ചെന്നൈ: ആരാധകരോടുള്ള തമിഴ് നടന്‍ വിജയ് സേതുപതിയുടെ സ്‌നേഹവും സമീപനവും പറഞ്ഞറിക്കാനാവാത്തതാണ്. ആരാധകരില്ലെങ്കില്‍ ഞാനില്ല എന്നു എപ്പോഴും പറയുന്ന സേതുപതി ഫോട്ടോയെടുക്കാനായി ആരാധകനൊപ്പം നിലത്തിരിക്കുന്ന നടന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ . ജീവിതത്തില്‍ വളരെ സിംപ്ലിസിറ്റി ആഗ്രഹിക്കുകയും അതു തന്റെ പ്രവൃത്തിയിലും കാണിക്കുന്ന താരത്തിന് നല്‍കിയ ഓമനപ്പേരാണ് മക്കള്‍ സെല്‍വന്‍.

അംഗവൈകല്യമുളള ആരാധകനൊപ്പം ഫോട്ടോയെടുക്കാനാണ് ഇത്തവണ വിജയ് സേതുപതി നിലത്തിരുന്നത്. നിലത്തിരുന്ന വിജയ് ആരാധകന്റെ ഫോണ്‍ കൈയ്യില്‍ വാങ്ങുകയും അതിനുശേഷം ആരാധകന്റെ കവിളില്‍ ഉമ്മവച്ച് സെല്‍ഫിയെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സേതുപതിയുടെ പിറന്നാളായിരുന്നു. ആരാധകര്‍ക്കൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിജയ് തന്റെ കടുത്ത ആരാധകനെ കണ്ടുമുട്ടിയതെന്നും ഒപ്പം സെല്‍ഫി പകര്‍ത്തിയതെന്നുമാണ് നിഗമനം. ഇതാണ് തങ്ങളുടെ മക്കള്‍ സെല്‍വനെന്ന് പറഞ്ഞാണ് പലരും ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. താഴ്മയുളള വ്യക്തിയാണ് വിജയ് സേതുപതിയെന്നും മറ്റു താരങ്ങളില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഇതാണെന്നും ചിലരുടെ കമന്റ്.

കൂറെക്കാലം ചെറിയ വേഷങ്ങിലൂടെ അഭിനയ ജീവിതം മുന്നോട്ടു നയിച്ച സേതുപതി 2012ല്‍ പുറത്തിറങ്ങിയ പിസ്സ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയമാകുന്നത്. ഇപ്പോള്‍ വിലപ്പിടിപ്പുള്ള താരങ്ങളില്‍ മുന്‍പന്തിയിലാണ് സേതുപതിയുടെ സ്ഥാനം. നേരത്തെ ഷൂട്ടിങ് സെറ്റുകളില്‍ വിജയ് നിലത്തിരിക്കുന്ന ചിത്രങ്ങളും വിജയ് സേതുപതിയെ ഉമ്മ വയ്ക്കുന്ന ആരാധകന്റെ ചിത്രവും ഇതിനു മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.