പാലക്കാട്: മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തമിഴ്‌നാട് തുറന്നുവിട്ടതോടെ പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്. ചിറ്റൂര്‍, യാക്കര പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു.

എന്നാല്‍ വിവരം കേരളത്തെ അറിയിച്ചിരുന്നെന്നാണ് തമിഴ്‌നാട് പറയുന്നത്. ജലവിഭവ വകുപ്പിനെയും പാലക്കാട് ജില്ലാ ഭരണകൂടത്തെയും കഴിഞ്ഞയാഴ്ച രാത്രി വിവരം അറിയിച്ചിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് തഹസില്‍ദാര്‍ക്കോ വില്ലേജ് അധികൃതര്‍ക്കോ ഇതുസംബന്ധിച്ച വിവരം ലഭിച്ചില്ല.

രാവിലെ തന്നെ തീരത്തുള്ളവര്‍ വെള്ളം ഉയരുന്നത് കണ്ട് പരിഭ്രാന്തരായി. സംഭവിച്ചതെന്താണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. പല ഇടങ്ങളിലും വെള്ളം കയറി. പത്തു ദിവസം മുമ്പ് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്നും കഴിഞ്ഞ ദിവസം ഒരറിയിപ്പുമുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പാലക്കാട് തിരുവാലത്തൂരില്‍ നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ റോഡ് ഉപരോധിച്ചു. എന്നാല്‍ പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.