Connect with us

Video Stories

വിജയത്തേരില്‍ പി.എസ്.ജി ഭാഗ്യച്ചിറകില്‍ ബാര്‍സ

Published

on

 

ചാമ്പ്യന്‍സ് ലീഗ്: യുവന്റസ്, മാഞ്ചസ്റ്റര്‍്, റോമ ടീമുകള്‍ക്ക് ജയം
അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിച്ച് ചെല്‍സി

പാരിസ്: ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ മറുപടിയില്ലാത്ത മൂന്നു ഗോൡന് തകര്‍ത്ത് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നു. സ്‌പോര്‍ട്ടിങ് ലിസ്ബണിനെതിരെ ഓണ്‍ഗോളിന്റെ ആനുകൂല്യത്തില്‍ ബാര്‍സലോണ ജയം കണ്ടപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ മുട്ടുകുത്തിച്ച് ചെല്‍സി കരുത്തുകാട്ടി. യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സെല്‍റ്റിക്, എ.എസ് റോമ, എഫ്.സി ബാസല്‍ ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം കണ്ടു.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വാരിയെറിഞ്ഞ പി.എസ്.ജി ആദ്യത്തെ വലിയ പരീക്ഷണത്തില്‍ വിജയിച്ചത് റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിയ ബ്രസീല്‍ താരം നെയ്മറിന്റെ കരുത്തിലാണ്. രണ്ടാം മിനുട്ടില്‍ ബയേണിന്റെ പേരുകേട്ട പ്രതിരോധത്തിലൂടെ തുളച്ചുകയറി ഡാനി ആല്‍വസിന്റെ ഗോളിന് പന്തു നല്‍കിയ 25-കാരന്‍ മത്സരത്തിലുടനീളം എതിരാളികള്‍ക്ക് തലവേദന സൃഷ്ടിച്ചു. 31-ാം മിനുട്ടില്‍ എംബാപ്പെയുടെ കട്ട്ബാക്ക് പാസ് ഒന്നാന്തരമൊരു ഷോട്ടിലൂടെ എഡിന്‍സന്‍ കവാനി വലയിലെത്തിച്ചു. 63-ാം മിനുട്ടില്‍ എംബാപ്പെയുടെ ഗോള്‍ശ്രമം ബയേണ്‍ പണിപ്പെട്ട് തടഞ്ഞെങ്കിലും അവസരത്തിനൊത്തുയര്‍ന്ന നെയ്മര്‍ ബയേണ്‍ കോച്ച് കാര്‍ലോ ആന്‍ചലോട്ടിയുടെ വിധിയെഴുതി.
നെയ്മര്‍ ക്ലബ്ബ് വിട്ടതിനെ തുടര്‍ന്നുള്ള ആശങ്കയില്‍ നിന്ന് കരകയറിയ ബാര്‍സലോണ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ മൈതാനത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ജയിച്ചുകയറിയത്. 48-ാം മിനുട്ടില്‍ ലയണല്‍ മെസ്സിയുടെ ഫ്രീകിക്കിനെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കോട്ടസ് സ്വന്തം വലയില്‍ പന്തെത്തിച്ചതാണ് ബാര്‍സക്ക് അനുഗ്രഹമായത്. 4-4-2 ശൈലിയില്‍ കളിച്ച ബാര്‍സക്ക് സ്വാഭാവിക കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സ്‌പോര്‍ട്ടിങ് പലതവണ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഗോള്‍കീപ്പര്‍ മാര്‍ക് ടെര്‍സ്റ്റെഗന്റെയും പ്രതിരോധ നിരയുടെയും മികച്ച പ്രകടനമാണ് ബാര്‍സക്ക് തുടര്‍ച്ചയായ എട്ടാം ജയം സമ്മാനിച്ചത്. 18 തവണ സ്വന്തം കാലില്‍ നിന്ന് പന്ത് നഷ്ടപ്പെടുത്തിയ ലയണല്‍ മെസ്സി മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു ഹോസെ അല്‍വലാദെ സ്‌റ്റേഡിയത്തിലേത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച ചെല്‍സി ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം ജയം സ്വന്തമാക്കി. കോര്‍ണര്‍ കിക്കിനിടെ ലൂക്കാസിനെ ബോക്‌സില്‍ ഡേവിഡ് ലൂയിസ് വലിച്ചിട്ടതിനു ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് 40-ാം മിനുട്ടില്‍ ആന്റോയിന്‍ ഗ്രീസ്മന്‍ ആതിഥേയരെ മുന്നിലെത്തിച്ചിരുന്നു. അത്‌ലറ്റികോയുടെ പുതിയ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ സ്‌കോര്‍ ചെയ്യപ്പെടുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്. ഇടവേളക്കു മുമ്പ് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം അത്‌ലറ്റിക്ക് ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്വയുടെ സേവും സൗള്‍ നിഗ്വേസിന്റെ അലക്ഷ്യമായ പ്ലേസിങും ഗോള്‍ നിഷേധിച്ചു.
പരിക്കുമാറി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തിരിച്ചെത്തിയ എയ്ഡന്‍ ഹസാഡ് ആയിരുന്നു ചെല്‍സിയുടെ സമനില ഗോളിന്റെ സൂത്രധാരന്‍. ബോക്‌സിന്റെ ഇടതുവശത്തു നിന്ന് ബെല്‍ജിയന്‍ താരം നല്‍കിയ ക്രോസില്‍ തലവെക്കേണ്ട കാര്യമേ അല്‍വാരോ മൊറാട്ടക്കുണ്ടായിരുന്നുള്ളൂ. സമനിലയില്‍ അവസാനിച്ചുവെന്ന് തോന്നിച്ച മത്സരം അത്‌ലറ്റികോയുടെ കൈയില്‍ നിന്ന് റാഞ്ചിയെടുത്തത് മിച്ചി ബാത്ഷുവായ് ആണ്. 94-ാം മിനുട്ടില്‍ ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബാത്ഷുവായ്, മാര്‍കോ അസന്‍സോയുടെ പാസ് വലയിലേക്ക് തട്ടുകയായിരുന്നു.
പുതിയ സീസണില്‍ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ.എ മോസ്‌കോയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളിന് മുക്കി. റൊമേലു ലുകാകു രണ്ട് ഗോളടിച്ച മത്സരത്തില്‍ രണ്ട് ഗോളിന് വഴിയൊരുക്കിയും പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചും ആന്റണി ആന്തണി മാര്‍ഷ്യല്‍ തിളങ്ങി. ഹെന്റിക് മിഖത്രയന്‍ സന്ദര്‍ശകരുടെ നാലാം ഗോള്‍ നേടിയ ശേഷം കോണ്‍സ്റ്റന്റിന്‍ കൊച്ചേവ് മോസ്‌കോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗോണ്‍സാേേലാ ഹിഗ്വയ്ന്‍ ഫോമില്‍ മടങ്ങിയെത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് യുവന്റസ് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെ വീഴ്ത്തിയത്. പകരക്കാരനായി കളത്തിലെത്തിയ ഹിഗ്വന്‍ 69-ാം മിനുട്ടില്‍ റീബൗണ്ടില്‍ നിന്ന് യുവെയെ മുന്നിലെത്തിച്ചു. അലക്‌സ് സാന്ദ്രോയുടെ ക്രോസില്‍ നിന്നുള്ള തന്റെ ആദ്യശ്രമം ഡിഫന്ററുടെ കാലില്‍ തട്ടി മടങ്ങിയെങ്കിലും രണ്ടാം ശ്രമം ഹിഗ്വയ്ന്‍ വലയിലാക്കി. 2016 ഡിസംബറിനു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ അര്‍ജന്റീനാ വെറ്ററന്‍ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. 80-ാം മിനുട്ടില്‍ ഹിഗ്വയ്ന്‍ ബോക്‌സിലേക്കു നല്‍കിയ ത്രൂപാസില്‍ നിന്നുള്ള ഡിബാലയുടെ ശ്രമം ഗോള്‍ലൈനില്‍ വെച്ച് ഡിഫന്റര്‍ തടഞ്ഞെങ്കിലും ഹെഡ്ഡറിലൂടെ മാര്‍കോ മാന്‍ഡ്‌സുകിച്ച് വലകുലുക്കി.
കസഖ് ക്ലബ്ബ് ക്വാറബാഗിനെ കോസ്താസ് മനോലാസ്, എഡിന്‍ ഷെക്കോ എന്നിവരുടെ ഗോളില്‍ എ.എസ് റോമ 2-1 ന് വീഴ്ത്തിയപ്പോള്‍ ബെന്‍ഫിക്കക്കെതിരെ എഫ്.സി ബാസല്‍ സ്വന്തം ഗ്രൗണ്ടില്‍ 5-0 ജയം കണ്ടു. ദിമിത്രി ഒബെര്‍ലിന്‍ (രണ്ട്), മിച്ചല്‍ ലാങ്, വാന്‍ വോള്‍ഫ്‌സ്‌വിങ്കല്‍, ബ്ലാസ് റിവറോസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. 62-ാം മിനുട്ടില്‍ ആന്ദ്രെ അല്‍മെയ്ഡ ചുവപ്പുകാര്‍ഡ് കണ്ടതിനു ശേഷം പത്തുപേരുമായാണ് ബെന്‍ഫിക്ക മത്സരം പൂര്‍ത്തിയാക്കിയത്. ബെല്‍ജിയന്‍ ക്ലബ്ബ് ആന്ദര്‍ലെഷ്തിനെ സെല്‍റ്റിക് മൂന്നു ഗോളിന് പരാജയപ്പെടുത്തി. ലെയ് ഗ്രിഫിത്ത്‌സ്, പാട്രിക് റോബര്‍ട്ട്‌സ്, സ്‌കോട്ട് സിന്‍ക്ലയര്‍ എന്നിവരാണ് ഗോള്‍ നേടിയത്.
ഗ്രൂപ്പ് എയില്‍ രണ്ടാം ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (6 പോയിന്റ്) ഒന്നാം സ്ഥാനം ഭദ്രമാക്കി. ആദ്യജയത്തോടെ ബാസല്‍ (3) രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സി.എസ്.കെ.എ മോസ്‌കോ (3) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ പി.എസ്.ജിയാണ് (6) ലീഡ് ചെയ്യുന്നത്. തോറ്റെങ്കിലും ബയേണ്‍ ആണ് (3) രണ്ടാം സ്ഥാനത്ത്. സെല്‍റ്റിക് (3) മൂന്നാം സ്ഥാനത്ത്. സി ഗ്രൂപ്പില്‍ ചെല്‍സിക്കു )6) പിന്നിലായി എ.എസ് റോമ (4) രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഡി ഗ്രൂപ്പില്‍ ബാര്‍സലോണ (6) ആധിപത്യം സ്ഥാപിച്ചു. സ്‌പോര്‍ട്ടിങ് (3), യുവന്റസ് (3) ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending