Connect with us

Video Stories

ആ തലക്ക് തൊപ്പി ചേരില്ല

Published

on

സിദ്ദീഖ് നദ്‌വി ചേരൂര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭക്ത കവി കബീര്‍ദാസിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ അവിടത്തെ അധികൃതര്‍ അദ്ദേഹത്തെ തൊപ്പി ധരിപ്പിക്കാന്‍ ശ്രമിച്ചത്രെ. സ്വാഭാവികമായും അദ്ദഹം അത് നിരസിച്ചു. അത് ചിലര്‍ വലിയ വാര്‍ത്തയാക്കി വിവാദം ഉയര്‍ത്തുന്നത് കാണുമ്പോള്‍ ചിരിയും അല്‍ഭുതവും തോന്നുന്നു. സത്യത്തില്‍ വിവാദമാകേണ്ടത് യോഗി തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചതല്ല; മറിച്ച് അതിന് ശ്രമിച്ച ദര്‍ഗക്കാരുടെ അല്‍പ്പത്വവും അവിവേകവുമാണ്. യോഗിയുടെ നിലപാട് ന്യായവും സത്യസന്ധവും താന്‍ വിശ്വസിക്കുന്ന ധര്‍മത്തോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനവുമാണ്. ആ സുതാര്യമായ നിലപാടില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്.
ചില രാഷട്രീയ നേതാക്കളുടെ വില കുറഞ്ഞ പ്രദര്‍ശനങ്ങളും കാട്ടിക്കൂട്ടലുകളും പൊള്ളയായ അഭിനയങ്ങളും കണ്ടു കയ്യടിക്കേണ്ട കാലമല്ല ഇത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ നിലപാടുകളാണ് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്. ആ നിലക്ക് യോഗി തൊപ്പി ധരിക്കാത്തത് ഒരു ഇഷ്യൂ ആക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. യോഗിയെ അഭിനന്ദിക്കാന്‍ കിട്ടുന്ന ഒരപൂര്‍വാവസരമായി ഇതിനെ കാണാമെന്ന് തോന്നുന്നു.
ഒരു പ്രത്യേക മതത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായ വ്യക്തി, മറ്റൊരു മതത്തിന്റെ ചിഹ്നം എന്തിന് എടുത്തണിയണം? അത് അണിയാന്‍ എന്തിന് പ്രേരിപ്പിക്കണം? അണിയാത്തതില്‍ എന്തിന് അലോസരപ്പെടണം? ചില നേതാക്കള്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തിയും ദര്‍ഗകള്‍ സന്ദര്‍ശിച്ച് തൊപ്പി ധരിച്ചും ഷാളുകള്‍ അണിഞ്ഞും ചിരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടു ഇക്കിളിപ്പെടുന്ന ചില ശുദ്ധാത്മാക്കളെ കണ്ടേക്കാം. അത്തരം വേഷം കെട്ടലുകള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒന്നും നേടിത്തരുന്നില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ട്. അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ കുറേ കണ്ടവരാണ് നമ്മള്‍. ഒരു കൈ കൊണ്ട് മൃദുവായി തടവുകയും മറുകൈ കൊണ്ട് ശക്തിയായി പ്രഹരിക്കുകയും ചെയ്യുന്നവരുടെ കബളിപ്പിക്കല്‍ നാടകങ്ങള്‍ നമ്മള്‍ എന്തിന് കോള്‍മയിര്‍ കൊള്ളണം!
ഇവിടെ വിഷയം അതൊന്നുമല്ല. യോഗി ഒരു സന്യാസിയും ബ്രഹ്മചാരിയുമെന്ന നിലയില്‍ സമൂഹം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില കാഴ്ചപ്പാടുകളുണ്ട്. ഒരു സംസ്ഥാനത്തിന്റെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെന്ന നിലയില്‍ ഭരണീയര്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില ന്യായമായ നടപടികളുണ്ട്. അത് പുലര്‍ന്നു കാണാതിരിക്കുമ്പോള്‍ നമുക്ക് പരിഭവപ്പെടാം, പ്രതിഷേധിക്കാം, വിമര്‍ശിക്കാം. അതില്‍ ആരും കുണ്ഠിതപ്പെടേണ്ട കാര്യമില്ല.
എല്ലാ വിഭാഗം ജനങ്ങളേയും ഒരു പോലെ കാണുമെന്നും ആരോടും മതത്തിന്റെയോ ജാതിയുടേയോ പേരില്‍ ഒരു വിവേചനവും ഉണ്ടാവില്ലെന്നും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ ഒരു മുഖ്യമന്ത്രി കേവലം ഒരു ക്ഷേത്രത്തിലെ തന്ത്രിയുടെ റോളില്‍ കാര്യങ്ങളെ സമീപിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍ അത് പ്രശ്‌നമാണ്. അകവും പുറവും സാത്വികനായ ഒരു സന്യാസിയുടേതാണെന്ന് തെളിയിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ വൈരാഗ്യവും വിദ്വേഷവും വച്ചുപുലര്‍ത്തുന്നതും അസഹിഷ്ണുതയോടെ പെരുമാറുന്നതും കാണുമ്പോള്‍ ആരെങ്കിലും പ്രയാസപ്പെടുകയോ നെറ്റി ചുളിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.
ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജിലെ കൂട്ട ശിശു മരണത്തെ തുടര്‍ന്നു ശിശു രോഗവിദഗ്ധനായ ഡോ. കഫീല്‍ഖാനോട് കാണിച്ചുകൊണ്ടിരിക്കുന്ന പ്രതികാര നടപടികളും തനിക്ക് അനഭിമതരായ വ്യക്തികളോടും വിഭാഗങ്ങളോടും വെച്ചുപുലര്‍ത്തുന്ന ശത്രുതാപരമായ നിലപാടുകളും സദ് വൃത്തനായ ഒരു സന്യാസിക്ക് യോജിച്ചതല്ല. പലപ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനകളും നടപടികളും കാണുന്നവര്‍ താന്‍ മാനസികമായി ഇപ്പോഴും യു.പി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല; മറിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യതന്ത്രിയാണ് എന്ന് വിലയിരുത്താന്‍ നിര്‍ബന്ധിതരാകുന്ന തരത്തിലാണ്.
യോഗി, താന്‍ നേടി വളര്‍ന്ന ശിക്ഷണത്തോടും എടുത്തണിഞ്ഞ ഉത്തരീയത്തോടും കൂറു പുലര്‍ത്തുന്നുണ്ടാകാം. തന്നെ ആ കസേരയില്‍ ഇരുത്തിയ നേതൃത്വത്തോടുള്ള വിധേയത്വവും സ്വാഭാവികമാണ്. പക്ഷേ, അതിന്റെ പേരില്‍ തന്റെ ഭരണീയരില്‍ ചിലരെ അവഗണിക്കുന്നതും അവരോട് അന്യായമായി പെരുമാറുന്നതും രാജ്യധര്‍മത്തിനെതിരാണ്. ഭരണഘടനാപരമായ സത്യപ്രതിജ്ഞക്ക് വിരുദ്ധമാണ്. ഇതാണ് യഥാര്‍ത്ഥ വിഷയമായി വരേണ്ടത്.
അതുപോലെ കാഷായ വസ്ത്രം ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യം. പക്ഷേ, അതേ കാവി നിറം തന്റെ ദൃഷ്ടി പതിയുന്നിടത്തൊക്കെ കാണണമെന്ന് വാശി പിടിക്കുന്നത് അല്‍പ്പത്വവും മനസിന്റെ സങ്കുചിതത്വവുമാണ്. യു.പിയിലെ കലക്ടറേറ്റ് മുതല്‍ കക്കൂസ് വരെ കാവി നിറം പൂശാന്‍ ശ്രമിക്കുന്നതായി വന്ന വാര്‍ത്ത എല്ലാം തങ്ങളുടെ ഹിതവും ഇംഗിതവും അനുസരിച്ചു ഏകീകരിക്കാനുള്ള വ്യഗ്രതയുടെ ഭാഗമായേ കാണാന്‍ കഴിയൂ. വേഷവും ഭക്ഷണവും ഭാഷയുമൊക്കെ ഒന്നാക്കിയിട്ട് വേണം രാജ്യ സ്‌നേഹത്തിന്റെ സാക്ഷ്യപത്രവിതരണം പൂര്‍ണമാകാനെന്ന് കരുതി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഈ നീക്കങ്ങള്‍ യോഗി ആദിത്യനാഥ് എന്ന ക്ഷേത്ര പുരോഹിതനില്‍ നിന്നുണ്ടാകുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍നിന്ന് അത്തരം പക്ഷപാതിത്വങ്ങള്‍ ഉണ്ടാകുന്നതോടെ താന്‍ ഏറ്റുചൊല്ലിയ സത്യപ്രതിജ്ഞയാണ് കാറ്റില്‍ പറന്നുപോകുന്നത്.
കേന്ദ്രത്തിലും യു.പിയിലും ബി.ജെ.പി അധികാരത്തിലെത്തിയത് മൊത്തം വോട്ടര്‍മാരില്‍ മൂന്നിലൊന്ന് മാത്രം വോട്ടര്‍മാരുടെ പിന്‍ബലത്തിലാണ്. എതിരാളികള്‍ പല തട്ടിലായതാണ് ഈ വിജയം അവര്‍ക്ക് നേടിക്കൊടുത്തത്. അത്‌വെച്ച് എന്തും ആകാമെന്ന ധാര്‍ഷ്ട്യവുമായി മുന്നോട്ടു പോകുന്നത് അല്‍പ്പത്വമാണ്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയുടെ ഭദ്രമായ നിലനില്‍പ്പിന്റെ ആധാരശില. ലോകത്ത് വിവിധ വിഷയങ്ങളില്‍ ഇത്രയേറെ വൈവിധ്യമുള്ള മറ്റൊരു രാജ്യമില്ല. ആ ആധാരശില കുത്തിയിളക്കാന്‍ ത്രിശൂലവുമായി നടക്കുന്നവരെ രാജ്യദ്രോഹികളായി മാത്രമേ കാണാനാകൂ; മുദ്രാവാക്യങ്ങളില്‍ എത്ര രാജ്യസ്‌നേഹത്തിന്റെ മേമ്പൊടി ചേര്‍ത്താലും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending