മുംബൈ: ചെറുപ്രായത്തില്‍ താന്‍ ലൈംഗികചൂഷണത്തിന് വിധേയനായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടന്‍ അക്ഷയ്കുമാര്‍. കുട്ടിയായിരുന്നു ഒരു ലിഫ്റ്റ് ഓപ്പറേറ്ററാണ് തന്നോട് മോശമായി പെരുമാറിയതെന്ന് താരം തുറന്നുപറയുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അക്ഷയ്കുമാര്‍ തന്റെ ദുരനുഭവം തുറന്നടിച്ചത്. മാതാപിതാക്കളുമായി നല്ല അടുപ്പമുണ്ടായിരുന്നതിനാല്‍ ഇക്കാര്യം അവരോട് പുറഞ്ഞുവെന്നും അക്ഷയ് പറയുന്നു. പിന്നീട് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ തന്നോട് മാത്രമല്ല ആ ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും പലരോടും ഇതേ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും കണ്ടെത്തിയതായി അക്ഷയ്കുമാര്‍ പറഞ്ഞു.
ആക്രമണത്തിനു ഇരയാകുമ്പോള്‍ അത് തങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ളവരോട് തുറന്നുപറയണം. കുറ്റക്കാരെ കണ്ടെത്താനും സംഭവം ആവര്‍ത്തിക്കാതിരിക്കാനും ഇത് സഹായിക്കുമെന്നും അക്ഷയ്കുമാര്‍ പറഞ്ഞു. സമാനരീതിയില്‍ തന്റെ മകന്‍ ആരവിനും സെക്യൂരിറ്റി ഗാര്‍ഡില്‍ നിന്ന് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായിരുന്നുവെന്നും അക്ഷയ് പറഞ്ഞു. അന്ന് അയാളെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നും താരം പറഞ്ഞു.