കോഴിക്കോട്: തിയേറ്ററില്‍ പരാജയമായ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടുവില്‍ തീരുമാനമായി. ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസ് ആയി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വ്യക്തമാക്കി. മിഥുനിന്റെ കന്നി സംരംഭമായിരുന്നു ആട്. ആദ്യ ഭാഗം നിര്‍മ്മിച്ച ഫ്രൈഡെ ഫിലിംസ് തന്നെയാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്. ചിത്രം പരാജയമായിരുന്നുവെങ്കിലും ജയസൂര്യ അവതരിപ്പിച്ച ഷാജിപാപ്പന്‍ എന്ന കഥാപാത്രം പ്രേക്ഷക പ്രീതി നേടിയിരുന്നു.

ഷാജി പാപ്പന്റെ വേഷം ട്രെന്‍ഡ് ആവുകയും ചെയ്തു. ധര്‍മജന്‍, സണ്ണി വെയ്ന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, വിജയ് ബാബു, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍ തുടങ്ങി ഒരു പിടി താരങ്ങളെക്കൊണ്ട് സമ്പന്നാമയിരുന്നു ചിത്രം. എന്നാല്‍ തിയേറ്ററില്‍ ക്ലിക്കായില്ല. രണ്ടാം ഭാഗത്തിലെ താരനിര്‍ണയം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. ഡിവിഡി റിലീസ് ആയതിന് പിന്നാലെയാണ് ആട് പ്രേക്ഷക പ്രീതി നേടുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രത്തിലെ ഡയലോഗുകളും പാട്ടുകളും വേഷങ്ങളും വ്യാപകമായി പ്രചരിക്കപ്പെട്ടു.  ട്രോളുകളിലും ആടിലെ രംഗങ്ങള്‍ സജീവമായി.

ഓണത്തിന് ക്യാമ്പസുകളില്‍ ഷാജി പാപ്പന്‍ വേഷം വിദ്യാര്‍ത്ഥികള്‍ ആഘോഷമായി ഉപയോഗിക്കുകയും ചെയ്തു. ഇതോടെ രണ്ടാം ഭാഗത്തിനുള്ള മുറവിളി ഓണ്‍ലൈനിലൂടെ സജീവമാവുകയായിരുന്നു. അതേസമയം സണ്ണിവെയ്‌നിനെ നായകനാക്കി ചെയ്യുന്ന അലമാരയാണ് മിഥുന്‍ മാനുവലിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. അടുത്ത മാസമാണ് ഇതിന്റെ റിലീസ്. ആടിന് ശേഷം ചെയ്ത ആന്‍മരിയ കലിപ്പിലാണ് എന്ന സണ്ണി വെയ്ന്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥി താരമായി അഭിനയിച്ചിരുന്നു.