Connect with us

More

തോമസ് ചാണ്ടിയുടെ രാജി; ഇടതുമുന്നണി യോഗം അവസാനിച്ചു

Published

on

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് വേണ്ടിയുളള നിര്‍ണായക ഇടതു മുന്നണി യോഗം അവസാനിച്ചു. സിപിഐ ഉള്‍പ്പടെ ഘടകകക്ഷികള്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. തോമസ് ചാണ്ടി അടക്കമുള്ളവര്‍ പങ്കെടുത്ത എല്‍.ഡി.എഫ് യോഗത്തിലാണ് തീരുമാനം. രാജി വിഷയത്തില്‍ കൂടുതല്‍ സമയം വേണമെന്ന നിലപാട് യോഗത്തില്‍ എന്‍.സി.പി സ്വീകരിച്ചുവെന്നാണ് സൂചനകള്‍. എന്നാല്‍ രാജി ആവശ്യത്തില്‍ സി.പി.ഐ ഉറച്ചുനിന്നു.

ഹൈക്കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കുന്നത് അപ്രായോഗികമാണെന്നു സിപിഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും തങ്ങളുടെ തീരുമാനം അംഗീകരിച്ചെന്ന ശരീരഭാഷയായിരുന്നു സിപിഐ നേതാക്കള്‍ക്ക്. സിപിഐയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ഹാപ്പിയാണ്’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. എന്‍സിപി ഉള്‍പ്പെടെ മറ്റുനേതാക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല.

രാവിലെ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി കാനം രാജേന്ദ്രന്‍ എകെജി സെന്ററില്‍ എത്തിയിരുന്നു. മുന്നണി യോഗത്തിനുമുന്‍പു ധാരണയുണ്ടാക്കാനായിരുന്നു കാനത്തിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തി. ഹൈക്കോടതിയിലെ കേസുകളില്‍ തീരുമാനം ആയതിനുശേഷം മാത്രം മതി രാജിയെന്നാണ് എന്‍സിപിയുടെ നിലപാട്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഇടതു മുന്നണി യോഗത്തിനു മുമ്പു ചേര്‍ന്ന എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയും തന്നോടു രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ലെന്നും ചാണ്ടി യോഗത്തില്‍ അറിയിച്ചു.

രാജിക്കാര്യം തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മുന്നണി യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടെന്നാണ് വിവരം. ചൊവ്വാഴ്ച ചേരുന്ന എന്‍സിപി നേതൃയോഗം രാജിക്കാര്യം ചര്‍ച്ച ചെയ്യും. ചാണ്ടിയും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നു. എജിയുടെ നിയമോപദേശം തോമസ് ചാണ്ടിക്ക് എതിരായതോടെയാണു രാജിയിലേക്കു കാര്യങ്ങള്‍ എത്തുന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ ഇനിയും കോടതി പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന ഭയം ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്.

സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നതിന് ശേഷമാണ് യോഗം നടന്നത്. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ തോമസ്ചാണ്ടി വിഷയം അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ചില അംഗങ്ങള്‍ വിഷയം പരാമര്‍ശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ച നടന്നിരുന്നില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending