ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനും ഭാര്യ കാവ്യമാധവനും ഇന്ന് നിര്‍ണ്ണായക ദിവസം. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പറയും. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, കാവ്യമാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്റ്റിനുള്ള സാധ്യതയെ തുടര്‍ന്നാണ് കാവ്യ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ബി.രാമന്‍പിള്ളയാണ് കാവ്യയുടെ അഭിഭാഷകന്‍. ദിലീപിന് ജാമ്യം നല്‍കുന്നത് പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ അപേക്ഷയില്‍ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം നാദിര്‍ഷായെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തിരുന്നു. താനും ദിലീപും കേസില്‍ നിരപരാധിയാണെന്ന് ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു.