കൊച്ചി: വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടി എന്ന തരത്തിലുള്‍പ്പെടെയുള്ള പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് കേസുകള്‍ എടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു. ഇത് കൂടാതെ ഭീതി ജനിപ്പിക്കുന്ന രീതിയില്‍ യുടൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫേസ് ബുക്ക് പോസ്റ്റുകളും സൈബര്‍ ഡോം നീക്കം ചെയ്തിട്ടുണ്ട്.