സിസ്റ്റര്‍ അഭയ കേസില്‍ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334ാം നമ്പര്‍ തടവുകാരന്‍. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15ാം നമ്പര്‍ തടവുകാരിയാണു സിസ്റ്റര്‍ സെഫി.
കഴിഞ്ഞ ദിവസം ഇരുവരുടെയും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവാണെന്നു തെളിഞ്ഞെങ്കിലും മറ്റു ജില്ലയില്‍ നിന്നു വന്നതിനാല്‍ ഇരുവര്‍ക്കും 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചു.

സിസ്റ്റര്‍ സെഫിക്കൊപ്പം 5 പ്രതികള്‍ കൂടെയുണ്ട്. അതേ സമയം ഫാ. കോട്ടൂര്‍ ക്വാറന്റീനില്‍ ഒറ്റക്കാണ്. ജയിലില്‍ ഭക്ഷണം കഴിക്കാന്‍ സിസ്റ്റര്‍ സെഫി വിമുഖത കാട്ടിയിരുന്നു. ചൊവ്വാഴ്ച രാത്രി മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു.

കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2 പേരെയും ചൊവ്വാഴ്ച ഇതേ ജയിലുകളിലാണു പാര്‍പ്പിച്ചത്. ക്വാറന്റീന്‍ കാലയളവ് അവസാനിച്ചാല്‍ ഫാ. കോട്ടൂരിനെ സെല്‍ ബ്ലോക്കിലേക്കു മാറ്റും.

28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഭയ കൊലപാതക കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തി ഇരുവരെയും ജീവപര്യന്തം ശിക്ഷിക്കുന്നത്.