ദോഹ: ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തി. ഖത്തര്‍- സഉദി അറേബ്യ അതിര്‍ത്തി പ്രദേശമായ അബു സംറയിലാണ് ഏറ്റവും കുറഞ്ഞ താപനില ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. 1964നു ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനിലയായ ഒന്നര ഡിഗ്രി െസല്‍ഷ്യസായിരുന്നു ഇന്നലെ രാവിലെ അബുസംറയിലെ താപനില. അബുസംറയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണു റെക്കോര്‍ഡ് താപനിലയെത്തിയത്.

ഇതിനുമുമ്പ് 1965 ജനുവരിയില്‍ മീസൈദിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, അന്ന് 3.8 ഡിഗ്രിസെല്‍ഷ്യല്‍സായിരുന്നു മീസൈദിലെ താപനില. ശക്തമായ തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ കടലില്‍ പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് രാജ്യത്ത് അതിശൈത്യം തുടങ്ങിയത്. വടക്ക് പടിഞ്ഞാറന്‍ കാറ്റും ശക്തമായിരുന്നു.

സൈബിരിയയിലെ അതിമര്‍ദത്തിന്റെ ഫലമായാണ് രാജ്യം അതിശൈത്യത്തിലമര്‍ന്നത്. ഞായറാഴ്ച രാവിലെ അബുസംറയില്‍ ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്.
രാവിലെ 5.40ന് മണിക്കൂറില്‍ പത്ത് നോട്ടിക്കല്‍ മൈലായിരുന്നു കാറ്റിന്റെ വേഗത, ആ സമയത്ത് 9.5 ഡിഗ്രിസെല്‍ഷ്യല്‍സായിരുന്നു താപനില. 6.10 ആയപ്പോഴേക്കും കാറ്റിന്റെ വേഗത മണിക്കൂറില്‍ 3.3 നോട്ടിക്കല്‍ മൈലായിരുന്നു. ആ സമയത്താണ് താപനില 1.5ഡിഗ്രിസെല്‍ഷ്യല്‍സിലേക്കെത്തിയത്.