Connect with us

More

ദുരന്ത മേഖലയില്‍; മുഖ്യമന്ത്രിക്കെതിരെ രോഷം അണപൊട്ടി

Published

on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ജനരോഷം ശക്തമാവുകയും വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തില്‍, പൊലീസ് ഒരുക്കിയ വന്‍സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലൂടെ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീരദേശവാസികളുടെ പ്രതിഷേധം. എത്താന്‍ വൈകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെ മിനിറ്റുകളോളം ജനക്കൂട്ടം തടഞ്ഞുവെച്ചു.
മുഖ്യമന്ത്രിയുടെ വാഹനത്തിന് പുറത്തടിച്ചാണ് മത്സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. ജനങ്ങളുടെ ഇടയില്‍ നിന്നും മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രി സ്ഥലത്ത് എത്തിയതെങ്കിലും ഇത് വകവെക്കാതെ നാട്ടുകാര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആദ്യദിനമൊന്നും പ്രദേശത്ത് വരാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്നലെ എത്തുകയും ഇന്ന് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരമന്‍ എത്തുമെന്ന് മുന്നറിയിപ്പ് കിട്ടുകയും ചെയ്തതോടെ മുഖ്യമന്ത്രിക്ക് രാഷ്ട്രീയ ബോധോദയം ഉണ്ടായി. ഇനി വൈകിയാല്‍ ബി.ജെ.പി ഓഖി മുതലെടുക്കുമെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രി എത്തിയത്.
വൈകുന്നേരം ഏഴ് മണിയോടെ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടെയാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ കാറിന്റെ ആന്റിന ഒടിഞ്ഞു. അരമണിക്കൂര്‍ ചെലവിട്ട ശേഷം ഔദ്യോഗിക വാഹനത്തില്‍ കയറാനാവാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് പിന്നീട് മുഖ്യമന്ത്രി മടങ്ങിയത്. നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും മേഴ്സിക്കുട്ടിയമ്മക്കെതിരേയും ഇ. ചന്ദ്രശേഖരനെതിരേയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കനത്ത സുരക്ഷാ വലയം ഇല്ലായിരുന്നുവെങ്കില്‍ വൈകുന്നേരം മുഖ്യമന്ത്രിക്ക് നേരെ ചിലപ്പോള്‍ കയ്യേറ്റശ്രമംവരെയുണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു.
വൈകുന്നേരം ആറരയോടെ വിഴിഞ്ഞത്തെ ക്രിസ്ത്യന്‍പള്ളിയിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. ശേഷം പുറത്തിറങ്ങി നാട്ടുകാരോട് സംസാരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് പള്ളിക്കകത്ത് കയറി പള്ളി വികാരിക്കൊപ്പമാണ് മുഖ്യമന്ത്രി സംസാരിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പള്ളിവികാരി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധി പേരാണ് സ്ഥലത്ത് തടിച്ച് കൂടിയിരുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് തന്റെ ഔദ്യോഗിക വാഹനത്തിനരികെ എത്താനായില്ല. വിഴിഞ്ഞത്തിന് ശേഷം പൂന്തുറ സന്ദര്‍ശിക്കാനും ആലോചിച്ചിരുന്നെങ്കിലും പിന്നീട് അതുപേക്ഷിച്ചു.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് സമീപത്തെ പള്ളിയില്‍ ദിവസങ്ങളോളം ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ കുടിക്കാതെ തങ്ങളുടെ ഉറ്റവരെ കാത്ത് കഴിയുന്ന സ്ത്രീകളുള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കിടയിലേക്കായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. ഇവരെ സന്ദര്‍ശിച്ചശേഷം ആറേമുക്കാലോടെ കാറില്‍ കയറാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ചാടിവീണ പ്രതിഷേധക്കാര്‍ കാറിലിടിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഏതാണ്ട് അഞ്ച് മിനിറ്റോളം സാഹസപ്പെട്ടാണ് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാറിനുള്ളിലേക്ക് കയറ്റിയത്.
ഉച്ചക്ക് ഒരു മണിയോടെ വിഴിഞ്ഞം പള്ളിത്തുറ കടപ്പുറത്തെത്തിയ മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു. ഓഖി ദുരന്തത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ അലമുറയിട്ട് കരയുന്ന കടലിന്റെ മക്കളെ കാണാനും അവര്‍ക്ക് സാന്ത്വനമേകാനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഓടിയെത്തിയിരുന്നു.

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

Continue Reading

india

കർണാടക ബിജെപിയുടെ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യണം: ‘എക്സി’ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു

Published

on

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

Trending