കൊച്ചി: അരൂര്‍കുമ്പളം പാലത്തില്‍ നിന്നും ജീപ്പ് കായലിലേക്ക് മറിഞ്ഞ് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. വാഹനത്തിന്റെ ഡ്രൈവര്‍ അരുക്കുറ്റി സ്വദേശി നിജാസ്, നേപ്പാള്‍ സ്വദേശികളായ മധു, ഹിമാല്‍, ശ്യാം, ഗോമാന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ അഞ്ചു പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്നലെ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് പാലത്തിന്റെ കൈവരി തകര്‍ത്ത് വാഹനം കായലിലേക്ക് പതിച്ചത്.വാഹനത്തിലുണ്ടായിരുന്ന ഒമ്പത് പേരില്‍ നാല് പേര്‍ നീന്തി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട ജീപ്പ് ഇന്നലെ പുലര്‍ച്ചെ 1.15ഓടെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് കായലില്‍നിന്ന് ഉയര്‍ത്തിയിരുന്നു. പന്തല്‍ നിര്‍മാണത്തൊഴിലാളികളായ ഇവര്‍ ബോള്‍ഗാട്ടി പാലസിലെ ജോലിക്കുശേഷം ചേര്‍ത്തല പാണാവള്ളിയിലെ താമസസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു ദുരന്തം.നേവി, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.