kerala

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്പില്‍ തീപിടിത്തം

By webdesk14

July 23, 2024

തൃശ്ശൂര്‍: ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളം കലർന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവെച്ച ക്യാനുകൾക്കാണ് തീപിടിച്ചത്. ക്യാൻ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകിയിരുന്നു.

പമ്പില്‍ തീപിടിത്തമുണ്ടായതോടെ തൃശൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലൂടെയുള്ള എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി വഴിതിരിച്ചുവിട്ടു. സ്ഥലത്തേക്ക് ആളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.  തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പമ്പിലെ ടാങ്കിലേക്ക് ഉള്‍പ്പെടെ തീ പടരുമോ എന്ന ഭയവുമുണ്ടായിരുന്നു. സമീപത്ത് തുണിക്കടകളും മറ്റുമുണ്ടായിരുന്നെങ്കിലും തീ പടര്‍ന്നുപിടിക്കാഞ്ഞതിനാല്‍ വന്‍നാശനഷ്ടം ഒഴിവായി. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.