ലഖ്നൗ: യുപി നോയ്ഡയില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് 45കാരനായ മുസ്‌ലിം ടാക്‌സി ഡ്രൈവറെ അടിച്ചു കൊന്നതായി ആരോപണം. നോയിഡ ത്രിലോക് പുരി സ്വദേശി അഫ്താബ് ആലമാണ് കൊല്ലപ്പെട്ടത്. ജയ് ശ്രീറാം വിളിക്കാത്തതിനാണ് കൊലപാതകത്തിന് കാരണമെന്ന കുടുംബത്തിന്റെ ആരോപണം പൊലീസ് നിഷേധിച്ചു.

പിതാവിന്റെ അവസാനത്തെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തിരുന്നതായും അതില്‍ ആഫ്താബിനോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാമായിരുന്നു എന്നും മകന്‍ സാബിര്‍ വെളിപ്പെടുത്തി.

ബുലന്ദ്ഷഹറില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രാ മധ്യേയാണ് രണ്ട് പേര്‍ അഫ്താബിന്റെ ടാക്സിയില്‍ കയറിയത്. കാര്‍ തട്ടിയെടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് ഇവര്‍ കാറില്‍ കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി ബാദല്‍പുര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാര്‍ ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ച ഉടന്‍ ദാദ്രി പൊലീസ് സംഭവസ്ഥലത്തെത്തി അഫ്താബിന്റെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ കണ്ടെത്തിയിരുന്നതായി നോയിഡ എ.സി.പി രാജിവ് കുമാര്‍ പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിയിലായിരുന്നു അഫ്താബ്. അക്രമികള്‍ രക്ഷപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച രാത്രി 7.57നാണ് തനിക്ക് പിതാവിന്റെ ഫോണ്‍ കോള്‍ ലഭിച്ചതെന്ന് അഫ്താബിന്റെ മകന്‍ പറഞ്ഞു. 8.39ന് വീണ്ടും കോള്‍ ലഭിച്ചു. ‘ജയ്ശ്രീം എന്ന് പറയൂ…’ ‘സഹോദരാ ജയ്ശ്രീം എന്ന് പറയൂ’ എന്ന് വ്യക്തമായി കേട്ടതായി സാബിര്‍ പറഞ്ഞു.

അക്രമികള്‍ എന്തോ വാങ്ങിക്കാനായി കടയില്‍ നിര്‍ത്തിയപ്പോള്‍ ഉണ്ടായ സംഭാഷണമാണിതെന്നും അഫ്താബിനോട് ആവശ്യപ്പെടുന്നതല്ല എന്നുമാണ് പൊലീസ് പറയുന്നത്. മറ്റൊരാളോടാണ് പ്രതികള്‍ സംസാരിച്ചത് എന്നും പൊലീസ് പറയുന്നു. മയൂര്‍വിഹാറിലാണ് കുടുംബം താമസിക്കുന്നത്. മകനും ടാക്‌സി ഡ്രൈവറാണ്.