പാലക്കാട്: മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകും മുമ്പ് പീഡിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. രജീഷ് പോളിനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ ചെമ്പേരി സ്വദേശിയാണ് അറസ്റ്റിലായ രജീഷ്‌പോള്‍.

രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പടുത്തിയിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റില്‍ പറയുന്നു. ഇതോടടെ രജീഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്തെത്തിയത്. തുടര്‍ന്ന് കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

പരിയാരത്തെ വീട്ടില്‍ വെച്ചാണ് തന്നെ പീഡിപ്പിച്ചത് എന്നായിരുന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. സംഭവം നടന്നത് പരിയാരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പാലക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് രജീഷ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയക്കുകയുമായിരുന്നു.