Video Stories
പ്രതിരോധത്തിലെ ‘ധ’

ജവാഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ പയറ്റിയവരൊക്കെ നക്‌സലൈറ്റുകളോ ഉദാര മാര്‍ക്‌സിസ്റ്റുകാരെങ്കിലുമോ ആകുമെന്നാണ് വെപ്പ്. ഇന്ത്യയുടെ ആദ്യ വനിതാ മുഴു പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ ജെ.എന്‍.യു സന്തതിയാണ്. അവിടെ സ്വതന്ത്ര ചിന്തയുടെ വക്താവായ അയ്യങ്കാര്‍ ബ്രാഹ്മണയായ നിര്‍മല പ്രണയിച്ചത് ഹൈദ്രബാദിലെ ലക്ഷണമൊത്ത ബ്രാഹ്മണനെ. പ്രേമത്തിന് കണ്ണും മൂക്കും മാത്രമല്ല, ജാതിയുമുണ്ടായിരുന്നു-ഇപ്പോള്‍ ആന്ധ്ര സര്‍ക്കാറിന്റെ കമ്മ്യൂണിക്കേഷന്‍ ഉപദേശകനായി ക്യാബിനറ്റ് റാങ്ക് അലങ്കരിക്കുന്ന പറകാല പ്രഭാകറായിരുന്നു നായകന്‍. നിര്‍മലാ സീതാരാമന്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പിയെ മരുന്നിന് പോലും ജെ.എന്‍.യുവില്‍ കിട്ടാനില്ലാതിരുന്നിട്ടും ഇവര്‍ ദേശീയ വാദി തന്നെയായി മാറി. പുതിയ പ്രതിരോധ മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ ട്വിറ്ററില്‍ വന്ന പ്രതികരണങ്ങളിലൊന്ന്, ജെ.എന്‍.യുവിലെ സകലരും ദേശ വിരുദ്ധരാണെന്നിരിക്കെ ഒരാളെങ്ങിനെ കട്ട ദേശീയവാദിയായി എന്നായിരുന്നു.
മന്ത്രിസഭയിലെ രണ്ടാം പദവി പ്രതിരോധത്തിന് ലഭിക്കാറുണ്ട്. ഗോവ പിടിക്കാന്‍ പരീക്കര്‍ പ്രതിരോധം വിട്ടപ്പോള്‍ മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടുകൂടിയാണ് ജെയ്റ്റ്‌ലി വകുപ്പ് കൈവശം വെച്ചത്. ധനവകുപ്പിലെ സഹമന്ത്രിയായിരുന്ന നിര്‍മലക്ക് സ്ഥാനക്കയറ്റം കൊടുക്കുമ്പോള്‍ അത് തീര്‍ത്തും നിര്‍മലമായാണെന്ന് പറയാന്‍ വയ്യ. പരിണത പ്രജ്ഞയായ സുഷമ സ്വരാജ് അവിടെയുണ്ട്. അവരാണെങ്കില്‍ നിര്‍മലയുമായി ചെറിയ രീതിയിലാണെങ്കിലും ഒന്ന് കൊമ്പ് കോര്‍ത്തതാണ്. ട്വിറ്ററിലൂടെയായിരുന്നു ഈ ശ്രദ്ധേയ പെണ്‍ പോര്. തെലങ്കാന രൂപവത്കരണത്തെ പറ്റി അന്നു പാര്‍ട്ടി ദേശീയ വക്താവായിരുന്ന നിര്‍മലയുടെ ട്വീറ്റിനെ പരസ്യമായി വിമര്‍ശിക്കേണ്ടിവന്നു ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ സുഷമക്ക്. 2003ല്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗമായ നിര്‍മലക്ക് ബി.ജെ.പി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വഴി കാട്ടിയത് സുഷമ തന്നെ. ഇപ്പോള്‍ സുഷമക്ക് അല്പം മുകളില്‍ പ്രതിരോധ വകുപ്പില്‍ ക്യാബിനറ്റ് റാങ്ക് മോദി നല്‍കിയിരിക്കുന്നു. നിര്‍മല സീതാരാമന്‍ എന്ന പാര്‍ട്ടി വക്താവിനെ മോദിക്ക് വിട്ടു കളയാനാവില്ല. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ പ്രയാണത്തില്‍ അന്നത്തെ വക്താവിന്റെ ചുമതലക്കപ്പുറമുള്ള ആവേശം നിര്‍മല പ്രകടിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് പ്രതിരോധം ഏറ്റവും വലിയ ആയുധപ്പുരയാണ്. പാകിസ്താനും ചൈനയും അതിര്‍ത്തികളിലുള്ളപ്പോള്‍ ഏത് സമയവും ദേശീയ സുരക്ഷ ഒരു വിഷയമാക്കി എടുക്കാം. ആക്രമണോത്സുക രാജ്യ സ്‌നേഹത്തെ വോട്ടാക്കി മാറ്റാനുള്ള പണിയും അറിയാം. രാജ്യത്തിനകത്തെ കാര്യങ്ങള്‍ എപ്പോഴൊക്കെ അപകടകരമാണെന്ന് തോന്നുന്നുവോ അപ്പോഴൊക്കെ എടുത്തു പയറ്റാവുന്ന സംഗതിയാണീ രാജ്യ പ്രതിരോധം. അവിടെ ചൊല്ലുവിളിക്കാരുണ്ടാകുന്നതാണെപ്പോഴും നല്ലതല്ലോ. മനുസ്മൃതിയില്‍ അഭിമാനപുളകിയതയായ വനിതയെങ്കില്‍ കെങ്കേമമായി.
നിര്‍മലയുടെ അമ്മായിഅപ്പന്‍ സ്വയമ്പന്‍ കോണ്‍ഗ്രസുകാരനായിരുന്നു- ശേഷാവതാരം. അദ്ദേഹം 1970ല്‍ ആന്ധ്രയിലെ സര്‍ക്കാറില്‍ മന്ത്രിയും അമ്മായിയമ്മ എം.എല്‍.എയും. ഭര്‍ത്താവ് പ്രഭാകറാവട്ടെ ലണ്ടനിലെ ഉദ്യോഗം മതിയാക്കി നാട്ടിലെത്തി നോക്കുമ്പോള്‍ ആന്ധ്രയില്‍ ചിരഞ്ജീവി പ്രജാരാജ്യം പാര്‍ട്ടിയുമായി കരുത്ത് തെളിയിക്കാന്‍ ശ്രമിക്കുന്ന കാലം. ജെ.എന്‍.യുവിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും പഠിച്ച പ്രഭാകര്‍ പിന്നൊന്നും നോക്കീല. പ്രജാപാര്‍ട്ടിയുടെ നേതാവും വക്താവുമായി. ഇക്കണോമി പാര്‍ട്ടി ബി.ജെ.പിയാണെന്ന് ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവന്നീല. എന്നാല്‍ ഭര്‍ത്താവിനേക്കാള്‍ തിളങ്ങിയത് നിര്‍മലയാണ്. ഹൈദ്രബാദ് വഴി ഡല്‍ഹിയിലേക്ക്. 2008ലാണ് ബി.ജെ.പിയിലെത്തുന്നത്. 2010ല്‍ ബി.ജെ.പിയുടെ ദേശീയ വക്താക്കളില്‍ ഒരാളായി. അധികാരം പിടിക്കാന്‍ ബി.ജെ.പി സകല അടവുകളും ഒന്നിച്ചു പയറ്റുന്ന കാലമായിരുന്നു, നിതിന്‍ ഗഡ്കരി അഖിലേന്ത്യാ പ്രസിഡന്റായ ആ കാലം. 2014ല്‍ മോദി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോല്‍ നിര്‍മല സീതാരാമന്റെ സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദം ഉപകാരപ്പെട്ടു. ധനവകുപ്പില്‍ സ്വതന്ത്ര ചുമതല കിട്ടി. ആന്ധ്രയില്‍ നിന്നായിരുന്നു ആദ്യത്തെ രാജ്യസഭാപ്രവേശം. ഉപതെരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ കര്‍ണാടകയില്‍നിന്നാണ്.
തിരുച്ചിറപള്ളിക്കടുത്ത മുസിരിയിലാണ് 1959 ആഗസ്റ്റ് 18ന് നിര്‍മലയുടെ ജനനം. അച്ഛന്‍ റെയില്‍വേയിലായിരുന്നു. വിവാഹിതയായ ശേഷമാണ് ഡോക്ടറേറ്റ് ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രബന്ധം പാതി വഴിയിലിട്ട് ലണ്ടനിലേക്ക് പോകേണ്ടിവന്ന നിര്‍മല അവിടെ സെയില്‍സ് ഗേളായി ജോലി നോക്കി. പ്രൈസ് വാട്ടേഴ്‌സിലും ബി.ബി.സിയിലും പ്രവര്‍ത്തിച്ചു. ഭര്‍ത്താവിനെ അനുഗമിച്ച് ലണ്ടനിലെത്തിയ നിര്‍മല ഏക മകളെ പ്രസവിക്കാന്‍ സ്വന്തം നഗരമായ മദിരാശിയിലുണ്ടായിരുന്നപ്പോഴാണ് രാജീവ്ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ കലിയുടെ ഇരയായത്. പിന്നെ ഹൈദ്രബാദിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി സ്റ്റഡീസിന്റെ ഡെപ്യൂട്ടി ഡയരക്ടറുമൊക്കെയായി ഇവിടെ വേരുറപ്പിക്കുകയായിരുന്നു.
പ്രതിരോധം കൈകാര്യം ചെയ്ത ആദ്യ വനിത ഇന്ദിര ഗാന്ധിയാണ്. അവര്‍ പക്ഷെ പ്രധാനമന്ത്രി കൂടിയായിരുന്നു. നിര്‍മല അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകുക കൂടി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ആയുധത്തിന്റേതാണ്. സംഘര്‍ഷങ്ങളും ആയുധക്കച്ചവടവും പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നു. ഓരോ രാജ്യത്തെയും വിമതരെ സായുധരാക്കുന്ന കമ്പനികള്‍ തന്നെയാണ് ഔദ്യോഗിക സൈന്യത്തിന് ആയുധങ്ങള്‍ വില്‍ക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും പ്രായോജകര്‍ ആയുധക്കച്ചവടക്കാരാണ്. ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റിന് ആ സ്ഥാനം നഷ്ടപ്പെടുത്തിയത് ആയുധക്ക്ച്ചവടമായിരുന്നല്ലോ. പ്രതിരോധത്തിലെ ‘ധ’ ധനത്തിന്റെ ‘ധ’ തന്നെ. ഏത് സീതാരാമന്‍മാര്‍ക്കും പാതിവ്രത്യം നഷ്ടപ്പെടുന്ന മേഖലയില്‍ നിര്‍മലയായിരിക്കുക എളുപ്പമല്ല. അല്ല അതൊക്കെ അമിത്ഷായും മോദിയും നോക്കിക്കോളുമല്ലോ.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
film3 days ago
ജെഎസ്കെ വിവാദം; സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കണം: കെ.സി. വേണുഗോപാല്‍ എം.പി
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
Health3 days ago
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്