തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതുവരെ സംസ്ഥാനത്ത് 26 പേരാണ് മരിച്ചത്. കടലില്‍ കുടുങ്ങിയ 96 മത്സ്യത്തൊഴിലാളികളെ ഇനി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതേസമയം, രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. കന്യാകുമരി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷമാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്തെത്തിയത്.

നിരവധിയിടങ്ങളില്‍ കടല്‍ക്ഷോഭം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഭീമന്‍തിരക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇന്നലെ 70-ഓളം പേരെ കടലില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലും കടലില്‍ കുടുങ്ങിയിട്ടുള്ളത്. ആറ് ഹെലികോപ്ടറുകള്‍, ഒന്‍പത് കപ്പലുകള്‍ എന്നിവയ്‌ക്കൊപ്പം നിരവധി ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. കാറ്റ് ഒഴിഞ്ഞെങ്കിലും രണ്ടു ദിവസം കൂടി തീരദേശത്ത് ജാഗ്രത തുടരനാണണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിര്‍ദേശം.

അതേസമയം, മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരപ്രദേശത്തെ പിടിച്ചുലയ്ക്കുന്നു. ഇന്നലെ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീരദേശവാസികളുടെ പ്രതിഷേധമുണ്ടായി. എത്താന്‍ വൈകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെ മിനിറ്റുകളോളം ജനക്കൂട്ടം തടഞ്ഞുവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് പുറത്തടിച്ചാണ് മത്സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. ജനങ്ങളുടെ ഇടയില്‍ നിന്നും മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രി സ്ഥലത്ത് എത്തിയതെങ്കിലും ഇത് വകവെക്കാതെ നാട്ടുകാര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.