തന്റെ പേരില്‍ ഉയര്‍ന്നുവന്ന സ്ത്രീപീഡനക്കേസ് ജീവിതത്തെ ശുദ്ധീകരിച്ചുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. കേസ് വന്നതോടെ തന്റെ കൂടെ ഇനി ആരൊക്കെയുണ്ടാകുമെന്ന് കൃത്യമായി അറിയാമെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.

സ്ത്രീപീഡന വിവാദത്തെക്കുറിച്ച് പറയണമെന്നുണ്ട്. എന്നാല്‍ കേസിന്റെ വിചാരണ നടക്കാനിരിക്കുന്നത് കൊണ്ട് അതിനെപ്പറ്റി സംസാരിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ‘ആ കേസ് വന്ന സമയം എന്റെ ജീവിതത്തിലെ ഏറ്റവും പോസിറ്റീവ് ആയ സമയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സിനിമകള്‍ വിജയിക്കുന്നു, എന്നെക്കുഖിച്ച് ആളുകള്‍ നല്ലത് പറയുന്നത്. ചില സമയത്ത് നമ്മള്‍ വിചാരിക്കും നമുക്ക് ഇത്രയും കൂട്ടുകാര്‍ ഉണ്ട്. എന്തുവന്നാലും അവര്‍ കൂടെ തന്നെ ഉണ്ടാകുമെന്നൊക്കെ’- ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

ഇനി തന്റെ ജീവിതത്തില്‍ ആരൊക്കെയുണ്ടാകുമെന്നും താന്‍ ഫോണ്‍ വിളിച്ചാല്‍ ആരൊക്കെ ഫോണ്‍ എടുക്കുമെന്നും അറിയാമെന്നും താരം പറഞ്ഞു. കേസിന് മുമ്പ് തനിക്ക് നൂറ്റമ്പതോളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് വല്ലാതെ ചുരുങ്ങി. ജീവിതം ശരിക്കും ശുദ്ധീകരിക്കപ്പെട്ടു. ഈ മുപ്പത്തിയൊന്നാം വയസ്സില്‍ ഇങ്ങനെയൊന്ന് ഉണ്ടാവേണ്ടത് തന്നെപ്പോലൊരാള്‍ക്ക് ആവശ്യമായിരുന്നു. ജീവിതത്തില്‍ താന്‍ വിചാരിച്ച ആളുകളൊന്നും കൂടെയില്ലെന്ന് താനിപ്പോള്‍ തിരിച്ചറിയുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.