര്‍ക്കാറിന്റെ മെല്ലെപ്പോക്കും കാരണം സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും വൈകി. സ്‌പോട്ട് അലോട്ട്‌മെന്റ് നടത്താന്‍ മാനേജുമെന്റുകള്‍ക്ക് സൗകര്യമൊരുക്കുകയായിരുന്നു ഈ കാലതാമസത്തിന്റെ ലക്ഷ്യമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍ പ്രകാരം ആഗസ്റ്റ് 19നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ 14നുണ്ടായ കോടതി വിധിയോടെ നിശ്ചിത തിയതിക്കകം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. 21ലെ ഹൈക്കോടതി വിധിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ആശ്വാസം ഉണ്ടായത്. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധി വീണ്ടും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കിയിരിക്കുകയാണ്.
ഒരിക്കല്‍ അലോട്ട്‌മെന്റ് ലഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ പഠനം ഉപേക്ഷിക്കാന്‍ പോലും സാധിക്കില്ല. ഫീസ് കുറയുമെന്ന പ്രതീക്ഷയില്‍ പ്രവേശനം നേടാന്‍ കഴിയാത്ത സ്ഥിതിയാണെന്നര്‍ത്ഥം. അരക്കോടിയിലേറെ രൂപ ഫീസായി നല്‍കാന്‍ കഴിയുന്നവര്‍ക്ക് മാത്രമായി മെഡിക്കല്‍ പഠനം സംവരണം ചെയ്യപ്പെടുന്ന പുതിയ സാഹചര്യത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ ഏറെ പേര്‍ക്കും പ്രവേശനം നേടാന്‍ കഴിയില്ല. ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ മാത്രമാണ് ഫീസ് അഞ്ച് ലക്ഷം മതിയെന്ന നിലപാടെടുത്തിട്ടുള്ളത്.
സര്‍ക്കാറിന് സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. മാനേജുമെന്റുകളുമായുള്ള ഒത്തുകളി എന്ന ആരോപണം വന്നത് ഇതുകൊണ്ടാണ്. സ്വാശ്രയ കോളജുകള്‍ ഉണ്ടായ കാലം മുതല്‍ തന്നെ ഈ മേഖലയില്‍ പ്രശ്‌ന രഹിതമായ കാലമുണ്ടായിട്ടില്ല. ഇത്തവണ പ്രശ്‌നങ്ങളില്ലാതെ പ്രവേശനം നടത്താന്‍ അവസരം ലഭിച്ചെങ്കിലും സര്‍ക്കാര്‍ മുന്നൊരുക്കം നടത്താതെ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതു കൊണ്ടാണ് ഒത്തുകളി എന്ന ആരോപണം ഉണ്ടാകുന്നത്. അതിനെ ശരിവെക്കുന്നതാണ് കഴിഞ്ഞ നാല് മാസമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍.
ഫീസ് ഘടന നിശ്ചയിച്ചപ്പോള്‍ തന്നെ സര്‍ക്കാറിന് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാമായിരുന്നു. എന്നാല്‍ മാനേജുമെന്റുകള്‍ പ്രവേശന നടപടികള്‍ വൈകിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. തന്നിഷ്ടം പോലെ പ്രവേശനം നടത്താന്‍ മാനേജുമെന്റുകള്‍ മുമ്പും ഈ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ഈ മെല്ലെപ്പോക്കിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഫീസ് ഘടന പ്രഖ്യാപിച്ച ശേഷം വീണ്ടും മാനേജുമെന്റുകളുമായി കരാര്‍ ഒപ്പിടാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. ക്രോസ് സബ്‌സിഡി നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ കരാറിന് എഴുതിയ കടലാസിന്റെ വില പോലുമുണ്ടാകില്ലെന്നും അറിഞ്ഞുകൊണ്ട് നാടകം കളിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസം സമ്പന്നര്‍ക്ക് അടിയറ വെച്ചിരിക്കുകയാണ്.
അഞ്ച് ലക്ഷം രൂപ അടച്ച് പ്രവേശനം നേടിയവര്‍ക്ക് ഇനി ബാക്കി തുക കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നാണ് അവസാനത്തെ പ്രഖ്യാപനം. സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് മൂക്കുകയറിടാനല്ല, അവര്‍ക്ക് നിര്‍ബാധം വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ പിടിപ്പുകേട് മാത്രമല്ല ഇതിന് കാരണം, സര്‍ക്കാറിന്റെ കഴിവുകേടും മാനേജുമെന്റുകളെ വഴിവിട്ട് സഹായിക്കാനുള്ള ഇച്ഛയുമാണ്.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending