സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ജനരോഷം ശക്തമാവുകയും വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തില്‍, പൊലീസ് ഒരുക്കിയ വന്‍സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലൂടെ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീരദേശവാസികളുടെ പ്രതിഷേധം. എത്താന്‍ വൈകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെ മിനിറ്റുകളോളം ജനക്കൂട്ടം തടഞ്ഞുവെച്ചു.
മുഖ്യമന്ത്രിയുടെ വാഹനത്തിന് പുറത്തടിച്ചാണ് മത്സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. ജനങ്ങളുടെ ഇടയില്‍ നിന്നും മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രി സ്ഥലത്ത് എത്തിയതെങ്കിലും ഇത് വകവെക്കാതെ നാട്ടുകാര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആദ്യദിനമൊന്നും പ്രദേശത്ത് വരാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്നലെ എത്തുകയും ഇന്ന് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരമന്‍ എത്തുമെന്ന് മുന്നറിയിപ്പ് കിട്ടുകയും ചെയ്തതോടെ മുഖ്യമന്ത്രിക്ക് രാഷ്ട്രീയ ബോധോദയം ഉണ്ടായി. ഇനി വൈകിയാല്‍ ബി.ജെ.പി ഓഖി മുതലെടുക്കുമെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രി എത്തിയത്.
വൈകുന്നേരം ഏഴ് മണിയോടെ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടെയാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ കാറിന്റെ ആന്റിന ഒടിഞ്ഞു. അരമണിക്കൂര്‍ ചെലവിട്ട ശേഷം ഔദ്യോഗിക വാഹനത്തില്‍ കയറാനാവാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് പിന്നീട് മുഖ്യമന്ത്രി മടങ്ങിയത്. നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും മേഴ്സിക്കുട്ടിയമ്മക്കെതിരേയും ഇ. ചന്ദ്രശേഖരനെതിരേയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കനത്ത സുരക്ഷാ വലയം ഇല്ലായിരുന്നുവെങ്കില്‍ വൈകുന്നേരം മുഖ്യമന്ത്രിക്ക് നേരെ ചിലപ്പോള്‍ കയ്യേറ്റശ്രമംവരെയുണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു.
വൈകുന്നേരം ആറരയോടെ വിഴിഞ്ഞത്തെ ക്രിസ്ത്യന്‍പള്ളിയിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. ശേഷം പുറത്തിറങ്ങി നാട്ടുകാരോട് സംസാരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് പള്ളിക്കകത്ത് കയറി പള്ളി വികാരിക്കൊപ്പമാണ് മുഖ്യമന്ത്രി സംസാരിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പള്ളിവികാരി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധി പേരാണ് സ്ഥലത്ത് തടിച്ച് കൂടിയിരുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് തന്റെ ഔദ്യോഗിക വാഹനത്തിനരികെ എത്താനായില്ല. വിഴിഞ്ഞത്തിന് ശേഷം പൂന്തുറ സന്ദര്‍ശിക്കാനും ആലോചിച്ചിരുന്നെങ്കിലും പിന്നീട് അതുപേക്ഷിച്ചു.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് സമീപത്തെ പള്ളിയില്‍ ദിവസങ്ങളോളം ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ കുടിക്കാതെ തങ്ങളുടെ ഉറ്റവരെ കാത്ത് കഴിയുന്ന സ്ത്രീകളുള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കിടയിലേക്കായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. ഇവരെ സന്ദര്‍ശിച്ചശേഷം ആറേമുക്കാലോടെ കാറില്‍ കയറാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ചാടിവീണ പ്രതിഷേധക്കാര്‍ കാറിലിടിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഏതാണ്ട് അഞ്ച് മിനിറ്റോളം സാഹസപ്പെട്ടാണ് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാറിനുള്ളിലേക്ക് കയറ്റിയത്.
ഉച്ചക്ക് ഒരു മണിയോടെ വിഴിഞ്ഞം പള്ളിത്തുറ കടപ്പുറത്തെത്തിയ മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു. ഓഖി ദുരന്തത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ അലമുറയിട്ട് കരയുന്ന കടലിന്റെ മക്കളെ കാണാനും അവര്‍ക്ക് സാന്ത്വനമേകാനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഓടിയെത്തിയിരുന്നു.