ദോഹ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസിന് ഖത്തര്‍ എയര്‍വേയ്‌സ് തുടക്കംകുറിച്ചു. ക്യൂ.ആര്‍.920 ബോയിങ് 777220 എല്‍.ആര്‍ വിമാനം ഇന്നലെ രാവിലെ ദോഹയില്‍ നിന്നും ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡിലേക്ക് പുറപ്പെട്ടതോടെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് എന്ന നേട്ടം ഖത്തര്‍ എയര്‍വേയ്‌സിന് സ്വന്തമായി.

ഇന്നലെ പുലര്‍ച്ചെ നിശ്ചയിച്ചതിലും എട്ട് മിനിറ്റ് നേരത്തെ 5.02 നാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം പറന്നുയര്‍ന്നത്. അഞ്ച് രാജ്യങ്ങള്‍ പിന്നിട്ട് 16 മണിക്കൂര്‍ ഇരുപത് മിനിറ്റ് സഞ്ചരിച്ച് 9,032 മൈല്‍ താണ്ടി ഇന്ന് പ്രാദേശിക സമയം ഏഴരക്കായിരിക്കും വിമാനം ഓക്ക്‌ലാന്‍ഡിലെത്തുക. ഇതിനിടെ പത്ത് ടൈം സോണുകള്‍ വിമാനം പിന്നിടും. ആദ്യസര്‍വീസില്‍ എത്ര യാത്രക്കാര്‍ ഉണ്ടെന്നത് വ്യക്തമല്ല. നാല് പൈലറ്റും 15 കാബിന്‍ ക്രൂ ജീവനക്കാരും വിമാനത്തിലുണ്ട്. മോശം കാലാവസ്ഥകാരണം ഓക്ക്‌ലന്‍ഡില്‍ നിന്ന് വിമാനം തിരികെ ദോഹയിലെത്താന്‍ 17 മണിക്കൂര്‍ മുപ്പത് മിനിട്ടെടുക്കുമെന്ന് കമ്പനി വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എമിറേറ്റ്‌സിന്റെ നിലവിലെ റെക്കോര്‍ഡാണ് ഖത്തര്‍ എയര്‍വേയ്‌സ് മറി കടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് എമിറേറ്റ്‌സ് ദുബൈ- ഓക്ക്‌ലന്‍ഡ് സര്‍വീസിന് തുടക്കമിട്ടത്. 14,200 കിലോമീറ്ററാണ് (8.824) ദുബൈ-ഓക്ക്‌ലാന്‍ഡ് യാത്രാദൂരം.