ഫരീദാബാദ്: ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനില്‍ യുവതിയെ ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളിയിട്ട സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാം-ഫരീദാബാദ് റോഡില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഫരീദാബാദിലെ ഇടവഴിയില്‍ നിന്ന് ലിഫ്റ്റ് ചോദിച്ച് വാനില്‍ കയറിയ 25 വയസ്സുകാരിയായ യുവതിയാണ് ക്രൂരമായ അക്രമത്തിനിരയായത്. വാനില്‍ രണ്ട് പുരുഷന്മാരാണ് ഉണ്ടായിരുന്നത്.
വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ പ്രതികള്‍ യുവതിയെ ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപമുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി. മൂടല്‍മഞ്ഞുള്ള ആ പ്രദേശത്ത് മൂന്നു മണിക്കൂറോളം വാഹനം ഓടിച്ചുനടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഈ സമയത്ത് യുവതിയെ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ എസ്ജിഎം നഗറിലെ രാജാ ചൗക്കിന് സമീപമുള്ള ഒരു ഹോട്ടലിന് മുന്നില്‍വെച്ച് പ്രതികള്‍ യുവതിയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയിലും മര്‍ദനത്തിലും യുവതിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 8.30ഓടെ അമ്മയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് സഹോദരിയോട് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. മൂന്നു മണിക്കൂറിനുള്ളില്‍ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വൈകിയാണ് ഇറങ്ങിയത്. ആ സമയത്ത് വഴിയില്‍ മറ്റ് വാഹനങ്ങളൊന്നും ലഭിക്കാത്തതിനാലാണ് യുവതി വാനില്‍ ലിഫ്റ്റ് ചോദിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം യുവതി സഹോദരിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. യുവതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്‌വാലി പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു