Video Stories
ആ തലക്ക് തൊപ്പി ചേരില്ല
സിദ്ദീഖ് നദ്വി ചേരൂര്‍
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭക്ത കവി കബീര്‍ദാസിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ അവിടത്തെ അധികൃതര്‍ അദ്ദേഹത്തെ തൊപ്പി ധരിപ്പിക്കാന്‍ ശ്രമിച്ചത്രെ. സ്വാഭാവികമായും അദ്ദഹം അത് നിരസിച്ചു. അത് ചിലര്‍ വലിയ വാര്‍ത്തയാക്കി വിവാദം ഉയര്‍ത്തുന്നത് കാണുമ്പോള്‍ ചിരിയും അല്‍ഭുതവും തോന്നുന്നു. സത്യത്തില്‍ വിവാദമാകേണ്ടത് യോഗി തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചതല്ല; മറിച്ച് അതിന് ശ്രമിച്ച ദര്‍ഗക്കാരുടെ അല്‍പ്പത്വവും അവിവേകവുമാണ്. യോഗിയുടെ നിലപാട് ന്യായവും സത്യസന്ധവും താന്‍ വിശ്വസിക്കുന്ന ധര്‍മത്തോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനവുമാണ്. ആ സുതാര്യമായ നിലപാടില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്.
ചില രാഷട്രീയ നേതാക്കളുടെ വില കുറഞ്ഞ പ്രദര്‍ശനങ്ങളും കാട്ടിക്കൂട്ടലുകളും പൊള്ളയായ അഭിനയങ്ങളും കണ്ടു കയ്യടിക്കേണ്ട കാലമല്ല ഇത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ നിലപാടുകളാണ് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്. ആ നിലക്ക് യോഗി തൊപ്പി ധരിക്കാത്തത് ഒരു ഇഷ്യൂ ആക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. യോഗിയെ അഭിനന്ദിക്കാന്‍ കിട്ടുന്ന ഒരപൂര്‍വാവസരമായി ഇതിനെ കാണാമെന്ന് തോന്നുന്നു.
ഒരു പ്രത്യേക മതത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായ വ്യക്തി, മറ്റൊരു മതത്തിന്റെ ചിഹ്നം എന്തിന് എടുത്തണിയണം? അത് അണിയാന്‍ എന്തിന് പ്രേരിപ്പിക്കണം? അണിയാത്തതില്‍ എന്തിന് അലോസരപ്പെടണം? ചില നേതാക്കള്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തിയും ദര്‍ഗകള്‍ സന്ദര്‍ശിച്ച് തൊപ്പി ധരിച്ചും ഷാളുകള്‍ അണിഞ്ഞും ചിരിച്ചു നില്ക്കുന്ന ചിത്രങ്ങള്‍ കണ്ടു ഇക്കിളിപ്പെടുന്ന ചില ശുദ്ധാത്മാക്കളെ കണ്ടേക്കാം. അത്തരം വേഷം കെട്ടലുകള്‍ ഇന്ത്യന്‍ മുസ്ലിംകള്ക്ക് ഒന്നും നേടിത്തരുന്നില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ട്. അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ കുറേ കണ്ടവരാണ് നമ്മള്. ഒരു കൈ കൊണ്ട് മൃദുവായി തടവുകയും മറുകൈ കൊണ്ട് ശക്തിയായി പ്രഹരിക്കുകയും ചെയ്യുന്നവരുടെ കബളിപ്പിക്കല്‍ നാടകങ്ങള്‍ നമ്മള് എന്തിന് കോള്മയിര് കൊള്ളണം!
ഇവിടെ വിഷയം അതൊന്നുമല്ല. യോഗി ഒരു സന്യാസിയും ബ്രഹ്മചാരിയുമെന്ന നിലയില്‍ സമൂഹം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില കാഴ്ചപ്പാടുകളുണ്ട്. ഒരു സംസ്ഥാനത്തിന്റെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെന്ന നിലയില്‍ ഭരണീയര്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില ന്യായമായ നടപടികളുണ്ട്. അത് പുലര്‍ന്നു കാണാതിരിക്കുമ്പോള്‍ നമുക്ക് പരിഭവപ്പെടാം, പ്രതിഷേധിക്കാം, വിമര്‍ശിക്കാം. അതില്‍ ആരും കുണ്ഠിതപ്പെടേണ്ട കാര്യമില്ല.
എല്ലാ വിഭാഗം ജനങ്ങളേയും ഒരു പോലെ കാണുമെന്നും ആരോടും മതത്തിന്റെയോ ജാതിയുടേയോ പേരില്‍ ഒരു വിവേചനവും ഉണ്ടാവില്ലെന്നും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ ഒരു മുഖ്യമന്ത്രി കേവലം ഒരു ക്ഷേത്രത്തിലെ തന്ത്രിയുടെ റോളില്‍ കാര്യങ്ങളെ സമീപിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍ അത് പ്രശ്നമാണ്. അകവും പുറവും സാത്വികനായ ഒരു സന്യാസിയുടേതാണെന്ന് തെളിയിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ വൈരാഗ്യവും വിദ്വേഷവും വച്ചുപുലര്‍ത്തുന്നതും അസഹിഷ്ണുതയോടെ പെരുമാറുന്നതും കാണുമ്പോള്‍ ആരെങ്കിലും പ്രയാസപ്പെടുകയോ നെറ്റി ചുളിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.
ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജിലെ കൂട്ട ശിശു മരണത്തെ തുടര്‍ന്നു ശിശു രോഗവിദഗ്ധനായ ഡോ. കഫീല്‍ഖാനോട് കാണിച്ചുകൊണ്ടിരിക്കുന്ന പ്രതികാര നടപടികളും തനിക്ക് അനഭിമതരായ വ്യക്തികളോടും വിഭാഗങ്ങളോടും വെച്ചുപുലര്‍ത്തുന്ന ശത്രുതാപരമായ നിലപാടുകളും സദ് വൃത്തനായ ഒരു സന്യാസിക്ക് യോജിച്ചതല്ല. പലപ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനകളും നടപടികളും കാണുന്നവര്‍ താന്‍ മാനസികമായി ഇപ്പോഴും യു.പി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല; മറിച്ച് ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യതന്ത്രിയാണ് എന്ന് വിലയിരുത്താന്‍ നിര്‍ബന്ധിതരാകുന്ന തരത്തിലാണ്.
യോഗി, താന്‍ നേടി വളര്‍ന്ന ശിക്ഷണത്തോടും എടുത്തണിഞ്ഞ ഉത്തരീയത്തോടും കൂറു പുലര്‍ത്തുന്നുണ്ടാകാം. തന്നെ ആ കസേരയില്‍ ഇരുത്തിയ നേതൃത്വത്തോടുള്ള വിധേയത്വവും സ്വാഭാവികമാണ്. പക്ഷേ, അതിന്റെ പേരില്‍ തന്റെ ഭരണീയരില്‍ ചിലരെ അവഗണിക്കുന്നതും അവരോട് അന്യായമായി പെരുമാറുന്നതും രാജ്യധര്‍മത്തിനെതിരാണ്. ഭരണഘടനാപരമായ സത്യപ്രതിജ്ഞക്ക് വിരുദ്ധമാണ്. ഇതാണ് യഥാര്‍ത്ഥ വിഷയമായി വരേണ്ടത്.
അതുപോലെ കാഷായ വസ്ത്രം ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യം. പക്ഷേ, അതേ കാവി നിറം തന്റെ ദൃഷ്ടി പതിയുന്നിടത്തൊക്കെ കാണണമെന്ന് വാശി പിടിക്കുന്നത് അല്‍പ്പത്വവും മനസിന്റെ സങ്കുചിതത്വവുമാണ്. യു.പിയിലെ കലക്ടറേറ്റ് മുതല്‍ കക്കൂസ് വരെ കാവി നിറം പൂശാന്‍ ശ്രമിക്കുന്നതായി വന്ന വാര്‍ത്ത എല്ലാം തങ്ങളുടെ ഹിതവും ഇംഗിതവും അനുസരിച്ചു ഏകീകരിക്കാനുള്ള വ്യഗ്രതയുടെ ഭാഗമായേ കാണാന്‍ കഴിയൂ. വേഷവും ഭക്ഷണവും ഭാഷയുമൊക്കെ ഒന്നാക്കിയിട്ട് വേണം രാജ്യ സ്നേഹത്തിന്റെ സാക്ഷ്യപത്രവിതരണം പൂര്‍ണമാകാനെന്ന് കരുതി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഈ നീക്കങ്ങള്‍ യോഗി ആദിത്യനാഥ് എന്ന ക്ഷേത്ര പുരോഹിതനില്‍ നിന്നുണ്ടാകുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍നിന്ന് അത്തരം പക്ഷപാതിത്വങ്ങള്‍ ഉണ്ടാകുന്നതോടെ താന്‍ ഏറ്റുചൊല്ലിയ സത്യപ്രതിജ്ഞയാണ് കാറ്റില്‍ പറന്നുപോകുന്നത്.
കേന്ദ്രത്തിലും യു.പിയിലും ബി.ജെ.പി അധികാരത്തിലെത്തിയത് മൊത്തം വോട്ടര്‍മാരില്‍ മൂന്നിലൊന്ന് മാത്രം വോട്ടര്‍മാരുടെ പിന്‍ബലത്തിലാണ്. എതിരാളികള്‍ പല തട്ടിലായതാണ് ഈ വിജയം അവര്‍ക്ക് നേടിക്കൊടുത്തത്. അത്വെച്ച് എന്തും ആകാമെന്ന ധാര്‍ഷ്ട്യവുമായി മുന്നോട്ടു പോകുന്നത് അല്‍പ്പത്വമാണ്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയുടെ ഭദ്രമായ നിലനില്‍പ്പിന്റെ ആധാരശില. ലോകത്ത് വിവിധ വിഷയങ്ങളില്‍ ഇത്രയേറെ വൈവിധ്യമുള്ള മറ്റൊരു രാജ്യമില്ല. ആ ആധാരശില കുത്തിയിളക്കാന്‍ ത്രിശൂലവുമായി നടക്കുന്നവരെ രാജ്യദ്രോഹികളായി മാത്രമേ കാണാനാകൂ; മുദ്രാവാക്യങ്ങളില്‍ എത്ര രാജ്യസ്നേഹത്തിന്റെ മേമ്പൊടി ചേര്‍ത്താലും.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

