Connect with us

Video Stories

ക്വട്ടേഷന്‍ ഭരണമോ ?

Published

on

 

സുമുഖനും ഊര്‍ജ്വസ്വലനുമായ ഒരുചെറുപ്പക്കാരന്റെ വിലപ്പെട്ട ജീവന്‍കൂടി സംസ്ഥാനത്തെ ഭരണപാളിച്ചയുടെയും പൊലീസ്‌കിമിനലിസത്തിന്റെയും മാര്‍ക്‌സിസ്റ്റ് പുരോഗമനപൊങ്ങച്ചത്തിന്റെയും ബലിയാടായിരിക്കുന്നു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി കെവിന്‍ എന്ന ഇരുപത്തിയാറുകാരനാണ് ശരീര-ശിരസ്സാകമാനം മാരകമായ മുറിവുകളോടെയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടും കൊല്ലപ്പെട്ട് തോട്ടില്‍നിന്ന് നാട്ടുകാര്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസും ഭരണകക്ഷിക്കാരും വിചാരിച്ചിരുന്നെങ്കില്‍ രക്ഷിക്കാവുന്ന വിലപ്പെട്ട ഒരുജീവന്‍. പ്രണയിച്ച യുവതിയെ വിവാഹം ചെയ്തതിലുള്ള ആസൂത്രിതവും ക്രൂരവുമായ പ്രതികാരമെന്നതിനേക്കാള്‍ ഇതില്‍ പൊലീസ്-സി.പി.എം വൃത്തങ്ങള്‍ക്കുള്ള അഴിക്കാനാവാത്ത ബന്ധമാണ് നമ്മെയാകെ സ്‌തോഭത്തിലാക്കുന്നത്. പാര്‍ട്ടിയും പൊലീസും മുഖ്യമന്ത്രിയും ജനങ്ങളുടെ മുകളില്‍ സ്ഥാപിക്കപ്പെടുമ്പോള്‍ ഇതല്ലാതെന്ത് പ്രതീക്ഷിപ്പാന്‍? സര്‍ക്കാരല്ലെങ്കില്‍ ആഭ്യന്തരവകുപ്പുമന്ത്രിയെങ്കിലും ജനാധിപത്യത്തിലെ വിലപ്പെട്ട ആ പദവി ഉപേക്ഷിച്ചുപോകുകയാണ് വേണ്ടത്.
കൊല്ലംതെന്മല ഷാനുഭവനില്‍ ഇരുപതുകാരിയായ നീനു കോട്ടയത്ത് താന്‍പഠിക്കുന്ന സ്ഥാപനത്തിലെത്തിയശേഷം വ്യാഴാഴ്ചയാണ് മാതാപിതാക്കളെ വിളിച്ച് വിവാഹിതയായെന്ന വിവരം അറിയിക്കുന്നത്. സുഹൃത്ത് കെവിനാണ്് വരന്‍. ഇരുവരും ക്രിസ്ത്യന്‍ സമുദായക്കാര്‍. ഇലക്ട്രീഷ്യനായ കെവിന്‍ ദലിത്ക്രിസ്ത്യാനിയായതിനാല്‍ നീനുവിന്റെ വീട്ടുകാര്‍ക്ക് അനിഷ്ടമായതിനാല്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവത്രെ. ഇതറിഞ്ഞയുടന്‍ നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോ നോട്ടുകെട്ടുകളുമായി എസ്.ഐ എം.എസ് ഷിബുവിനെയും സഹഉദ്യോഗസ്ഥരെയും സമീപിച്ച് കാര്യങ്ങള്‍ ഉറപ്പിക്കുന്നു. ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷം നീനു നിര്‍ബന്ധിച്ചശേഷമാണ് കെവിനോടൊപ്പം പോകാന്‍പൊലീസ് സമ്മതിച്ചത്. എന്നാല്‍ ശനിരാത്രി 12 മണിക്ക് നീനുവിന്റെ സഹോദരന്‍ കൊല്ലം തെന്മലയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ്‌സെക്രട്ടറി നിയാസ് ഉള്‍പ്പെടെ പത്തംഗ ക്വട്ടേഷന്‍ സംഘവുമായി ഇന്നോവകാറില്‍വന്ന് കെവിനെ ബന്ധു അനീഷിനൊപ്പം പിടിച്ചുകെട്ടി കൊണ്ടുപോകുന്നു. സി.പി.എം അനുഭാവികൂടിയായ കെവിന്റെ പിതാവ് ഞായറാഴ്ച പുലര്‍ന്നയുടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജിനടുത്തുള്ള ഗാന്ധിനഗര്‍ പൊലീസ്‌സ്റ്റേഷനില്‍ചെന്ന് മകനെ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെടുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന നീനുവും പിന്നാലെ പരാതിയുമായി സ്റ്റേഷനിലെത്തുന്നു. കെവിന്റെ പിതാവിനോടും നീനുവിനോടും എസ്.ഐ അടക്കമുള്ളവര്‍ പറഞ്ഞത് പ്രതികളുമായി ഫോണില്‍ബന്ധപ്പെടുന്നുണ്ടെന്നും കെവിനെ വൈകാതെ തിരിച്ചെത്തിക്കുമെന്നുമായിരുന്നു. മാത്രമല്ല, മുഖ്യമന്ത്രി പിണറായിവിജയന്‍ പങ്കെടുക്കുന്ന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷപരിപാടികളില്‍ സുരക്ഷയൊരുക്കേണ്ടതിനാല്‍ തനിക്ക് ഇടപെടാന്‍ കഴിയില്ലെന്നും പറഞ്ഞു. വൈക്കം ഡിവൈ.എസ്.പിയുടെ കീഴിലെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ളവരില്‍ അഞ്ചാമത്തെ പേരുകാരനായിരുന്നു ഗാന്ധിനഗര്‍ സബ്ഇന്‍സ്‌പെക്ടര്‍ ഷിബു. പ്രതികളെ രക്ഷപ്പെടുത്താനും പാര്‍ട്ടി-സര്‍ക്കാര്‍ ബന്ധങ്ങള്‍ വിനിയോഗിച്ചു. സ്വാഭാവികമായും കോട്ടയം ,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ കൊണ്ടുപോയ കെവിനെ മര്‍ദിച്ചുകൊലപ്പെടുത്തി കൊല്ലം തെന്മലയില്‍ നിന്ന് 20കിലോമീറ്ററകലെയുള്ള കാട്ടിലെ തോട്ടില്‍ ഉപേക്ഷിക്കുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുന്നത്. പൊലീസാകട്ടെ സ്വന്തം കൃത്യനിര്‍വഹണവീഴ്ച മറച്ചുവെക്കാനായി കൊലപാതകത്തെ ആത്മഹത്യയെന്ന് വരുത്താനാണ് ശ്രമിച്ചത്. എന്നാല്‍ ആഭ്യന്തരവകുപ്പുമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് ഞെട്ടിപ്പിച്ചത്. തന്റെ സുരക്ഷകാരണമാണ് കൊലനടന്നതെന്ന വസ്തുത ജാള്യപ്പെടുത്തിയതിനാലാകണം, ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയോടും അവരുടെ സ്ഥാപനത്തോടും അറയ്ക്കുന്ന പതിവുഅസഹിഷ്ണുതയാണ് പിണറായിവിജയന്‍ പ്രകടിപ്പിച്ചത്. എസ്.ഐ ഷിബുവിന് തന്റെ സുരക്ഷാചുമതലയുണ്ടായിരുന്നില്ലെന്ന ശുദ്ധകള്ളമാണ് അദ്ദേഹം തട്ടിവിട്ടത്. ഇതുമാത്രം മതി നമ്മുടെ ഭരണത്തിന്റെ വാര്‍ഷികമേന്മഅളക്കാന്‍.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ 2017ല്‍ ലക്ഷത്തില്‍ 727 പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നു. യു.പി കഴിഞ്ഞാല്‍ (924) രണ്ടാം സ്ഥാനമാണിത്. സംസ്ഥാനത്തെ പൊലീസില്‍ 900 ത്തിലധികം പേര്‍ ക്രിമിനലുകളാണ്. ഉന്നതപൊലീസുദ്യോഗസ്ഥരില്‍ അഞ്ചുശതമാനത്തോളം പേര്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്ന് പറഞ്ഞത് മുന്‍ ഡി.ജി.പിയാണ്. 2016ല്‍ കേരളത്തിലെ കുറ്റകൃത്യനിരക്ക് പതിനാലില്‍ നിന്ന് ഏഴുശതമാനമായി കുറഞ്ഞപ്പോള്‍ ഇടതുപക്ഷം അധികാരത്തിലേറിയതിനുശേഷം ഇത് കാര്യമായിത്തന്നെ വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരൊറ്റ കസ്റ്റഡി മരണം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ പിണറായിയുടെ പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതടക്കം എത്രയെത്ര കുറ്റകൃത്യങ്ങളാണ് നടത്തിയത്. ട്രാഫിക് പൊലീസ് കാരണം അഞ്ചുപേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നതും യാത്രക്കാരന്റെ മുഖം അടിച്ചുപൊട്ടിച്ചതുമൊക്കെ പൊലീസിന്റെ പ്രതിച്ഛായയിലെ ചെളികള്‍ തന്നെ. കഴിഞ്ഞ രണ്ടുവര്‍ഷം കേരളം ഇതുപോലെ നിരവധി ക്രൂരമായ നരഹത്യകളാണ് കണ്ടത്. അതില്‍ എറണാകുളത്തെ വരാപ്പുഴയില്‍ നിന്ന് പൊലീസ് പിടിച്ചിറക്കിക്കൊണ്ടുപോയി കൊന്ന ശ്രീജിത് മുതല്‍ തലമുടി നീട്ടിവളര്‍ത്തിയെന്ന കുറ്റംചുമത്തി ക്രൂരമായി മര്‍ദിച്ച തൃശൂര്‍ സ്വദേശി വിനായകന്റെ ദാരുണമായ ആത്മഹത്യവരെ ഉണ്ട്. പൊലീസിനെ നന്നാക്കാന്‍ ദിവസവും പരിശീലനം നല്‍കണമെന്നും പൊലീസ് സാധാരണക്കാരന് താങ്ങാവണമെന്നുമൊക്കെയുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ ഗീര്‍വാണങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴാണ് അവരുടെ പാര്‍ട്ടിക്കാരുടെയും പൊലീസിന്റെയും ഒത്താശയോടെ ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ മാത്രം കേട്ടുതഴമ്പിച്ച ദുരഭിമാനക്കൊലപാതകങ്ങള്‍ കേരളത്തിലേക്കും വരികയാണോ എന്നത് പുരോഗമനനാട്യത്തിനുകീഴില്‍ നാം മറക്കാന്‍ ശ്രമിക്കുന്നൊരു ദുരന്തം തന്നെയാണ്. ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിച്ചതിന് വൈക്കത്തെ മതംമാറിയ ഹാദിയ എന്ന യുവതിയെ ആര്‍.എസ്.എസ്സിന്റെ ഒത്താശയോടെ പിണറായിയുടെ പൊലീസ് പീഡിപ്പിച്ച കഥയും മുന്നിലുണ്ട്. പ്രശ്‌നത്തില്‍ എസ്.പിയെ സ്ഥലംമാറ്റുകയും എസ്.ഐ, അസി.എസ്.ഐ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും വിഷയം അതില്‍ അവസാനിക്കുന്നില്ല. ജനരോഷം എത്രകണ്ട് രൂക്ഷമാണ് എന്നതിന് തെളിവാണ് ഇന്നലെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ എസ്.പി മുഹമ്മദ് റഫീഖിന് നേരെയുണ്ടായ കയ്യേറ്റശ്രമം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് ഏതുസര്‍ക്കാരുകളുടെയും അടിസ്ഥാനകടമയെന്നിരിക്കെ, ഇവരാണ് കണ്ണൂരിലെ കൂട്ടക്കൊലപാതകങ്ങളും നാട്ടിലെ ക്വട്ടേഷനുമൊക്കെ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. വെറും ദുരഭിമാനക്കൊലയായി മാത്രം ഇതിനെ കുറച്ചുകാണാനാകില്ല, മലയാളിയുടെ അഭിമാനത്തിന്റെ നഗ്നമായ വധമാണിത്. സമാധാനപൂര്‍ണവും ശക്തവുമായ പ്രതിഷേധമാകട്ടെ ഇന്നത്തെ കോട്ടയംജില്ലയിലെ യു.ഡി.എഫ് ഹര്‍ത്താല്‍.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending