Connect with us

india

അസം സർക്കാറിന് തിരിച്ചടി; ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം നൽകി

ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിന്റെ വിശദാംശങ്ങള്‍ അസം സര്‍ക്കാറിന്റെ അഭിഭാഷകന്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

Published

on

അസമില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായ 5 കുടുംബങ്ങള്‍ക്ക് 30 ലക്ഷം നല്‍കി അസം സര്‍ക്കാര്‍. കോടതി ഇടപെടലിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കിയത്. നാഗോണ്‍ ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് വര്‍ഷം മുമ്പാണ് അഞ്ച് കുടുംബങ്ങളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിന്റെ വിശദാംശങ്ങള്‍ അസം സര്‍ക്കാറിന്റെ അഭിഭാഷകന്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നാഗോണ്‍ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് 5 കുടുംബങ്ങള്‍ക്ക് തിങ്കളാഴ്ച നഷ്ടപരിഹാരം വിതരണം ചെയ്തത്.

2022 മെയ് 21ന് നാഗോണ്‍ ജില്ലയിലെ സലോനബാരി ഗ്രാമത്തില്‍ നിന്നുള്ളവരാണ് ബട്ടദ്രാവ പൊലീസ് സ്റ്റേഷന് തീയിടുന്നത്. മീന്‍ വില്‍പ്പനക്കാരനായ ഇസ്‌ലാം എന്നായാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ സംഭവത്തില്‍ പ്രതികളാണെന്ന് ആരോപിച്ച് 5 കുടുംബങ്ങളുടെ വീടുകള്‍ പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഈ വീടുകള്‍ നിയമവിരുദ്ധമായും വ്യാജ രേഖകള്‍ ഉപയോഗിച്ചും നിര്‍മിച്ചതാണെന്നായിരുന്നു പൊലീസ് വാദം.

കേസില്‍ കഴിഞ്ഞവര്‍ഷം വാദം കേള്‍ക്കുമ്പോള്‍, വീട് നഷ്ടമായ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ഛായയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. വീടുകള്‍ പൊളിച്ചത് നിയമ വിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. അന്വേഷണത്തിന്റെ പേരില്‍ അനുമതിയില്ലാതെ ആരുടെയും വീട് തകര്‍ക്കാന്‍ പൊലീസിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ പൊലീസ് സൂപ്രണ്ടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

2024 ഏപ്രില്‍ 24ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സംസ്ഥാന സര്‍ക്കാറിന് നഷ്ടപരിഹാരം സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചു. വലിയ വീടുകള്‍ക്ക് 10 ലക്ഷവും കുടിലുകള്‍ക്ക് 2.5 ലക്ഷം വീതവുമാണ് നഷ്ടപരിഹാരമായി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച നഷ്ടപരിഹാരം നല്‍കിയത്.

വീടുകള്‍ നിയമവിരുദ്ധമായി തകര്‍ത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിവരങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നാലാഴ്ചത്തെ സമയം ചോദിച്ചു.

ഇസ്‌ലാമിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഒളിപ്പിച്ച ആയുധങ്ങളും മയക്കുമരുന്ന് വസ്തുക്കളും കണ്ടെത്താനായാണ് വീടുകള്‍? പൊളിച്ചതെന്ന് ഹരജിക്ക് മറുപടിയായി നാഗോണ്‍ എസ്.പി ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാലിയാബോര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. കുടുംബങ്ങള്‍ പൊലീസുമായി സഹകരിക്കാത്തതിനാല്‍ പ്രതികളുടെ വീടുകളില്‍ നിന്ന് കള്ളക്കടത്ത് വസ്തുക്കളൊന്നും കണ്ടെത്താനായില്ല. എന്നാല്‍, ഇവിടെ ആയുധങ്ങളും മയക്കുമരുന്നുകളും ഉണ്ടെന്ന് രഹസ്യവിവരം നല്‍കിയവര്‍ അറിയിച്ചിരുന്നു.

അതിനാല്‍, പരിസരത്ത് സമഗ്ര പരിശോധന വേണ്ടിവന്നു. ഇതിന്റെീ ഭാഗമായാണ് വീടിന്റെ പരിസരം ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒരു റിവോള്‍വറും 6500 നൈട്രാസെപാം ഗുളികകളും കണ്ടെടുത്തതായും സത്യവാങ്മൂലത്തില്‍ പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഹാപൂരിലെ ടോൾ തകർത്ത പ്രതി മുസ്ലിമല്ല; തീവ്രഹിന്ദുത്വ സംഘടനകളുടെ വാദം വ്യാജം

വലതുപക്ഷ മാധ്യമപ്രവർത്തകനായ സാ​ഗർ കുമാർ, വിവിധ ഹിന്ദുത്വ ​ഗ്രൂപ്പുകളും സമൂഹമാധ്യമ പേദുകളും സമാന വാദം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു.

Published

on

മദ്യപിച്ചെത്തി ഹാപൂരിലെ ടോൾ ബുൾഡോസർ ഉപയോ​ഗിച്ച് ആക്രമിച്ച പ്രതി മുസ്ലിമാണെന്ന ഹിന്ദുത്വ സംഘടനകളുടെ പ്രചരണം വ്യാജമെന്ന് റിപ്പോർട്ട്. പൊലീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കുറ്റം നടത്തിയ വ്യക്തിയുടെ പേര് ധീരജ് എന്നാണ്.

ഹാപൂരിൽ നിന്ന് ഛജാർസി ടോൾ ബൂത്തിൽ എത്തിയ ഇയാൾ ടോൾ തുക അടക്കാൻ വിസമ്മതിക്കുകയും ചോദ്യം ചെയ്തപ്പോൾ ബുൾഡോസർ ഉപയോ​ഗിച്ച് ടോൾ കാബിനുകൾ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രതി മുസ്ലിം സമുദായക്കാരനാണെന്നും സാജിദ് എന്നയാളാണ് ഇതിന് പിന്നിലെന്നുമുള്ള വ്യാജ പ്രചരങ്ങൾ ഹിന്ദുത്വ സംഘടനകൾ നടത്തിയിരുന്നു. വലതുപക്ഷ മാധ്യമപ്രവർത്തകനായ സാ​ഗർ കുമാർ, വിവിധ ഹിന്ദുത്വ ​ഗ്രൂപ്പുകളും സമൂഹമാധ്യമ പേദുകളും സമാന വാദം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു.

വ്യാജപ്രചരണം ശക്തമായതോടെ കേസ് വിവരിച്ച് ഹാപൂർ പൊലീസ് സമൂഹമാധ്യമമായ എക്സിൽ വീഡിയോ പങ്കുവെച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ബുൾഡോസർ ഡ്രൈവറുടെ പേര് ധീരജ് എന്നാണെന്നും പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 307ാം വകുപ്പ് പ്രാകരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും എസ്.പി അഭിഷേക് വർമ പറഞ്ഞു.

ബുൾഡോസർ സാജിദ് അലി എന്ന വ്യക്തിയുടേതാണെന്നും അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ധീരജ് വാഹനമെടുത്ത് കടക്കുകയായിരുന്നുവെന്നും ആൾട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Continue Reading

india

‘ഹാക്ക് ചെയ്യാൻ സാധ്യത കൂടുതൽ’; തെരഞ്ഞെടുപ്പുകളിൽ ഇ.വി.എം ഒഴിവാക്കണമെന്ന് ഇലോൺ മസ്ക്

തെരഞ്ഞെടുപ്പില്‍ ഇ.വി. എമ്മിന് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതെന്നും എലോണ്‍ മസ്‌ക് പറഞ്ഞു.

Published

on

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇ.വി.എം) മനുഷ്യനോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക്. തെരഞ്ഞെടുപ്പില്‍ ഇ.വി. എമ്മിന് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതെന്നും എലോണ്‍ മസ്‌ക് പറഞ്ഞു. എക്‌സിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോബര്‍ട്ട്. എഫ്. കെന്നഡി ജൂനിയര്‍ ഇ.വി.എം മൂലമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങാന്‍ ആഹ്വനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മസ്‌കിന്റെ പരാമര്‍ശം.

പ്യൂര്‍ട്ടോ റിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ അടുത്തിടെ നടന്ന വോട്ടിങ് ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍, തെരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പാക്കാന്‍ പേപ്പര്‍ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന് റോബര്‍ട്ട്. എഫ്. കെന്നഡി ജൂനിയര്‍ ആവശ്യപ്പെട്ടിരുന്നു.

‘പ്യൂര്‍ട്ടോ റിക്കോയുടെ പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വോട്ടിങ് ക്രമക്കേടുകള്‍ അനുഭവപ്പെട്ടു. ഭാഗ്യവശാല്‍, ഒരു പേപ്പര്‍ ട്രയല്‍ ഉണ്ടായിരുന്നതിനാല്‍ പ്രശ്‌നം തിരിച്ചറിയുകയും വോട്ടുകളുടെ എണ്ണം ശരിയാക്കുകയും ചെയ്തു,’ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോബര്‍ട്ട്. എഫ്. കെന്നഡി ജൂനിയര്‍ എക്‌സില്‍ പറഞ്ഞിരുന്നു.എം.3 ഇ.വി.എമ്മുകള്‍ എന്നറിയപ്പെടുന്ന മൂന്നാം തലമുറ ഇ.വി.എമ്മുകള്‍ ഇന്ത്യ ഉപയോഗിക്കുമ്പോഴാണ്, അമേരിക്കയില്‍ ഇ.വി.എമ്മുകളെ കുറിച്ചുള്ള ആശങ്കകള്‍ സജീവമാകുന്നത്.

Continue Reading

india

ക്ഷേത്ര പരിസരത്ത് പശു ഇറച്ചി ഉപേക്ഷിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു; വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു

മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം.

Published

on

മധ്യപ്രദേശില്‍ ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്നാരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം. സല്‍മാന്‍ മേവതി, ഷാക്കിര്‍ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്.

ബൈക്കിലെത്തിയ 2 പേര്‍ പശുവിന്റെ ശരീരഭാഗങ്ങള്‍ ക്ഷേത്രപരിസരത്ത് എറിഞ്ഞുവെന്നും ഇരുവരെയും അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മനോജ് കുമാര്‍ സിങ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടെങ്കില്‍ അവരെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ പ്രാദേശിക പുരോഹിതനായ ഗൗരവ് പുരി ഗോസ്വാമിയാണ് മൃഗത്തിന്റെ ശരീര ഭാഗങ്ങള്‍ ആദ്യം ശ്രദ്ധിച്ചത്. ഇയാള്‍ പെട്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകള്‍ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുമായിരുന്നുവെന്ന് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി ഇറങ്ങി. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇരുവരുടെയും വീടുകള്‍ തകര്‍ത്തതെന്നും അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ പൊളിച്ച് മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിര്‍ദേശം നല്‍കി. സമാധാനം പാലിക്കണമെന്നും സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തരുതെന്നും പ്രാദേശിക ഖാദി ഹഫീസ് ഭുരു പ്രദേശവാസികളോട് അഭ്യര്‍ഥിച്ചു.

 

Continue Reading

Trending