ജറൂസലം: ഇസ്രാഈല്‍ പട്ടാളക്കാര്‍ വെടിവെച്ചു കൊലപ്പെടുത്തിയ ഇബ്രാഹിം അബൂ തുറയ്യ ഫലസ്തീന്‍ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു. കാലുകള്‍ രണ്ടും നഷ്ടപ്പെട്ടിട്ടും ഇസ്രാഈല്‍ തോക്കുകള്‍ തീ തുപ്പുന്ന അതിര്‍ത്തിയിലെ പ്രക്ഷോഭ ഭൂമിയിലേക്ക് വീല്‍ചെയറില്‍ നിര്‍ഭയം കടന്നുചെല്ലുമായിരുന്ന ആ 29കാരന്‍ ഇനിയില്ല. പക്ഷെ, സ്വാതന്ത്ര്യ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്ന് തുറയ്യ ഫലസ്തീന്‍ മനസില്‍ എക്കാലവും ജീവിച്ചിരിക്കും. ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഒരു ഇസ്രാഈല്‍ പട്ടാളക്കാരന്‍ വീല്‍ ചെയറില്‍ ഇരിക്കുന്ന തുറയ്യയുടെ തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
2008ലെ ഇസ്രാഈല്‍ വ്യോമാക്രമണത്തിലാണ് അദ്ദേഹത്തിന്റെ കാലുകള്‍ തകര്‍ന്നത്. ഒരു വൃക്കയും നഷ്ടമായി. ആ വിപ്ലവകാരിയെ പിടിച്ചുകെട്ടാന്‍ ഇസ്രാഈലിന്റെ പോര്‍വിമാനങ്ങള്‍ക്കോ തോക്കുകള്‍ക്കോ സാധിച്ചില്ല. അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ അതിര്‍ത്തിയിലെ ഇലക്ട്രിസ്റ്റി പോസ്റ്റില്‍ കയറി തുറയ്യ ഫലസ്തീന്‍ പതാക കെട്ടി. ഡിംസബര്‍ ആറു മുതല്‍ തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. പതിനഞ്ചിനാണ് വെടിയേറ്റ് മരിച്ചത്. കൊല്ലപ്പെടുന്നതിനു മുമ്പ് ഇസ്രാഈല്‍ സേനക്ക് അയച്ച സന്ദേശത്തില്‍ തുറയ്യ ഇങ്ങനെ പറഞ്ഞു: ‘സയണിസ്റ്റ് അധിനിവേശ സേനക്കുള്ള സന്ദേശമാണിത്. ഇത് ഞങ്ങളുടെ മണ്ണാണ്. ഇവിടം ഉപേക്ഷിച്ചുപോകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അമേരിക്ക അതിന്റെ പ്രഖ്യാപനത്തില്‍നിന്ന് പിന്മാറണം.’
ശനിയാഴ്ച തുറയ്യയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്ത ജനക്കൂട്ടം ഫലസ്തീന്‍ മനസ്സില്‍ ആ യുവപോരാളിക്കുള്ള സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു. ഗസ്സയില്‍ അദ്ദേഹത്തിന്റെ ജനാസ കൊണ്ടുപോകുമ്പോള്‍ തെരുവുകള്‍ ജനസാഗരമായി. ഗസ്സയില്‍ എവിടെ ഇസ്രാഈല്‍ വിരുദ്ധ പ്രക്ഷോഭം നടക്കുമ്പോഴും ഫലസ്തീന്‍ പതാകയുമായി വീല്‍ചെയറില്‍ തുറയ്യ എത്തുമായിരുന്നു. ഇസ്രാഈല്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരിക്കുമ്പോഴും അദ്ദേഹത്തിന്റെ കൈയില്‍ ഫലസ്തീന്‍ പതാകയുണ്ടായിരുന്നുവെന്ന് അല്‍ജസീറയുടെ അലന്‍ ഫിഷര്‍ പറയുന്നു.