പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി ഇറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. സുപ്രീംകോടതി ജസ്റ്റിസ് യു യു ലളിത്, രവീന്ദ്ര ബട്ട്, ബെല എം തൃവേദി എന്നിവരുള്‍പ്പെടെയുള്ള ബെഞ്ചില്‍ നിന്നാണ് വിവാദ ഉത്തരവ് റദ്ദാക്കി ഉത്തരവിറക്കിയത്.

വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പോക്‌സൊ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരം ആവില്ല എന്ന് ആയിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 31 വയസ്സുള്ള ഒരു വ്യക്തി 12 വയസ്സുള്ള ഒരു കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ച ഒരു കേസുമായി ബന്ധപ്പെടുത്തി ആയിരുന്നു ബോംബെ ഹൈക്കോടതി അന്ന് അങ്ങനെ ഒരു വിധി പരാമര്‍ശം നടത്തിയത്. ഇതില്‍ പ്രതിക്ക് പോക്‌സോ കേസ് ചുമത്താതെ കേവലം ഒരു വര്‍ഷത്തെ തടവ് ശിക്ഷക്ക് മാത്രമാണ് ജഡ്ജി വിധിച്ചിരുന്നത്.

എന്നാല്‍ നിലവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമം തന്നെയാണെന്ന് കോടതി വ്യക്തമാക്കി. ലൈംഗിക ഉദ്ദേശമാണ് ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടത്,വിവാദ വിധിപ്രസ്താവം നടത്തിയ ബോംബെ ഹൈക്കോടതിയെ രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു.