ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണ നടപടികളില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വീണ്ടും ഇടഞ്ഞു നില്‍ക്കുന്ന നാല് മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കാലത്ത് 10 മണിയോടെയാണ് സുപ്രീംകോടതി മന്ദിരത്തില്‍ വച്ച് മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തിയത്. 10-15 മിനുട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടു നിന്നത്. 10.30ന് സാധാരണ പോലെ സുപ്രീംകോടതിയില്‍ കേസ് വാദം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ഈ മാസം 13നാണ് ചീഫ് ജസ്റ്റിസനെതിരെ പരസ്യ വിമര്‍ശനങ്ങളുമായി പരമോന്നത നീതിപീഠത്തിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. സുപ്രധാന കേസുകള്‍ വാദം കേള്‍ക്കുന്നതിനുള്ള ബെഞ്ചുകള്‍ നിശ്ചയിക്കുന്നതില്‍ പക്ഷപാതം നടക്കുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു പിന്നാലെ നാല് മുതിര്‍ന്ന ജഡ്ജിമാരേയും ഒഴിവാക്കി ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ച് പുനഃസ്ഥാപിച്ചത് സ്ഥിതിഗതികള്‍ വിഷളാക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിനായി മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് ചീഫ് ജസ്റ്റിസ് മുതിര്‍ന്ന ജഡ്ജിമാരെ കാണുന്നത്. അതേസമയം ഇന്നലെ നടന്ന ചര്‍ച്ചയിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വിവരം. ബുധനാഴ്ച ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജസ്റ്റിസ് ചെലമേശ്വര്‍ കോടതിയില്‍ എത്താതിനാല്‍ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ നേതൃത്വത്തിലും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച ഏഴംഗ മധ്യസ്ഥ സംഘത്തിന്റെ നേതൃത്വത്തിലും നേരത്തെ പ്രശ്‌ന പരിഹാരത്തിനായി ഇരു പക്ഷവുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിനിടെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതും ചര്‍ച്ചയാക്കുന്നതും രാഷ്ട്രീയവല്‍ക്കരിക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നലെ നിരസിച്ചു. വിശദീകരണങ്ങളൊന്നുമില്ലാതെയാണ് ഹര്‍ജി കോടതി തള്ളിയത്.