തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള യൂണിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ വിചിത്രമായ ന്യായീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ഉത്തരമെഴുതിയ കടലാസിനാണ് ഉത്തരക്കടലാസ് എന്ന് പറയുന്നത്. പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പേപ്പറില്‍ ഉത്തരവുമില്ല, മാര്‍ക്കുമില്ല. പിന്നെ അതെങ്ങനെ ഉത്തരക്കടലാസാവുമെന്ന് എത്ര ആലോചിച്ചിട്ടും തനിക്ക് പിടികിട്ടിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിജയരാഘവന്റെ വിഡ്ഢിത്തം വിളമ്പല്‍.

യൂണിവേഴ്‌സിറ്റി പരീക്ഷ അടക്കമുള്ള പ്രധാനപ്പെട്ട പൊതുപരീക്ഷകള്‍ക്കെല്ലാം നിശ്ചിതമായ ഉത്തരക്കടലാസുകളുണ്ടെന്നും അത് എത്രയെണ്ണം ഉപയോഗിച്ചെന്നും ബാക്കി എത്രയെന്നും കൃത്യമായി കണക്കുകള്‍ ഉണ്ടായിരിക്കണമെന്ന നിയമമുണ്ടെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും അറിയാമെന്നിരിക്കെയാണ് ബിരുദാനന്തര ബിരുദധാരിയെന്ന് അവകാശപ്പെടുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇത്തരത്തിലൊരു ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.